വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് 'മഹാരാജ'. ജൂൺ 14ന് തിയേറ്ററുകളിലെത്തിയ ഈ ചിത്രം ലോക വ്യാപകമായി 100 കോടിയിൽപ്പരം കലക്ഷനാണ് സ്വന്തമാക്കിയത്. കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് മാത്രം എട്ട് കോടിയിൽപ്പരം രൂപയായിരുന്നു 'മഹാരാജ' വാരിക്കൂട്ടിയത്.
വിജയ് സേതുപതിയുടെ കരിയറിലെ അൻപതാമത്തെ ചിത്രമെന്ന സവിശേഷതയുമായാണ് 'മഹാരാജ' പ്രേക്ഷകരിലേക്ക് എത്തിയത്. ആദ്യ ദിവസം മുതൽ തന്നെ ഗംഭീര പ്രകടനം കാഴ്‌ചവയ്‌ക്കാൻ ഈ ചിത്രത്തിനായി. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രത്തിന് നിരൂപക പ്രശംസയും ഒരുപോലെ സ്വന്തമാക്കാനായി. ചിത്രം ഒടിടി റിലീസിനും തയ്യാറെടുക്കുകയാണ്.
നാളെ (ജൂലൈ 12) മുതലാണ് 'മഹാരാജ' ഒടിടിയിൽ സ്‌ട്രീമിങ് ആരംഭിക്കുക. പ്രശസ്‌ത ഓൺലൈൻ പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ലിക്‌സാണ് ഈ വിജയ് സേതുപതി ചിത്രത്തിന്‍റെ ഡിജിറ്റൽ പ്രീമിയർ അവകാശം സ്വന്തമാക്കിയത്. തമിഴ്, മലയാളം, തെലുഗ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം ലഭ്യമാകും.