തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ അനിശ്ചിതകാല സമരത്തിൽ നിന്ന് പിന്മാറി. നാളെ മുതൽ സാധാരണ പോലെ റേഷൻ കടകൾ പ്രവർത്തിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ തലസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വേതന പാക്കേജ് വിശദമായി പഠിച്ചതിന് ശേഷം അംഗീകരിക്കാമെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി.
ഡിസംബർ മാസത്തെ ശമ്പളം നാളെത്തന്നെ നൽകുമെന്ന് വ്യാപാരികൾക്ക് ധനമന്ത്രിയും ഉറപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് ഭക്ഷ്യമന്ത്രി വ്യാപാരികളുമായി വീണ്ടും ചർച്ച നടത്തിയത്. എഐടിയുസി ഉൾപ്പെടെ 5 സംഘടനകൾ ചേർന്ന റേഷൻ വിതരണ മേഖലയിലെ കോർഡിനേഷൻ കമ്മിറ്റിയായിരുന്നു ഇന്ന് രാവിലെ മുതൽ കടയടച്ച് സമരം ചെയ്‌തിരുന്നത്. അവരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്‌ത് വരികയായിരുന്നു.
ഓരോ മാസത്തേയും കമ്മിഷൻ അടുത്ത മാസം 15ന് മുമ്പ് നൽകുക, കമ്മിഷൻ പരിഷ്‌കരണത്തെ കുറിച്ചുള്ള ചർച്ചകളും അത് സംബന്ധിച്ച തീരുമാനം എന്നീ രണ്ട് വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇന്നത്തെ സമരം. അതാത് മാസങ്ങളിൽ 10നും 15നും ഇടയിൽ കമ്മിഷൻ ലഭിക്കുന്ന നിലയിൽ ഇടപെടൽ നടത്താമെന്നും കമ്മിഷൻ പരിഷ്‌കരണം മാർച്ചിൽ ആരംഭിക്കുമെന്ന് ഉറപ്പ് നൽകി.
ഇന്ന് മുതൽ തന്നെ കഴിയുന്നത്ര സ്ഥലങ്ങളിലെ കടകൾ തുറന്നു പ്രവർത്തിക്കാൻ നിർദേശം നൽകി. പലരും സമരവുമായി ബന്ധപ്പെട്ട് വിവിധ ജില്ല കേന്ദ്രങ്ങളിലാണ്. അതുകൊണ്ട് ഇന്ന് തുറക്കാൻ പ്രയാസമുള്ളവര്‍ നാളെ തന്നെ റേഷൻ കടകൾ തുറക്കുമെന്നാണ് സമ്മതിച്ചത്. സിവിൽ സർവീസ് കമ്മിഷണറേറ്റിലെ സീനിയർ കണ്‍ട്രോള്‍ ഉദ്യോഗസ്ഥരായ മൂന്നാംഗ കമ്മിഷനെ ചുമതലപ്പെടുത്തി ഇവർ സംഘടനകളുമായും വ്യക്തികളുമായി ചർച്ചകൾ നടത്തി മാറ്റങ്ങൾ അടങ്ങിയ റിപ്പോർട്ടാണ് നൽകിയത്. അതിൽ 20 നിർദേശങ്ങളുണ്ട്. ഇതിൽ 18 നിർദേശങ്ങളും നടപ്പിലാക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
റേഷൻ വ്യാപാരികൾ സമരം തുടങ്ങി മണിക്കൂറുകൾ പിന്നിടും മുമ്പേ അനുനയ നീക്കവുമായി സർക്കാർ ഇടപെടൽ. സമരം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ ഭക്ഷ്യമന്ത്രി നേരിട്ട് വ്യാപാരികളെ ചർച്ചയ്ക്ക് വിളിച്ചു. എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണനും സമരം അവസാനിപ്പിക്കണമെന്ന് വ്യാപാരികളോട് ആവശ്യപ്പെട്ടു.
വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി. കമ്മിഷൻ തുക കൂട്ടുന്നതിൽ മാർച്ച് മാസം അന്തിമ തീരുമാനമെന്ന് മന്ത്രി ജിആർ അനിൽ പറഞ്ഞു. ചർച്ചയിൽ സംതൃപ്‌തരെന്ന് റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ജോണി നെല്ലൂർ ഇടിവി ഭാരതിനോട് പറഞ്ഞു. ഭക്ഷ്യമന്ത്രിയുടെ വാശിയാണ് സമരത്തിലേക്ക് നയിച്ചത്.
സമരത്തിന് പിന്തുണ അറിയിച്ച് 5 സംഘടനകളുടെയും റേഷൻ വ്യാപാരികൾ കടകൾ പൂർണമായും അടച്ചിട്ടു. പതിനാലായിരത്തോളം റേഷൻ കടകളിൽ 200 താഴെ കടകൾ മാത്രമാണ് ഇന്ന് തുറന്നു പ്രവർത്തിച്ചത്. നാളെയോടെ അടുത്ത മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകളിൽ എത്തിക്കും.
Also Read: വയറ്റിൽ രാധയുടെ വസ്ത്രവും കമ്മലും മുടിയും; കടുവയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി