കണ്ണൂർ: 900 ത്തോളം സിനിമ ഗാനങ്ങളുടെ ജാതകം മനപ്പാഠമാക്കിയ കണ്ണൂർ പയ്യന്നൂരിലെ അരവിന്ദന്‍റെ ജീവിതം കയറ്റവും ഇറക്കവും ഏറിയതാണ്. 3 വർഷത്തെ ഇടവേളയ്ക്കു ശേഷം അരവിന്ദൻ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചുവരികയാണ്. ആരാണ് അരവിന്ദൻ എന്നല്ലേ?
1955 മുതൽ ഇങ്ങോട്ടുള്ള സിനിമാ ഗാനങ്ങളുടെ ജാതകം മനപാഠമാക്കിയവൻ. ഏത് പാട്ടിന്‍റെയും ആദ്യ വരി പറഞ്ഞു നൽകിയാൽ മതി. സിനിമ ഏതെന്നും, പുറത്തിറങ്ങിയ വർഷം എന്തെന്നും, പാട്ട് എഴുതിയത് ആരെന്നും, സംഗീതം നൽകിയത് ആരെന്നും, പാടിയത് ആരെന്നും സെക്കന്‍റുകൾക്ക് ഉള്ളിൽ അരവിന്ദൻ പറഞ്ഞു തരും.
അരവിന്ദന്‍റെ കലാപ്രകടനം പാട്ടിൽ ഒതുങ്ങുന്നത് അല്ല. മിമിക്രി താരം, സിനിമ താരം എന്ന് വേണ്ട സർവത്ര രംഗത്തും തിളങ്ങിയ കലാകാരൻ. കൊടിയ ദാരിദ്ര്യത്തിന്‍റെയും ഇല്ലായ്‌മയുടെയും കുടുംബ പശ്ചാത്തലത്തിൽ തന്‍റെ പന്ത്രണ്ടാം വയസിൽ തന്നെ വീടിനടുത്തുള്ള അരി മുറുക്ക് നിർമാണ തൊഴിലാളിയായി പോകേണ്ടി വന്ന അരവിന്ദന്‍റെ ജീവിതം സഞ്ചരിച്ചത് തന്നെ പാട്ടുകളിലൂടെയും സിനിമകളിലൂടെയും ആയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുറുക്ക് പണിക്കിടയിൽ കേട്ട റേഡിയോ പാട്ടുകൾ അയാൾ മനപാഠമാക്കാൻ തുടങ്ങിയതോടെ പാട്ടുകളുടെ ഓർമപെട്ടിയായി അരവിന്ദൻ മാറുകയായിരുന്നു. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ തിളങ്ങിയ അരവിന്ദനെ പെട്ടെന്നാണ് കരൾ രോഗം കീഴ്‌പ്പെടുത്തിയത്.
കരൾ മാറ്റിവക്കേണ്ട നിലയിലേക്ക് ആരോഗ്യം പോയപ്പോഴും 'പെരുങ്കളിയാട്ടം' എന്ന സിനിമയിലും അഭിനയിച്ചിരുന്നു. കരൾ മാറ്റ ശാസ്ത്രക്രിയയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്ന അരവിന്ദൻ 'പെരുങ്കാളിയാട്ടം' എന്ന സിനിമയുടെ റിലീസിങ്ങിനായി കാത്തിരിക്കുകയാണ്.