ശരീരം ആരോഗ്യത്തോടെ നിലനിർത്താൻ പാൽ കുടിക്കുന്നത് നല്ലതാണെന്ന് നമുക്കറിയാം. വൈറ്റമിൻ, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവയുടെ നല്ല ഒരു ഉറവിടമാണ് പാൽ. ചർമ്മ സംരക്ഷണത്തിനും പാൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ചർമ്മത്തിലെ അഴുക്കുകൾ പുറന്തള്ളാനും മുഖക്കുരു തടയാനും ഇത് സഹായിക്കുന്നു. പാടുകൾ ഇല്ലാത്തതും മിന്നിതിളങ്ങുന്നതുമായ ചർമ്മത്തിനായി പാൽ ഉപയോഗിക്കേണ്ട വിധം എങ്ങനെയെന്ന് നോക്കാം.
പാലും തേനും
രണ്ട് ടേബിൾ സ്‌പൂൺ പച്ച പാലിലേക്ക് ഒരു ടേബിൾ സ്‌പൂൺ തേനും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. മുഖത്തെ പാടുകൾ, ചുളിവുകൾ എന്നിവ ഇല്ലാതാക്കാനും ചർമ്മത്തിന് തിളക്കം നൽകാനും ഇത് ഫലപ്രദമാണ്.
പാലും മഞ്ഞളും
ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്‌പൂൺ പച്ച പാൽ എടുക്കുക. അതിലേക്ക് ഒരു ടീസ്‌പൂൺ മഞ്ഞൾ കൂടി ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക. 20 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക. ആഴചയിൽ രണ്ടു തവണ ഇത് പിന്തുടരുന്നത് കറുത്ത പാടുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.
പാലും പപ്പായും
രണ്ട് ടേബിൾ സ്‌പൂൺ വീതം പച്ച പാലും പപ്പായ പൾപ്പും എടുത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടുക. ശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. ചർമ്മത്തിന് സോഫ്റ്റ്നസ് നൽകുകയും തിളക്കമുള്ളതായി നിലനിർത്താനും ഇത് ഗുണം ചെയ്യുന്നു.
പാലും കടലമാവും
ഒരു പാത്രത്തിലേക്ക് പാലും കടലമാവും രണ്ട് ടേബിൾ സ്‌പൂൺ വീതമെടുത്ത് മിക്‌സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടി 20 മിനിട്ടിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാം. ഈ പാക്ക് മുഖത്തെ എണ്ണമയം ഇല്ലാതാക്കാനും ചർമ്മം മിന്നി തിളങ്ങാനും നിങ്ങളെ സഹായിക്കുന്നു. ആഴ്‌ചയിൽ മൂന്ന് തവണ ഇങ്ങനെ ചെയ്യുന്നതിലൂടെ നല്ല റിസൾട്ട് ലഭിക്കുന്നു.
പാലും കറ്റാർവാഴ ജെല്ലും
രണ്ട് ടേബിൾ സ്‌പൂൺ പച്ച പാലിലേക്ക് ഒരു ടേബിൾ സ്‌പൂൺ കറ്റാർവാഴ ജെല്ല് ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. ഈ പാക്ക് മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴകി കളയുക. ചർമ്മത്തിൽ ജലാംശം നിലനിർത്താനും ചുളിവുകൾ തടയാനും ഇത് ഫലപ്രദമാണ്.
ശ്രദ്ധിക്കുക:ഫേസ് പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് അലർജി സംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാച്ച് ടെസ്റ്റ് നടത്തുക. കൂടാതെ ആരോഗ്യ വിദഗ്‌ധന്‍റെ നിർദേശം തേടിയതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങൾ ചെയ്യുക.
Also Read : സൺ ടാൻ മാറി മുഖം തിളങ്ങും; ഇതാ ഗോതമ്പ് പൊടി കൊണ്ടുള്ള അടിപൊളി ഫേസ് പാക്കുകൾ