തെന്നിന്ത്യന്‍ താരം ജയം രവി വിവാഹമോചിതനായി. ജയം രവി തന്നെയാണ് ഇക്കാര്യം ഔദ്യോഗിക എക്‌സ് പേജിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ഭാര്യ ആരതിയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായാണ് ജയം രവി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ജയം രവിയും ആരതിയും തമ്മിലുള്ള 15 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ഇതോടെ തിരശ്ശീല വീണത്.
വിവാഹ മോചനം പെട്ടെന്നെടുത്ത തീരുമാനം അല്ലെന്നും ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണെന്നും ജയം രവി പറയുന്നു. വിവാഹ മോചനത്തിന്‍റെ പശ്ചാത്തലത്തില്‍ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും ജയം രവി എക്‌സില്‍ കുറിച്ചു.
'ഒരുപാട് ചിന്തകള്‍ക്കും ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം, ആരതിയുമായുള്ള വിവാഹ ബന്ധത്തില്‍ നിന്നും വേര്‍പിരിയുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനം എടുക്കുകയാണ്. ഇത് പെട്ടെന്നുണ്ടായ ഒരു തീരുമാനം അല്ല. വ്യക്തിപരമായ കാര്യങ്ങളാണ് ഇതിന് പിന്നില്‍. തീര്‍ച്ചയായും ഇത് എല്ലാവരുടെയും നല്ലതിന് വേണ്ടിയാണ്.
ഈ ബുദ്ധിമുട്ടേറിയ സമയത്ത് ഞങ്ങളുടെയും കുടുംബാംഗങ്ങളുടെയും സ്വകാര്യതയെ മാനിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും അനുമാനങ്ങളും ആരോപണങ്ങളും പ്രചരിപ്പിക്കരുതെന്നും ഈ വിഷയം ഞങ്ങളുടെ സ്വകാര്യ കാര്യമായി കാണണമെന്നും അഭ്യര്‍ത്ഥിക്കുകയാണ്.
എന്‍റെ മുന്‍ഗണന എല്ലായിപ്പോഴും ഒരു കാര്യത്തിന് മാത്രമാണ്. എന്‍റെ സിനിമകളിലൂടെ പ്രേക്ഷക്കര്‍ക്ക് എല്ലാവര്‍ക്കും സന്തോഷവും എന്‍റര്‍ടെയിന്‍മെന്‍റും നല്‍കുക. അത് തുടരും. ഞാന്‍ ഇപ്പോഴും എപ്പോഴും നിങ്ങളും പ്രിയപ്പെട്ട ജയം രവി തന്നെ ആയിരിക്കും.' -ജയം രവി കുറിച്ചു.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ജയം രവിയുടെയും ആരതിയുടെയും വേര്‍പിരിയല്‍ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നെങ്കിലും, ഈ വാര്‍ത്തയോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. 2009ല്‍ വിവാഹിതരായ ജയം രവിക്കും ആരതിയ്‌ക്കും ആരവ്, അയാന്‍ എന്നിങ്ങനെ രണ്ട് ആണ്‍ മക്കളുണ്ട്.
Also Read: ജയം രവിയുടെ 'ജീനി' ഫസ്‌റ്റ് ലുക്ക് പുറത്ത്; ഒരുങ്ങുന്നത് 100 കോടി ബജറ്റിൽ - genie first look poster