ഇടുക്കി: ആനയിറങ്കല്‍ ജലാശയത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങി മരിച്ചു. രാജകുമാരി പഞ്ചായത്തംഗം മഞ്ഞക്കുഴി തച്ചമറ്റത്തിൽ ജെയ്‌സൺ (45), സുഹൃത്ത് നടുക്കുടിയിൽ (മോളോകുടിയിൽ) ബിജു (52) എന്നിവരാണ് മരിച്ചത്. മാർച്ച് 2ന് മകൾ കൃഷ്‌ണയുടെ വിവാഹ നിശ്ചയം നടത്താൻ തീരുമാനിച്ചിരിക്കെയാണ് ബിജുവിന്‍റെ മരണം.
തിങ്കളാഴ്‌ച വൈകുന്നേരം 4 നാണ് നാലംഗ സംഘം ആനയിറങ്കൽ ജലാശയത്തിൽ എത്തിയത്. ഡാമിന് സമീപം കുളിക്കാൻ ഇറങ്ങിയ സംഘത്തെ ഡാം സുരക്ഷാ ജീവനക്കാർ പിന്തിരിപ്പിച്ച് മടക്കി അയച്ചു. തങ്ങൾ തമിഴ്‌നാട്ടിലേക്ക് പോവുകയാണെന്ന് മറ്റ് മൂന്ന് പേരെ ധരിപ്പിച്ച ശേഷം ജെയ്‌സണും ബിജുവും വീണ്ടും ആനയിറങ്കൽ ഡാമിൽ എത്തി. ഇവിടെ കുളിക്കാൻ ശ്രമിക്കുമ്പോൾ അബദ്ധത്തിൽ വെള്ളത്തിൽ വീണ ബിജുവിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ജെയ്‌സണും അപകടത്തിൽ പെട്ടത് എന്നാണ് നിഗമനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തിങ്കളാഴ്‌ച രാത്രി മുതൽ ഇരുവരുടെയും ബന്ധുക്കൾ ഇവർക്ക് വേണ്ടി അന്വേഷണം ആരംഭിച്ചിരുന്നു. രാവിലെ മുതൽ ആനയിറങ്കലിന് സമീപം ജെയ്‌സൻ്റെ വാഹനം കിടക്കുന്നത് കണ്ട ചില നാട്ടുകാരാണ് ഡാം സുരക്ഷാ വിഭാഗം ജീവനക്കാരെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബിജുവിന്‍റെ വസ്ത്രങ്ങളും ഇരുവരുടെയും മൊബൈൽ ഫോണുകളും കരയിൽ നിന്ന് ലഭിച്ചു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൂന്നാറിൽ നിന്നും ഫയർഫോഴ്‌സ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ജലാശയത്തിൽ പരിശോധന നടത്തി. ഉച്ച കഴിഞ്ഞ് രണ്ടിനാണ് ജെയ്‌സന്‍റെ മൃതദേഹം ജലാശയത്തിൽ നിന്ന് ലഭിച്ചത്. ബിജുവിന്‍റെ മൃതദേഹം കണ്ടെത്താൻ കഴിയാതെ വന്നതോടെ തൊടുപുഴ, കോതമംഗലം എന്നിവിടങ്ങളിൽ നിന്നും രണ്ട് സ്‌കൂബ ടീമുകളും എത്തി തെരച്ചിൽ ആരംഭിച്ചു.
ഇന്ന് (ഫെബ്രുവരി 18) വൈകുന്നേരം മൂന്നരയോടെയാണ് ബിജുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Also Read: ആനയിറങ്കൽ ഡാമിൽ രണ്ട് പേരെ കാണാതായതായി സംശയം; തെരച്ചിൽ ഊർജിതമാക്കി ഫയർ ഫോഴ്‌സ്