അനശ്വര രാജന്‍, സജിന്‍ ഗോപു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ശ്രീജിത്ത് ബാബു സംവിധാനം ചെയ്‌ത ചിത്രമാണ് 'പൈങ്കിളി'. ഫെബ്രുവരി 14നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. സിനിമയില്‍ സലിംകുമാറിന്‍റെ മകനും നടനുമായ ചന്തു സലിംകുമാറും സുപ്രധാന വേഷത്തില്‍ എത്തിയിരുന്നു.
ഇപ്പോഴിതാ ചിത്രം കണ്ട ശേഷമുള്ള നടൻ ചന്തു സലിംകുമാറിന്‍റെ മാധ്യമങ്ങളോടുള്ള പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. "ചന്തു സലിംകുമാർ എന്ന നടന്‍റെ തിരിച്ചുവരവും പോക്കും ഒന്നും ഇവിടെ ചർച്ചാ വിഷയം അല്ല. എന്‍റെ ആദ്യ വരവ് തന്നെ എന്‍റെ അച്ഛന്‍റെ പിൻബലത്തിൽ ആയിരുന്നു. വിവരമുള്ള സംവിധായകരാണ് ഇവിടെ താരങ്ങളെ സൃഷ്‌ടിക്കുന്നത്. ഈ സിനിമയിലെ താരം സജിൻ ഗോപു ആണ് ഞാനല്ല" -ഇപ്രകാരമായിരുന്നു ചന്തു സലിംകുമാറിന്‍റെ പ്രതികരണം.

ചിത്രം കണ്ടിറങ്ങിയ ചന്തുവിനോട് താങ്കളുടെ തിരിച്ചു വരവാണോ 'പൈങ്കിളി' എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള ചന്തുവിന്‍റെ മറുപടിയായിരുന്നു ഇത്. 'ഉദയനാണ് താരം' എന്ന സിനിമയിലെ ക്ലൈമാക്‌സ് രംഗത്തിൽ ശ്രീനിവാസന്‍റെ കഥാപാത്രമായ സൂപ്പർസ്‌റ്റാർ സരോജ് കുമാർ മാധ്യമങ്ങളോട് സംസാരിച്ച അതേ ഡയലോഗാണ് ചന്തുവും തന്‍റേതായ രീതിയിൽ മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.
"സരോജ് കുമാറിന്‍റെ വരവും പോക്കും ഇവിടെ പ്രസക്‌തമല്ല. എന്‍റെ ആദ്യ വരവ് തന്നെ ഈ സിനിമയുടെ സംവിധായകൻ ഉദയഭാനുവിന്‍റെ തിരക്കഥ മോഷ്‌ടിച്ച് കൊണ്ടായിരുന്നു. വിവരമുള്ള സംവിധായകരാണ് താരങ്ങളെ സൃഷ്‌ടിക്കുന്നത്. ഉദയനാണ് താരം, ഞാനല്ല.."

'ഉദയനാണ് താര'ത്തിലെ ക്ലൈമാക്‌സില്‍ വികാരാതീതനായി തന്‍റെ സിനിമ കണ്ടിറങ്ങിയ സരോജ് കുമാർ ഇപ്രകാരമാണ് തനിക്ക് ചുറ്റും കൂടിയ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ നിന്നും വേഗത്തിൽ സരോജ് കുമാർ നടന്നു നീങ്ങുന്നതാണ് രംഗം. ഇതുപോലെ മറുപടി നല്‍കിയ ശേഷം ചന്തുവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നും നടന്നകന്നു.
ഇപ്പോഴിതാ ഈ വിഷയത്തില്‍ ഇടിവി ഭാരതിനോട് പ്രതികരിച്ചിരിക്കുകയാണ് ചന്തു സലിംകുമാര്‍. "സിനിമ കണ്ടിറങ്ങിയപ്പോൾ ചന്തുവിന്‍റെ തിരിച്ചുവരവാണോ പൈങ്കിളി എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചു. മനസ്സിൽ തോന്നിയ രീതിയിൽ ഉദയനാണ് താരം എന്ന സിനിമയുടെ ക്ലൈമാക്‌സ് രംഗം മിമിക്രി ചെയ്‌തതല്ല അവിടെ. എപ്പോഴെങ്കിലുമൊക്കെ അവസരം ലഭിക്കുമ്പോൾ ഇതുപോലെയൊക്കെ സംസാരിക്കണമെന്ന് വർഷങ്ങൾക്ക് മുമ്പ് ഞാൻ പ്ലാൻ ചെയ്‌തിരുന്നു," ചന്തു സലിംകുമാര്‍ പറഞ്ഞു.
മലയാള സിനിമയിലെ ഇതുപോലുള്ള പല ഡയലോഗുകളും പല അവസരങ്ങളില്‍ ഉപയോഗിക്കുന്നതിനായി കഷ്‌ടപ്പെട്ട് കാണാതെ പഠിച്ച് വെച്ചിട്ടുണ്ടെന്നും നടന്‍ ചന്തു സലിംകുമാർ പറഞ്ഞു. ഏതെങ്കിലും ഒരു സിനിമയിലെ പ്രകടനം ശ്രദ്ധേയമാകുമ്പോൾ ഉദയനാണ് താരത്തിലെ ക്ലൈമാക്‌സ് എടുത്ത് പ്രയോഗിക്കണമെന്ന് മുമ്പേ കരുതിയതാണ്. അതിന് ഇപ്പോഴാണ് സാഹചര്യം ഉണ്ടായത്. ഇനിയും മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന സമയത്ത് ഇതുപോലുള്ള സിനിമകളിലെ ഡയലോഗുകൾ അവസരോചിതമായി എടുത്ത് ഉപയോഗിക്കും," ചന്തു സലിംകുമാർ പറഞ്ഞു.