തിരുവനന്തപുരം: കൃഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ കേര ഫെഡ് പുറത്തിറക്കുന്ന ഉത്‌പന്നമാണ് കേരള എന്ന ബ്രാന്‍ഡിലുള്ള വെളിച്ചെണ്ണ. ഗുണമേന്മയും വിശ്വാസ്യതയും ഇതിനകം നേടിക്കഴിഞ്ഞ ഈ ഉത്‌പന്നം ജനങ്ങള്‍ തേടിപ്പിടിച്ച് വാങ്ങുന്നതും ഇക്കാരണത്താലാണ്. എന്നാല്‍ കേരയുടെ ജനപ്രീതി മനസിലാക്കി പല പേരുകളിലുള്ള വ്യാജന്മാര്‍ ഉപഭോക്താക്കളില്‍ തെറ്റിദ്ധാരണയുണ്ടാക്കി കേര എന്ന പേരില്‍ ജനങ്ങളെ പറ്റിക്കുന്നതായി ആരോപിച്ച് കേരഫെഡ് ചെയര്‍മാന്‍ വി.ചാമുണ്ണി രംഗത്ത് വന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്തെത്തുന്ന വ്യാജ വെളിച്ചെണ്ണ ബ്രാന്‍ഡുകളാണ് കേരളയോട് സാദൃശ്യമുള്ള പേരുകളും പാക്കിങ്ങുകളും അനുകരിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്നതെന്ന് ചെയര്‍മാന്‍ പറയുന്നു. ഇപ്പോഴത്തെ കൊപ്ര വിലകയറ്റം കണക്കിലെടുത്ത് വെളിച്ചെണ്ണ വില വര്‍ധിപ്പിക്കാതെ കഴിയില്ല. എന്നാല്‍ പല വ്യാജ വവെളിച്ചെണ്ണ നിര്‍മ്മാതാക്കളും അവരുടെ വെളിച്ചെണ്ണക്ക് വെറും 200 മുതല്‍ 220 രൂപവരെ മാത്രമാണ് ഈടാക്കുന്നത്.
2022 സെപ്‌റ്റംബറില്‍ കിലോക്ക് 85 രൂപയുണ്ടായിരുന്ന കൊപ്ര 2025 ജനുവരിയിലെത്തിയപ്പോള്‍ 155 രൂപയായി. ഒരു കിലോ വെളിച്ചെണ്ണ ലഭിക്കണമെങ്കില്‍ 1.5 കിലോഗ്രാം കൊപ്ര വേണം. ഇതില്‍ നിന്ന് തന്നെ ഗുണ നിലവാരമുള്ള വെളിച്ചെണ്ണ ഉത്പാദിപ്പിക്കാന്‍ 200 രൂപയ്‌ക്കോ 220 രൂപയ്‌ക്കോ കഴിയില്ലെന്ന് വ്യക്തമാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നിലവാരമില്ലാത്ത വെളിച്ചെണ്ണ ലോറികളിലെത്തിച്ച് ആരോഗ്യത്തിന് ഹാനികരമായ മിശ്രിതങ്ങള്‍ കലര്‍ത്തി നിര്‍മ്മിക്കുന്ന വെളിച്ചെണ്ണയാണ് ഇവിടെ വിപണനം ചെയ്യുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇത് ആരോഗ്യത്തിന് ഹാനികരമെന്നുമാത്രമല്ല, കേരഫെഡിനെപ്പോലെ യഥാർഥ ബ്രാന്‍ഡുകളിലുള്ള ഉത്പന്നങ്ങളുടെ വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുക കൂടിയാണെന്ന് ചാമുണ്ണി പറഞ്ഞു. പുറത്ത് നിന്നു വരുന്ന ബ്രാന്‍ഡുകള്‍ക്ക് കൂടുതല്‍ ലാഭം ലഭിക്കുമെന്നതിനാല്‍ കടകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഈ ബ്രാന്‍ഡുകള്‍ വില്‍പ്പന നടത്തുന്നതിന് കൂടുതല്‍ താത്‌പര്യം കാണിക്കുക. കൂടാതെ വന്‍കിട കമ്പനികള്‍ കൊപ്ര വില കൂടുന്നതിനനുസരിച്ച് എണ്ണ വില വര്‍ധിപ്പിക്കാതെ അളവ് കുറച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുകയാണെന്നും ചാമുണ്ണി ചൂണ്ടിക്കാട്ടി.
ഉദാഹരണത്തിന് ഒരു ലിറ്ററിന് 280 രൂപ വിലയുണ്ടായിരുന്നതില്‍ നിന്ന് വില അതേ പടി നിലനിര്‍ത്തി അളവ് 750 മില്ലിയോ 800 മില്ലിയോ ആയി കുറക്കുന്നു. ഇക്കാര്യങ്ങള്‍ ഉപഭോക്താക്കള്‍ ഉറപ്പ് വരുത്തേണ്ടതാണ്. കേരഫെഡ് ബിഐഎസ് സ്റ്റാന്‍ഡേർഡ് ഉറപ്പാക്കി മാത്രമാണ് വെളിച്ചെണ്ണ ഉത്‌പാദിപ്പിച്ച് വിപണിയില്‍ എത്തിക്കുന്നതെന്നും ചെയര്‍മാന്‍ ഉറപ്പു നല്‍കി. കേരളത്തില്‍ നാളികേര ഉത്‌പാദനവും കൃഷി വിസ്‌തൃതിയും കുറയുന്നു. ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് നാളികേര ഉത്‌പാദനവും നാളികേര കൃഷി വിസ്‌തൃതിയും കുറഞ്ഞു കൊണ്ടിരിക്കുകയാണ്.
2004-05ല്‍ കേരളത്തിലെ നാളികേര കൃഷിയുടെ വിസ്‌തൃതി 8,99,267 ഹെക്‌ടറായിരുന്നു. എന്നാല്‍ 2021-22 ആയപ്പോള്‍ അത് 7,65,435 ഹെക്‌ടറായി കുറഞ്ഞു. 2004-05ല്‍ കേരളത്തിലെ ആകെ നാളികേര ഉത്‌പാദനം 6001 കോടി നാളികേരമായിരുന്നെങ്കില്‍ അത് 2021-2022ൽ 5535 കോടി രൂപയായി കുറഞ്ഞു. 2004-2005ല്‍ ഒരു ഹെക്‌ടറിന് 6,673 നാളികേരമായിരുന്നു ഉത്‌പാദനമെങ്കില്‍ 2021-2022ൽ 7,231 ആയി ഉയര്‍ന്നിട്ടുണ്ട്.