ന്യൂഡൽഹി: ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയ്ക്ക് നിർണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങളുടെ ഭാവിയുമായി നേരിട്ട് ബന്ധപ്പെട്ടു നടക്കുന്ന ചർച്ചകളിൽ യുവാക്കൾ ചർച്ചകളിൽ സജീവമായി പങ്കെടുക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു. രാജ്യ തലസ്ഥാനത്ത് നാഷണൽ കേഡറ്റ് കോർപ്‌സ് (എൻസിസി) റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"സ്വാതന്ത്ര്യാനന്തരം വളരെക്കാലത്തേക്ക് കേന്ദ്ര-സംസ്ഥാന, തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടന്നു. എന്നാൽ കാലക്രമേണ ഈ രീതി തകർന്നു. ഇത് രാജ്യത്തിന് ഗൗരവതരമായ വെല്ലുവിളികൾ സൃഷ്ടിച്ചു," - നരേന്ദ്ര മോദി പറഞ്ഞു.
ഇടക്കിടയ്‌ക്ക് തെരഞ്ഞെടുപ്പുകൾ നടക്കുന്ന നിലവിലെ സാഹചര്യം ഭരണത്തെയും വികസനത്തെയും തടസപ്പെടുത്തുന്നുവെന്ന് മോദി എടുത്തുപറഞ്ഞു. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നത് തടസരഹിതവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ളതുമായ ഭരണം സാധ്യമാക്കുമെന്നും മോദി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യയുടെ വരുംകാല രാഷ്‌ട്രീയ ഭൂപ്രകൃതി രൂപപ്പെടുത്തുന്നതിന് യുവാക്കൾ ചർച്ചകളിൽ പങ്കെടുക്കുന്നത് അത്യന്താപേക്ഷിതമാണ്. ഇന്ത്യയുടെ തെരഞ്ഞെടുപ്പുകളുടെ ആവൃത്തി മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഭരണ കാലം വ്യക്തമായി നിർവചിക്കും വിധമാണ് അമേരിക്കയിൽ പോലും തെരഞ്ഞെടുപ്പ് ചക്രം ക്രമീകരിച്ചിരിക്കുന്നതെന്ന് മോദി ചൂണ്ടിക്കാട്ടി.
"യുഎസ് പോലുള്ള രാജ്യങ്ങളിൽ ഓരോ നാല് വർഷത്തിലും തെരഞ്ഞെടുപ്പുകൾ നടക്കുന്നു, അവിടെ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള തീയതികൾ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണ്." - പ്രധാനമന്ത്രി പറഞ്ഞു.
നവീന ആശയങ്ങളുമായി കൂടുതൽ യുവാക്കൾ രാഷ്‌ട്രീയത്തിലേക്ക് വരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു ലക്ഷം യുവാക്കൾ രാഷ്‌ട്രീയത്തിൽ ചേരണമെന്ന് താൻ ചെങ്കോട്ടയിലെ പ്രസംഗത്തിൽ പറഞ്ഞിരുന്നതായി ഓർത്തെടുത്ത പ്രധാനമന്ത്രി, ഇന്ത്യയിലെ യുവാക്കൾ ഇല്ലാതെ ലോകത്തിന്‍റെ ഭാവി സങ്കൽപ്പിക്കാൻ കഴിയില്ലെന്നും പറഞ്ഞു. അതുകൊണ്ടാണ് താന്‍ യുവാക്കഴെ ആഗോള നന്മയ്ക്കുവേണ്ടിയുള്ള ശക്തി എന്ന് വിളിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.