2024-25 സാമ്പത്തിക വർഷത്തെ റെയിൽവേ ബജറ്റിൽ കേരളത്തിലെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിനായി 3011 കോടി രൂപ കേന്ദ്ര സർക്കാർ വകയിരുത്തിയിരുന്നു. സംസ്ഥാനങ്ങളിൽ, ഉത്തർപ്രദേശിനാണ് ഏറ്റവും കൂടുതൽ ബജറ്റ് വിഹിതം ലഭിച്ചത്, 19,849 കോടി രൂപ. മഹാരാഷ്‌ട്ര (15,940 കോടി രൂപ), മധ്യപ്രദേശ് (14,738 കോടി രൂപ), പശ്ചിമ ബംഗാൾ (13,941 കോടി രൂപ) എന്നിങ്ങനെയാണ് ബജറ്റ് വിഹിതം. അതേസമയം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് 10,376 കോടി രൂപയാണ് നീക്കിവെച്ചത്. 2024-25 സാമ്പത്തിക വർഷത്തിൽ ജമ്മു കശ്‌മീരിനുള്ള വിഹിതം 3694 കോടി രൂപയാണ്.
2014 മുതൽ, കേരളത്തിൽ ഫണ്ട് വിഹിതത്തിലും പദ്ധതികളുടെ കമ്മീഷൻ ചെയ്യലിലും ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. അടിസ്ഥാന സൗകര്യ വികസനത്തിനും സുരക്ഷാ പ്രവർത്തനങ്ങൾക്കും കേരള സംസ്ഥാനത്തിനുള്ള ശരാശരി വാർഷിക ബജറ്റ് വിഹിതം ഇങ്ങനെയാണ്.
കാലഘട്ടം | അനുവദിച്ച വിഹിതം | 2009-14 ലെ വിഹിതത്തിൽ നിന്നുള്ള വ്യത്യാസം |
2009-14 | 372 crore/year | |
2014-19 | 950 crore/year | 2.5 times |
2019-2024 | 1,268 crore/year | 3.4 times |
2024-25 | 3011 crore | 8 times |
09.02.2024 ന് രാജ്യസഭയില്‍ നക്ഷത്ര ചിഹ്നമില്ലാത്ത 917-ാമത് ചോദ്യത്തിന് ലഭിച്ച ഉത്തരം.
സംസ്ഥാനത്തിന് ലഭിച്ച റെയിൽവേ അടിസ്ഥാന സൗകര്യ, സുരക്ഷാ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് വിഹിതം
കാലഘട്ടം | ബജറ്റ് വിഹിതം |
2019-20 | 667Cr. |
2020-21 | 688 Cr. |
2021-22 | 1866 Cr. |
2022-23 | 1085Cr. |
2023-24 | 2033 Cr. |
09.02.2024 ന് രാജ്യസഭയില്‍ നക്ഷത്രചിഹ്നമില്ലാത്ത 917-ാ മത് ചോദ്യത്തിന് ലഭിച്ച ഉത്തരം.
പുതിയ ട്രാക്കുകളുടെ ദൂരം
കാലഘട്ടം | കമ്മീഷൻ ചെയ്‌ത ആകെ ട്രാക്കുകള്‍ |
2009-14 | 53 Km |
2014-23 | 125 Km |
09.02.2024 ന് രാജ്യസഭയില്‍ നക്ഷത്രചിഹ്നമില്ലാത്ത 917-ാമത് ചോദ്യത്തിന് ലഭിച്ച ഉത്തരം.
2009-14 വരെയുള്ള കാലയളവും 2019 മുതലുള്ള കാലയളവും താരതമ്യം ചെയ്‌താൽ കേരളത്തിന് അനുവദിച്ച വാർഷിക ഫണ്ടിൽ വലിയ വർദ്ധനവ് ഉണ്ടായതായി കാണാൻ കഴിയും. എന്നാൽ ഈ തുക കേരളത്തിലെ റെയിൽവേ വികസനത്തിന് പര്യാപ്‌തമല്ല എന്നതാണ് വസ്‌തുത.
പല പദ്ധതികളും പൂർത്തിയാകുന്നില്ല എന്നു മാത്രമല്ല, ജനറൽ കോച്ചുകളിൽ നിന്നുതിരിയാന്‍ പോലും സ്ഥലമില്ല എന്നതാണ് അവസ്ഥ. സ്ലീപ്പറുകൾ അതിവേഗത്തിൽ ബുക്ക് ചെയ്‌ത് തീരുന്നത് കേരളത്തിൽ ആവശ്യമായ സൗകര്യങ്ങളില്ലെന്ന വസ്‌തുതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. തീരദേശ മേഖലയെ റെയിൽ വഴി പൂർണ്ണമായും ബന്ധിപ്പിക്കാൻ കഴിയാത്തതും കേരളത്തിലെ റെയിൽ ഗതാഗതത്തിന്‍റെ പോരായ്‌മ കൂടിയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പദ്ധതികളുടെ പുരോഗതി
ശബരിമല റെയിൽ റൂട്ട്: ശബരിമല റൂട്ടിനായി 100 കോടി രൂപ അനുവദിച്ചത് 2024-25 ലെ കേന്ദ്ര ബജറ്റിൽ നിലനിർത്തിയിട്ടുണ്ട്. എന്നാൽ ശബരി റെയിൽ പാത നിലവിൽ അനിശ്ചിതത്വത്തിലാണ്. കേന്ദ്രം മുന്നോട്ടുവച്ച ത്രികക്ഷി കരാർ നിർദേശത്തോട് സംസ്ഥാന സർക്കാർ ശരിയായി പ്രതികരിക്കാത്തതിനാൽ ശബരി റെയിൽവേയുമായി ബന്ധപ്പെട്ട നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം വ്യക്തമാക്കുകയായിരുന്നു.
ഡിസംബറിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ത്രികക്ഷി കരാറിൽ ഒപ്പുവക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തു. എന്നാൽ, കേന്ദ്ര സർക്കാരിനെ ഇതുവരെ ഇക്കാര്യം അറിയിച്ചിട്ടില്ല. പദ്ധതിക്ക് ആവശ്യമായ ആകെ 303.58 ഹെക്‌ടർ ഭൂമിയിൽ ഇതുവരെ 24.40 ഹെക്‌ടർ ഭൂമി ഏറ്റെടുത്തു കഴിഞ്ഞു. പദ്ധതിക്കായി 101.58 കോടി രൂപ നൽകിയതായി ദക്ഷിണ റെയിൽവേയും പ്രഖ്യാപിച്ചു. ഭൂമി ഏറ്റെടുക്കലിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളും പകുതി തുകയുടെ ചെലവിനോട് സംസ്ഥാന സർക്കാർ പ്രതികരിക്കാത്തതുമാണ് പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസത്തിന് പ്രധാന കാരണമെന്ന് റെയിൽവേ ചൂണ്ടിക്കാട്ടുന്നു.
3,810 കോടി രൂപയുടെ എസ്‌റ്റിമേറ്റ് നിലവിൽ റെയിൽവേയുടെ പരിഗണനയിലാണ്. അതേസമയം, പദ്ധതി ഇരട്ടിയാക്കി പമ്പ വരെ നീട്ടണമെന്ന് റെയിൽവേ ആവശ്യപ്പെട്ടു. പദ്ധതി ഇരട്ടിയാക്കുമ്പോൾ ചെലവ് 9,600 കോടി രൂപയായി ഉയരും. ഈ വിഹിതത്തിന്‍റെ പകുതി, 4,500 കോടി രൂപ കണ്ടെത്തുന്നത് കേരളത്തിന് എളുപ്പമാകില്ല എന്നതും പദ്ധതിക്ക് തിരിച്ചടിയാണ്. 1997-98 ലെ റെയിൽവേ ബജറ്റിലാണ് ശബരി റെയിൽ പദ്ധതി ആദ്യം മുന്നോട്ടുവച്ചത്. പദ്ധതി നിരവധി തടസങ്ങൾ നേരിട്ടിട്ടാണ് ഇവിടെ എത്തി നില്‍ക്കുന്നത്.
ലൈൻ ഇരട്ടിപ്പിക്കലും പുതിയ പാതയും: 2024-25 ലെ കേന്ദ്ര ബജറ്റിൽ, 1516 കോടി രൂപ ചെലവ് പ്രതീക്ഷിച്ചിരുന്ന ഷൊർണൂർ - എറണാകുളം മൂന്നാം പാതയ്ക്ക് 5 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. തിരുവനന്തപുരം - കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനായി അനുവദിച്ച 808 കോടി രൂപ 365 കോടി രൂപയായി കുറച്ചു. എറണാകുളം-കുമ്പളം രണ്ടാം പാതയ്ക്ക് 105 കോടിയും, കുമ്പളം - തുറവൂർ രണ്ടാം പാതയ്ക്ക് 102 കോടിയും അനുവദിച്ചു. തിരുവനന്തപുരം - കന്യാകുമാരി പാത ഈ വർഷം പൂർത്തിയാകുമെന്ന് റെയിൽവേ മന്ത്രി പറഞ്ഞിരുന്നു. എന്നാൽ, ഈ വർഷം അവസാനത്തോടെ സംസ്ഥാനം ഭൂമി നൽകിയാൽ അമ്പലപ്പുഴ - തുറവൂർ, തിരുവനന്തപുരം - കന്യാകുമാരി റൂട്ടുകളിലെ നിർണായക പാതകളിലെ പാത ഇരട്ടിപ്പിക്കൽ 2026 ൽ പൂർത്തിയാകുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നതെന്നാണ് ദക്ഷിണ റെയിൽവേ ഡിവിഷണൽ റെയിൽവേ മാനേജർ മനീഷ് തപ്ല്യാൽ പറഞ്ഞത്.
ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിങ്ങും (എബിഎസ്) 'കവചും': കേരളത്തിലെ ഷൊർണൂർ - എറണാകുളം റെയിൽവേ ലൈനിൽ ഒരു ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിങ് സിസ്‌റ്റം സ്ഥാപിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ, ഓട്ടോമാറ്റിക് സിഗ്നലിങ് സിസ്‌റ്റത്തിന്‍റെ ഇൻസ്‌റ്റളേഷൻ പുരോഗമിക്കുകയാണ്. രണ്ട് വർഷത്തിനുള്ളിൽ ഇത് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ റൂട്ടിൽ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിങ് (എബിഎസ്) സിസ്‌റ്റം നടപ്പിലാക്കുന്നതിനാൽ, 'കവച്' സിസ്‌റ്റവും നടപ്പിലാക്കും. ഇതോടെ 160 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾക്ക് ഓടാനാകും. 'കവച്' സിസ്‌റ്റത്തിനായുള്ള ടെൻഡർ പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. 67.99 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി പ്രവൃത്തി ആരംഭിച്ച് 540 ദിവസത്തിനുള്ളിൽ പൂർണ്ണമായും സ്ഥാപിക്കുമെന്ന് ഒരു മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.
സെക്ഷനിലുടനീളം ടെലികോം ടവറുകൾ സ്ഥാപിക്കൽ, RFID ടാഗുകൾ, ട്രാക്കിൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കൽ, ലോക്കോമോട്ടീവുകളിലും സ്‌റ്റേഷനുകളിലും പ്രത്യേക ജിപിഎസ് ഉപകരണങ്ങൾ നൽകൽ തുടങ്ങിയ പ്രവർത്തനങ്ങൾ കവച് പദ്ധതിയിൽ ഉൾപ്പെടുന്നു.
നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ:
പദ്ധതി | അംഗീകാരം ലഭിച്ച തീയതി | യഥാർത്ഥ ചെലവ് | പ്രതീക്ഷിക്കുന്ന ചെലവ് | ചെലവ് |
തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ | 2/2015 | 1431.9 | 3785.45 | 3097.41 |
എറണാകുളം-കുമ്പളം - പാച്ച് ഡബ്ലിങ് (7.71 കി.മീ) | 12/2010 | 600.82 | 595.39 | 270.57 |
കുമ്പളം - തുറവൂർ പാച്ച് ഇരട്ടിപ്പിക്കല്‍ (15.59 കി.മീ) | 12/2011 | 812.85 | 802.8 | 258.69 |
2011-ൽ അംഗീകാരം ലഭിച്ച കുമ്പളം - തുറവൂർ - പാച്ച് ഡബ്ലിങ് പദ്ധതി 2023-ൽ പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ 40 മാസം വൈകി, 2026 ഡിസംബറിൽ പൂർത്തിയാകുമെന്നാണ് ഏറ്റവും പുതിയ വിവരം.
Also Read: ലോക്കോ പൈലറ്റുമാരുടെയും അസിസ്റ്റന്‍റ് ലോക്കോ പൈലറ്റുമാരുടെയും നൈപുണ്യ വികസനത്തിന് ഗ്യാന്‍വാപി ആപ്പ് - GYAANVAAPI APP