ഡല്‍ഹിയില്‍ താമര വിരിയുമെന്ന് അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുമ്പോള്‍, ഡല്‍ഹിയുടെ രാഷ്‌ട്രീയ ചരിത്രം പരിശോധിക്കുന്നത് ഏറെ കൗതുകമായിരിക്കും. 1993 മുതല്‍ 98 വരെ മൂന്ന് ബിജെപി മുഖ്യമന്ത്രിമാര്‍ മാറി മാറി ഭരിച്ച ചരിത്രമാണ് ഡല്‍ഹിയിലെ ബിജെപിക്ക് അവകാശപ്പെടാനുള്ളത്. നിയമസഭ തെരഞ്ഞെടുപ്പ് നേരിടാതെ ഇന്ദ്രപ്രസ്ഥത്തിന്‍റെ മുഖ്യമന്ത്രി പദമേറിയ സുഷമ സ്വരാജ് ഡല്‍ഹിയിലെ ആദ്യവനിതാ മുഖ്യമന്ത്രിയെന്ന ചരിത്രവുമായി. എന്നാല്‍ കേവലം 52 ദിവസങ്ങള്‍ക്കിപ്പുറം അവിശ്വാസ പ്രമേയത്തിലൂടെ അവര്‍ പുറത്താക്കപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
1952ല്‍ ഡല്‍ഹിയില്‍ ആദ്യ നിയമസഭ രൂപീകരിച്ചെങ്കിലും ദേശീയ തലസ്ഥാനത്ത് എട്ട് നിയമസഭകളും ഏഴ് മുഖ്യമന്ത്രിമാരുമേ ഇതുവരെ ഉണ്ടായിട്ടുള്ളൂ. 1956 മുതല്‍ 1993 വരെ ഡല്‍ഹിയില്‍ നിയമസഭ ഇല്ലാതാകുകയും ഇതൊരു കേന്ദ്രഭരണ പ്രദേശമായി നിലകൊള്ളുകയും ചെയ്‌തു. എങ്കിലും ദേശീയതലസ്ഥാനത്തിന് വര്‍ണാഭമായ ഒരു രാഷ്‌ട്രീയ ചരിത്രമാണ് ഉള്ളത്. കോണ്‍ഗ്രസ്, ബിജെപി, ആം ആദ്‌മി പാര്‍ട്ടികള്‍ വിവിധ കാലങ്ങളില്‍ ഇവിടെ ആധിപത്യം സ്ഥാപിച്ചു.
ആദ്യമുഖ്യമന്ത്രി-ബ്രഹ്മം പ്രകാശ്
1952ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ബ്രഹ്മം പ്രകാശ് ദേശീയതലസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായി. രണ്ട് വര്‍ഷവും 332 ദിവസവും നീണ്ട ഭരണത്തിന് ശേഷം അദ്ദേഹം അധികാരം വിട്ടു. ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നുള്ള ഗുരുമുഖ് നിഖാല്‍ സിങ് 1955 ഫെബ്രുവരി 12ന് അധികാരത്തിലേറി. ഒരു വര്‍ഷവും 263 ദിവസവും നീണ്ട ഭരണത്തിന് ശേഷം അദ്ദേഹം 1956 നവംബര്‍ ഒന്നിന് അധികാരമൊഴിഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്‍റെ കാലാവധി അവസാനിച്ചതോടെ നിയമസഭ ഇല്ലാതായി.
പിന്നീട് 37 വര്‍ഷത്തിന് ശേഷം ബിജെപിയുെട മദന്‍ലാല്‍ ഖുറാന മുഖ്യമന്ത്രിയായി 1993 ഡിസംബര്‍ രണ്ടിന് ചുമതലയേറ്റു. രണ്ട് വര്‍ഷവും 86 ദിവസവും നീണ്ട ഭരണത്തിന് ശേഷം 1996 ഫെബ്രുവരി 26ന് അദ്ദേഹം അധികാരമൊഴിഞ്ഞു. തുടര്‍ന്ന് ബിെജപിയുെട തന്നെ സാഹിബ് സിങ് വര്‍മ്മ മുഖ്യമന്ത്രിയായി. രണ്ട് വര്‍ഷവും 228 ദിവസവും അധികാരത്തില്‍ തുടര്‍ന്ന അദ്ദേഹം 1998 ഒക്‌ടോബര്‍ 12ന് അധികാരമൊഴിഞ്ഞു.
സുഷമ ഇന്ദ്രപ്രസ്ഥത്തിന്‍റെ ആദ്യ വനിതാ മുഖ്യമന്ത്രി
തുടര്‍ന്ന് ഡല്‍ഹിയുടെ ആദ്യവനിതാ മുഖ്യമന്ത്രിയായ സുഷമ സ്വരാജിന് അവിശ്വാസ പ്രമേയത്തിലൂടെ 52ദിവസങ്ങള്‍ക്ക് ശേഷം 1998 ഡിസംബര്‍ മൂന്നിന് അധികാരമൊഴിയേണ്ടി വന്നു. ഇതാണ് ഡല്‍ഹിയിലെ ബിജെപിയുടെ ചരിത്രം. പിന്നീടിങ്ങോട്ട് അധികാരക്കസേരയിലേക്ക് ബിജെപിയെ ഡല്‍ഹി ജനത അടുപ്പിച്ചതേയില്ല.
ഒന്നരപ്പതിറ്റാണ്ട് ഡല്‍ഹിയെ നയിച്ച കോണ്‍ഗ്രസിന്‍റെ ഷീല ദീക്ഷിത് ഏറ്റവും കൂടുതല്‍ കാലം ഡല്‍ഹി മുഖ്യമന്ത്രി പദം അലങ്കരിച്ച വ്യക്തിയെന്ന ഖ്യാതിയും സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. തുടര്‍ച്ചയായ മൂന്ന് തവണയായി 15 വര്‍ഷവും 25 ദിവസവും അവര്‍ അധികാരത്തില്‍ തുടര്‍ന്നു.
ആം ആദ്‌മിയുടെ തേരോട്ടത്തിന് തുടക്കം
കോണ്‍ഗ്രസിന്‍റെ ദുര്‍ഭരണത്തിനും അഴിമതിക്കും എതിരെ നടത്തിയ പോരാട്ടങ്ങളിലൂടെ തലസ്ഥാനത്ത് ഉണ്ടായ പ്രതിഭാസമായിരുന്നു ആം ആദ്‌മി പാര്‍ട്ടി. 2013ല്‍ നിയമസഭയിലേക്ക് മത്സരിച്ച പാര്‍ട്ടിക്ക് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാകാനായി. ബിജെപി ഏറ്റവും കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കിയെങ്കിലും കേവല ഭൂരിപക്ഷത്തിലേക്ക് എത്തിയില്ല. തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയുണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തിന് പാര്‍ട്ടി അവകാശവാദവുമായി രംഗത്ത് എത്തിയില്ല. തുടര്‍ന്ന് അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തില്‍ എഎപി മന്ത്രിസഭ രൂപീകരിക്കുകയും കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണയ്ക്കുകയും ചെയ്‌തു. അവിടുന്നിങ്ങോട്ട് ഇന്ദ്രപ്രസ്‌ഥം സാക്ഷ്യം വഹിച്ചത് ആം ആദ്‌മി പാര്‍ട്ടിയുടെ തേരോട്ടത്തിനായിരുന്നു. എന്നാല്‍ ജന്‍ലോക്‌പാല്‍ ബില്‍ അവതരിപ്പിക്കാനാകാതെ വന്നതോടെ കെജ്‌രിവാള്‍ മുഖ്യമന്ത്രിപദം രാജിവച്ചു. തുടര്‍ന്നുണ്ടായ ഭരണപ്രതിസന്ധിയില്‍ രാജ്യതലസ്ഥാനം രാഷ്‌ട്രപതി ഭരണത്തിലേക്ക് നീങ്ങി.
എന്നാല്‍ 2015 ഫെബ്രുവരി ഏഴിന് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം ഫെബ്രുവരി പത്തിന് പുറത്ത് വന്നപ്പോള്‍ രാജ്യം ഞെട്ടി. 70ല്‍ 67 സീറ്റുകളും സ്വന്തമാക്കി ആം ആദ്‌മി പാര്‍ട്ടി മൃഗീയ ഭൂരിപക്ഷത്തോടെ അധികാരമേറി. 2013ല്‍ 31 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് കേവലം മൂന്ന് സീറ്റുകളിലേക്ക് ഒതുങ്ങേണ്ടി വന്നു. കോണ്‍ഗ്രസാകട്ടെ സംപൂജ്യരുമായി.
2020ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആം ആദ്‌മിക്ക് സീറ്റുകള്‍ കുറഞ്ഞെങ്കിലും അധികാരത്തിലെത്തി. 70ല്‍ 62 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. എട്ട് സീറ്റുകള്‍ ബിജെപി സ്വന്തമാക്കി.
ഇക്കുറി നേരിട്ടത് കടുത്ത അഗ്നിപരീക്ഷകള്‍
കടുത്ത അഴിമതി ആരോപണങ്ങളും നേതാക്കളുടെ ജയില്‍വാസവും അടക്കമുള്ള കടുത്ത അഗ്നിപരീക്ഷണങ്ങളാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് എഎപിക്ക് നേരിടേണ്ടി വന്നത്. എങ്കിലും ജനങ്ങള്‍ തങ്ങള്‍ക്കൊപ്പം തന്നെ ഉണ്ടാകുമെന്ന് തന്നെ അവര്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു. 55 സീറ്റുകള്‍ നേടി ഇക്കുറി അധികാരത്തിലേറുമെന്നാണ് തെരഞ്ഞെടുപ്പ് കാലത്ത് എഎപി വിലയിരുത്തിയിരുന്നത്. എന്നാല്‍ രാഷ്‌ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച് കൊണ്ട് പുറത്ത് വന്ന ബിജെപി അനുകൂല അഭിപ്രായ സര്‍വേ ഫലങ്ങള്‍ എഎപി ക്യാമ്പില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. അഭിപ്രായ സര്‍വേ ഫലങ്ങള്‍ എക്കാലവും പൂര്‍ണമായും ശരിയാകില്ലെന്ന ഹരിയാന അടക്കമുള്ള മാതൃകകളും നമുക്ക് മുന്നിലുണ്ട്.
കാത്തിരിക്കാം എട്ടുവരെ
അധികാരത്തിലെത്തുമെന്ന് പ്രവചിക്കപ്പെടുമ്പോഴും രാജ്യതലസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിപദത്തിലേക്ക് ഉയര്‍ത്തിക്കാട്ടാന്‍ തക്ക തലപ്പൊക്കമുള്ളൊരു നേതാവ് എവിടെയെന്ന ചോദ്യം ബിജെപിക്ക് മുന്നിലുണ്ട്. ഏതായാലും എട്ടാം തീയതി വരെ കാത്തിരുന്നേ തീരൂ, എന്ത് രാഷ്‌ട്രീയ അത്ഭുതങ്ങളാണ് വോട്ടിങ് യന്ത്രങ്ങള്‍ കാത്തുവച്ചിരിക്കുന്നത് എന്നറിയാന്‍.
Also Read: രാജ്യതലസ്ഥാനത്ത് ഭരണ മാറ്റം?; ഡല്‍ഹിയില്‍ ബിജെപിയുടെ തിരിച്ചുവരവ് പ്രവചിച്ച് എക്‌സിറ്റില്‍ പോള്‍ ഫലങ്ങള്‍