തിരുവനന്തപുരം: ക്രിസ്‌മസ് - ന്യൂഇയര്‍ ബമ്പര്‍ നറുക്കെടുപ്പോടെ കണ്ണൂരിലെ ഏജൻ്റ് വഴി വിറ്റഴിച്ച ടിക്കറ്റിൻ്റെ ഉടമ സത്യനെ തേടുകയാണ് എല്ലാവരും. പതിവ് പോലെയല്ല ഇതാദ്യമായാണ് 20 കോടി രൂപയുടെ ഒന്നാം സമ്മാനം ക്രിസ്‌മസ് - ന്യൂഇയര്‍ ബമ്പറിന് സംസ്ഥാന ലോട്ടറി വകുപ്പ് നല്‍കുന്നത്. 20 കോടിയടിച്ച ഒന്നാം സമ്മാനര്‍ഹന് 11 കോടി 60 ലക്ഷം രൂപയാണ് കൈയില്‍ ലഭിക്കുകയെന്ന് സംസ്ഥാന ലോട്ടറി ഡയറക്‌ടറേറ്റ് അറിയിച്ചു.
സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റ ഏജൻ്റിന് സമ്മാനത്തുകയുടെ 10 ശതമാനമായ 2 കോടി ലഭിക്കും. നികുതി കണക്കാക്കുന്നത് ഏജൻ്റിൻ്റെ കമ്മിഷന്‍ കിഴിച്ചുള്ള ബാക്കി തുകയില്‍ നിന്നാണ്. ക്രിസ്‌മസ് - ന്യൂഇയര്‍ ബമ്പറില്‍ ഏജൻ്റിൻ്റെ 2 കോടി കമ്മിഷന്‍ കിഴിച്ചുള്ള 18 കോടിയില്‍ നിന്നും 30 ശതമാനമായ 5 കോടി 40 ലക്ഷം രൂപ നികുതിയായി സര്‍ക്കാരിന് ലഭിക്കും. അങ്ങനെ ഒന്നാം സമ്മാനാര്‍ഹന് 2 കോടി ഏജൻ്റ് കമ്മിഷനും ബാക്കി 18 കോടിയുടെ 30 ശതമാനമായ 5.40 കോടിയും ചേര്‍ത്ത് ആകെ 7.40 കോടി രൂപ കിഴിച്ച് 11 കോടി 60 ലക്ഷം രൂപ (11.60 കോടി രൂപ) ലഭിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
20 പേര്‍ക്ക് 1 കോടി രൂപയാണ് രണ്ടാം സമ്മാനം. ഇതില്‍ 10 ശതമാനം ഏജൻ്റ് കമ്മിഷനും 30 ശതമാനം നികുതിയും കുറച്ച ശേഷം 63 ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും. 30 പേര്‍ക്ക് 10 ലക്ഷം വീതമാണ് മൂന്നാം സമ്മാനം. ഇതില്‍ 10 ശതമാനം ഏജൻ്റ് കമ്മിഷനായ 1 ലക്ഷം രൂപയും 30 ശതമാനം നികുതിയായ 3 ലക്ഷം രൂപയും കുറച്ച ശേഷം, 6 ലക്ഷം രൂപയാകും സമ്മാനര്‍ഹര്‍ക്ക് ലഭിക്കുക.
20 പേര്‍ക്ക് 3 ലക്ഷം രൂപ വീതമാണ് നാലാം സമ്മാനം. ഇതില്‍ 10 ശതമാനം ഏജൻ്റ് കമ്മിഷനായ 30000 രൂപയും 30 ശതമാനം നികുതിയായ 90000 രൂപയും കുറച്ച ശേഷം 1,80,000 രൂപയാകും സമ്മാനര്‍ഹര്‍ക്ക് ലഭിക്കുക. 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതമാണ് അഞ്ചാം സമ്മാനം. ഇതില്‍ 10 ശതമാനം ഏജൻ്റ് കമ്മിഷനായ 20000 രൂപയും 30 ശതമാനം നികുതിയായ 60000 രൂപയും കുറച്ച ശേഷം 1,20,000 രൂപയാകും സമ്മാനര്‍ഹര്‍ക്ക് ലഭിക്കുക.
30 പേര്‍ക്ക് 5000 രൂപ വീതമാണ് ആറാം സമ്മാനം. ഇതില്‍ 10 ശതമാനം ഏജൻ്റ് കമ്മിഷനായ 500 രൂപയും 30 ശതമാനം നികുതിയായ 1500 രൂപയും കുറച്ച ശേഷം, 3000 രൂപയാകും സമ്മാനര്‍ഹര്‍ക്ക് ലഭിക്കുകയെന്നും ലോട്ടറി വകുപ്പ് വിശദീകരിച്ചു. ഒന്നാം സമ്മാനം 20 കോടിയില്‍ ഭാഗ്യവാന് 11.60 കോടി, ഏജൻ്റിന് 2 കോടി, സര്‍ക്കാരിന് നികുതി 5.40 കോടിയെന്നത് സ്ഥിരമായ നികുതി ഘടനയല്ലെന്ന് ലോട്ടറി വകുപ്പ് വിശദീകരിച്ചു. ഓരോ തവണയും ബമ്പര്‍ സമ്മാനത്തുകയിലുണ്ടാകുന്ന വ്യത്യാസം അനുസരിച്ച് ഏജൻ്റ് കമ്മിഷനും നികുതി നിരക്കും വ്യത്യാസപ്പെടുമെന്നും ലോട്ടറി വകുപ്പ് വ്യക്തമാക്കി.
Also Read: അടിച്ചുമോനെ... ഇരുപത് കോടിയുടെ ക്രിസ്‌മസ്-പുതുവത്സര ബമ്പര്‍ അടിച്ചത് കണ്ണൂരില്‍ വിറ്റ ഈ ടിക്കറ്റിന്