ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ സ്‌ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നൽകുമെന്ന ബിജെപി സർക്കാരിന്‍റെ തെരഞ്ഞെടുപ്പ് വാഗ്‌ദാനം നിറവേറ്റുമെന്ന് ഡൽഹി നിയുക്ത മുഖ്യമന്ത്രി രേഖ ഗുപ്‌ത. പ്രതിമാസ ധനസഹായത്തിന്‍റെ ആദ്യ ഗഡു മാർച്ച് 8 നകം സ്‌ത്രീകളുടെ അക്കൗണ്ടുകളിൽ എത്തുമെന്നും ഗുപ്‌ത ഉറപ്പുനല്‍കി.
അധികാരത്തിൽ വന്നാൽ ആം ആദ്‌മി പാർട്ടി പ്രതിമാസം 2,100 രൂപ സ്‌ത്രീകള്‍ക്ക് ധനസഹായം നല്‍കുമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍, തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ 2,500 രൂപ പ്രതിമാസം സ്‌ത്രീകള്‍ക്ക് നല്‍കുമെന്ന് ബിജെപിയുടെ പ്രകടന പത്രികയില്‍ വ്യക്തമാക്കിയിരുന്നു.
"പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നം നിറവേറ്റുക എന്നത് തലസ്ഥാനത്തെ 48 ബിജെപി എംഎൽഎമാരുടെയും ഉത്തരവാദിത്തമാണ്. സ്‌ത്രീകൾക്കുള്ള ധനസഹായം ഉൾപ്പെടെ ഞങ്ങളുടെ എല്ലാ വാഗ്‌ദാനനങ്ങളും ഞങ്ങൾ തീർച്ചയായും നിറവേറ്റും. മാർച്ച് 8 നകം സ്‌ത്രീകൾക്ക് അവരുടെ അക്കൗണ്ടുകളിൽ ധനസഹായത്തിന്‍റെ ആദ്യ ഗഡു എത്തും," അവർ പറഞ്ഞു. മാർച്ച് 8 അന്താരാഷ്‌ട്ര വനിതാ ദിനമായി ആചരിക്കുന്നതിന് മുന്നോടുകൂടിയാണ് പ്രഖ്യാപനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡൽഹിയിലെ ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകൾക്ക് മാർച്ച് പകുതിയോടെ പ്രതിമാസം 2,500 രൂപ ധനസഹായം നല്‍കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിരുന്നു. മഹിളാ സമൃദ്ധി യോജന എന്ന പദ്ധതി പ്രകാരമാണ് സ്‌ത്രീകള്‍ക്ക് ധനസഹായം നല്‍കുന്നത്.
“നമ്മുടെ സഹോദരിമാർക്ക് 2,500 രൂപ നൽകുമെന്ന് ഞങ്ങൾ പ്രതിജ്ഞയെടുത്തു… ഈ ഗ്യാരണ്ടി മോദിയുടെ ഗ്യാരണ്ടിയായതിനാൽ അത് നിറവേറ്റും. ഡൽഹിയിൽ ബിജെപി സർക്കാർ രൂപീകരിക്കും, അന്താരാഷ്‌ട്ര വനിതാ ദിനമായ മാർച്ച് 8 ന് അവർക്ക് (സ്‌ത്രീകൾക്ക്) അവരുടെ അക്കൗണ്ടുകളിൽ പണം ലഭിക്കും,” എന്ന് തെരഞ്ഞെടുപ്പിന് മുമ്പ് ഒരു പ്രചാരണ പരിപാടിയിൽ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസമാണ് ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്‌തയെ ബിജെപി തെരഞ്ഞെടുത്തത്. മുൻ ഡൽഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍റ്സ് യൂണിയൻ (DUSU) പ്രസിഡന്‍റും മുനിസിപ്പൽ കൗൺസിലറുമായ ഗുപ്‌ത, ഇന്ന് (ഫെബ്രുവരി 20) ഉച്ചകഴിഞ്ഞ് രാംലീല മൈതാനത്ത് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. ചടങ്ങിൽ പ്രധാനമന്ത്രി മോദിയും മറ്റ് ബിജെപി നേതാക്കളും പങ്കെടുക്കും. ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായാണ് രേഖ സത്യപ്രതിജ്ഞ ചെയ്യുന്നത്.