ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും ഗുരുതരമായ ഒന്നാണ് പ്രമേഹം. പഞ്ചസാരയുടെ അമിത ഉപയോഗം, പാരമ്പര്യം, ഇൻസുലിന് ശരിയായ രീതിയിൽ പ്രവർത്തിക്കാതെ വരുക, ഇൻസുലിന്‍റെ ഉത്പാദനം കുറയുക തുടങ്ങിയവയെല്ലാം പ്രമേഹത്തിന് കാരണമാകുന്ന ഘടകങ്ങളാണ്. പ്രമേഹ രോഗികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. രോഗം സങ്കീർണമാകാതിരിക്കാൻ ഇത് സഹായിക്കും. ചിട്ടയായ ഭക്ഷണക്രമം, വ്യായാമം എന്നിവയിലൂടെ ഒരു പരിധിവരെ പ്രമേഹം പിടിച്ചു നിർത്താനാകും. ഡ്രൈ ഫ്രൂട്‌സ് പോലുള്ള ആരോഗ്യകരമായ ലഘു ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. എന്നാൽ ഡ്രൈ ഫ്രൂട്‌സ് തെരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ചില ഡ്രൈഫ്രൂട്ടുകൾ വിപരീത ഫലം ചെയ്യും. നാരുകൾ ധാരാളം അടങ്ങിയതും ഗ്ലൈസമിക് സൂചിക കുറഞ്ഞതുമായ ഡ്രൈഫ്രൂട്ടുകൾ വേണം പ്രമേഹ രോഗികൾ കഴിക്കാൻ. പ്രമേഹ രോഗികൾക്ക് കഴിക്കരുതാത്ത അഞ്ച് ഡ്രൈ ഫ്രൂട്ട്സ് ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം.
ഈന്തപഴം
ഉണക്കിയ ഈന്തപ്പഴത്തിൽ ഉയർന്ന അളവിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇതിൽ ഉയർന്ന ഗ്ലൈസമിക് സൂചിക ഉണ്ടെന്ന് 2014-ൽ ഡയബറ്റിസ് & മെറ്റബോളിക് സിൻഡ്രോമിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. അതിനാൽ പ്രമേഹ രോഗികൾ ഈന്തപ്പഴം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
ഉണക്കമുന്തിരി
ഉണക്കമുന്തിരിയിൽ ആൻ്റി ഓക്‌സിഡൻ്റുകളും നാരുകളും അടങ്ങിയിട്ടുണ്ടെങ്കിലും ഇതിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് ദി ജേർണൽ ഓഫ് ന്യൂട്രീഷൻ നടത്തിയ ഒരു പഠനം കണ്ടെത്തി. അതിനാൽ പ്രമേഹം രോഗികൾ ഉണക്കമുന്തിരി കഴിക്കാതിരിക്കുക.
ഉണക്കിയ അത്തിപ്പഴം
അത്തിപ്പഴത്തിൽ 60 ശതമാനത്തോളം പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് വർധിപ്പിക്കാൻ കാരണമാകും. അത്തിപ്പഴത്തിലെ ഗ്ലൈസെമിക് സൂചിക വളരെ കൂടുതലാണെന്ന് ദി ജേർണൽ ഓഫ് മെഡിസിനൽ ഫുഡിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. അതിനാൽ അത്തിപ്പഴവും പ്രമേഹ രോഗികൾ ഒഴിവാക്കേണ്ട ഡ്രൈ ഫ്രൂട്ടാണ്.