ഇടുക്കി: പാതി വില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്‌ണൻ്റെ തൊടുപുഴ കോളപ്ര ഏഴാംമൈലിലുള്ള ഓഫിസിലും വീട്ടിലും ഇഡി പരിശോധന. ഇന്ന് (ഫെബ്രുവരി 18) രാവിലെ 8.30ന് ഏഴാംമൈലിലുള്ള അനന്തു കൃഷ്‌ണൻ്റെ ഓഫിസിലാണ് ഇഡി സംഘം ആദ്യം എത്തിയത്. ഓഫിസ് തുറന്ന് പരിശോധന നടത്തിയ സംഘം പിന്നീട് അനന്തു കൃഷ്‌ണൻ്റെ വീട്ടിലും എത്തി. പാതി വില തട്ടിപ്പ് പുറത്തുവന്നതോടെ അനന്തു കൃഷ്‌ണൻ്റെ വീട് പൂട്ടിയ നിലയിലായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സഹോദരീ ഭർത്താവാണ് ഇഡി ഉദ്യോഗസ്ഥർക്ക് വീട് തുറന്നു കൊടുത്തത്. ഇഡി സംഘം വീടിനുള്ളിൽ കയറി കമ്പ്യൂട്ടർ ഉൾപ്പെടെയുള്ളവ പരിശോധിച്ചു. ഡാറ്റാ ശേഖരണ പരിശോധനയാണ് നടന്നത് എന്നാണ് വിവരം.
സംഭവമറിഞ്ഞ് എത്തിയ മാധ്യമ പ്രവർത്തകരെ ദൃശ്യങ്ങൾ പകർത്തുന്നതിൽ നിന്നും ഇഡി ഉദ്യോഗസ്ഥർ വിലക്കി. വീട്ടിലെ പരിശോധന ഒരു മണിക്കൂർ നീണ്ടു. തുടർന്ന് കോളപ്രയിലുള്ള ഓഫിസിലും പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായിട്ടാണ് ഇഡി ഉദ്യോഗസ്ഥർ കോളപ്രയിലും എത്തിയത്.