സംവിധായകൻ ഗൗതം വാസുദേവ് മേനോന്‍റെ കരിയറിലെ ആദ്യ മലയാള ചിത്രമാണ് 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‌സ്'. മമ്മൂട്ടി നായകനായി എത്തിയ ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഈ സാഹചര്യത്തില്‍ തന്‍റെ കരിയര്‍ വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍.
ഗൗതം വാസുദേവ് മേനോന്‍റെ പ്രധാന സിനിമകളില്‍ ഒന്നാണ് 'വേട്ടയാട് വിളയാട്'. ഈ സിനിമയിലെ ഇൻട്രോ ഗാനം, സിനിമ എഡിറ്റിംഗ് പാറ്റേണിൽ വലിയ വിപ്ലവം കൊണ്ടുവന്നിരുന്നു. ഈ ഗാന രംഗം കണ്ട് മാത്രം നിരവധി ചെറുപ്പക്കാർ എഡിറ്റിംഗ് ഒരു പാഷനായി തിരഞ്ഞെടുത്ത് ഈ മേഖലയിലേക്ക് വന്നിരുന്നു. ഇതേ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍.
"വേട്ടയാട് വിളയാട് എന്ന സിനിമയുടെ ഇൻട്രോ ഗാനത്തില്‍ എഡിറ്റർ ആന്‍റണിയുടെ വലിയ കോൺട്രിബ്യൂഷൻ ഉണ്ട്. പക്ഷേ പൂർണ്ണമായും ഒരു ടെക്‌നീഷ്യനെ വിശ്വസിച്ച് കൊണ്ട് ഞാൻ ഫിലിം മേക്കിംഗ് ചെയ്യാറില്ല. ഒരു എഡിറ്ററുടെ കൂടി ചിന്താഗതിയിൽ നിന്നുകൊണ്ടാണ് ഞാൻ ഷോട്ടുകൾ ചിട്ടപ്പെടുത്തുന്നത്," ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.
'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്‌സ്' എന്ന ചിത്രത്തെ ഉദാഹരണപ്പെടുത്തിയാണ് സംവിധായകന്‍ ഇതേക്കുറിച്ച് വിശദീകരിച്ചത്. ഡൊമിനിക്കിൽ ഒരു പാസ്‌വേര്‍ഡ് ക്രാക്ക് ചെയ്യുന്ന രംഗത്തെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. മിസിസ് മാധുരിയും ഡൊമനിക്കും ഗോകുൽ സുരേഷിന്‍റെ കഥാപാത്രവുമാണ് ആ രംഗത്തിലുള്ളത്.
"ഡൊമിനിക് ഒരു പാസ്‌വേർഡ് നൽകി പരാജയപ്പെടുമ്പോൾ മിസിസ് മാധുരി, ഞാനൊന്നു ശ്രമിക്കാമെന്ന് പറഞ്ഞ് ലാപ്ടോപ്പിന് മുന്നിൽ വന്നിരിക്കുന്നുണ്ട്. മിസ്സിസ് മാധുരി ഇരിക്കുന്ന സ്ഥലത്ത് നിന്നും ലാപ്ടോപ്പിന് അടുത്തേക്ക് നടന്നുവരുന്നതും ലാപ്ടോപ്പിന് മുന്നിൽ ഇരിക്കുന്നതും ഒന്നും ചിത്രീകരിച്ചിട്ടില്ല. മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ മുഖത്ത് നിന്നും നെക്‌സ്‌റ്റ് കട്ടായാണ് മാധുരി ലാപ്ടോപ്പിന് മുന്നിൽ ഇരിക്കുന്നത്. ലാപ്ടോപ്പിന്‍റെ പിന്നിലെ ഡാർക്ക് വശത്ത് നിന്നും ക്യാമറ ഉയർന്നു ചെല്ലുന്നത് മിസിസ് മാധുരിയുടെ മുഖത്തേക്കാണ്," അദ്ദേഹം പറഞ്ഞു.
ഒരു എഡിറ്ററുടെ ചിന്താഗതിയിലാണ് താന്‍ ഷോട്ട് വച്ചിരിക്കുന്നതെന്നാണ് ഗൗതം മേനോന്‍ പറഞ്ഞത്. "മിസിസ് മാധുരി ലാപ്‌ടോപ്പിലേക്ക് നടന്നു വരുന്നത് ചിത്രീകരിച്ചിരുന്നെങ്കിൽ ലാഗ് സംഭവിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിൽ ചിലപ്പോൾ എഡിറ്റർ ആ ഷോട്ട് കട്ട് ചെയ്യാം. അത് വേണ്ട, ഞാൻ എഡിറ്ററെ പോലെ ചിന്തിച്ചാൽ പോരെ. അങ്ങനെ ചിന്തിച്ച് ഷൂട്ട് ചെയ്‌തത് തന്നെയാണ് വേട്ടയാട് വിളയാട് എന്ന സിനിമയിലെ ഇൻട്രോ ഗാനവും.. ഒരു എഡിറ്ററുടെ മികച്ച കാഴ്‌ച്ചപ്പാട് കൂടി ചേർന്നപ്പോൾ ആ ഗാനത്തിന്‍റെ രംഗങ്ങൾ അതിഗംഭീരമായി," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ മമ്മൂട്ടിയെ കൊണ്ട് തന്നെ മമ്മൂട്ടിയെ കളിയാക്കിപ്പിക്കുന്ന രംഗത്തെ കുറിച്ചും അദ്ദേഹം പങ്കുവച്ചു. "മമ്മൂട്ടിയുടെ ഡൊമനിക് എന്ന കഥാപാത്രത്തെ മമ്മൂട്ടിയുടെ തന്നെ മറ്റൊരു സിനിമയുമായി ചേർത്ത് കളിയാക്കുന്ന ഒരു രംഗമുണ്ട്. ഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം നാസയ്ക്ക് വേണ്ടി ഉണ്ടാക്കി എന്ന് പറയുന്ന സോഫ്‌റ്റ്‌വെയര്‍ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോൾ മെറ്റീരിയൽ ആണ്. ഇതേ ട്രോൾ മമ്മൂട്ടിക്ക് നേരെ കഥാപാത്രമായ മിസിസ് മാധുരി പ്രയോഗിക്കുന്നുണ്ട്. തന്‍റെ പഴയ സിനിമയിലെ ട്രോൾ രംഗങ്ങൾ തനിക്കെതിരെ ഈ ചിത്രത്തിൽ പ്രയോഗിക്കാൻ മമ്മൂട്ടിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. തിരക്കഥ വായിക്കുന്നതിനിടെ ഈ രംഗം എത്തിയപ്പോൾ ഒന്ന് ചിരിച്ചു, അത്രമാത്രം," ഗൗതം വാസുദേവ മേനോൻ പറഞ്ഞു.
അതുപോലെ ഗോകുൽ സുരേഷിനെ കൊണ്ട് സുരേഷ് ഗോപിയുടെ 'ദി ടൈഗർ' എന്ന സിനിമയിലെ വാപ്പച്ചിസ് ലഗസി എന്ന വളരെ പ്രശസ്‌തമായ പാസ്‌വേർഡ് ക്രാക്കിംഗ് സീൻ ട്രോളായി അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡൊമിനിക്കില്‍ 'ഭരത് ചന്ദ്രന്‍ ഐപിഎസ്', 'കമ്മീഷണർ' എന്നീ സിനിമകള്‍ റഫറൻസ് ആയി ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. "മമ്മൂട്ടിയുടെ കഥാപാത്രം കമ്മീഷണർ കണ്ടിട്ടുണ്ടോ എന്നും, ആ ചോദ്യം കേട്ട് 'യു മീൻ ഭരത് ചന്ദ്രൻ ഐപിഎസ്' എന്ന് ഗോകുൽ സുരേഷിന്‍റെ കഥാപാത്രം മറുപടിയും പറയുന്നുണ്ട്. യഥാർത്ഥത്തിൽ തിരക്കഥയിൽ മമ്മൂട്ടിയുടെ കഥാപാത്രം ചോദിക്കുന്നത് 'വേട്ടയാട് വിളയാട്' കണ്ടിട്ടുണ്ടോ എന്നാണ്. അതിന് മറുപടിയായി ഗോകുൽ 'യു മീൻ രാഘവൻ' എന്ന് മറുപടിയും പറയുന്നു. സിനിമയുടെ ചിത്രീകരണ സമയത്ത് ഞാൻ അങ്ങോട്ട് പറഞ്ഞിട്ടാണ് അത് മാറ്റി കമ്മീഷണറും ഭരത് ചന്ദ്രനും അവിടെ പറയാൻ മമ്മൂക്കയോട് ആവശ്യപ്പെട്ടത്," ഗൗതം വാസുദേവ് മേനോൻ വെളിപ്പെടുത്തി.
ഗൗതം വാസുദേവ് മേനോൻ ചിത്രങ്ങളിൽ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രീതി വളരെയധികം വ്യത്യസ്‌തമാണ്. ഇതുവരെ കണ്ട് പരിചയിച്ചിട്ടില്ലാത്ത രീതിയിലുള്ളതാണ് പ്രണയ രംഗങ്ങൾ. ഒരു സ്ത്രീയെ എത്രത്തോളം ബഹുമാനിക്കണം എന്ന് പ്രേക്ഷകരെ പറഞ്ഞു പഠിപ്പിച്ച സംവിധായകൻ കൂടിയാണ് ഗൗതം വാസുദേവ മേനോൻ.
"പ്രണയത്തെ എത്രത്തോളം പവിത്രമായി അവതരിപ്പിക്കാമോ അത്രയും പവിത്രമായി അവതരിപ്പിക്കാൻ എന്‍റെ സിനിമകളിൽ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഒരു പുരുഷനേക്കാൾ പ്രാധാന്യം സ്ത്രീയ്ക്ക് നൽകാൻ എപ്പോഴും ശ്രദ്ധിക്കും. ഞാൻ സ്ത്രീകളെ വളരെയധികം ബഹുമാനിക്കുന്ന ഒരാളാണ്. പ്രണയിനിയുടെ കാൽ പാദങ്ങളിൽ മുഖം ചേർത്ത് ഇഷ്‌ടം പ്രകടിപ്പിക്കുന്ന നായകന്‍മാരെ എന്‍റെ സിനിമകളിൽ മാത്രമെ നിങ്ങൾക്ക് കാണാനാകൂ. അങ്ങനെയുള്ള രീതികൾ എനിക്ക് ഇഷ്‌ടമാണ്," അദ്ദേഹം പറഞ്ഞു.
ഗൗതം വാസുദേവ് മേനോന്‍ അദ്ദേഹത്തിന്‍റെ പല സിനിമകളിലും നായികയുടെ കാലുകളിൽ നായകൻ പിടിക്കുന്ന രംഗം ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കേരളം ഉള്‍പ്പെടെ തമിഴ്‌നാട്ടിലും വളരെയധികം വിമർശിക്കപ്പെട്ട ഒരു രംഗത്തെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി.
"എന്‍റെ ആദ്യകാല ചിത്രങ്ങളിൽ ഒന്നിൽ ഇതുപോലൊരു രംഗം ഷൂട്ട് ചെയ്‌ത് കൊണ്ടിരുന്നപ്പോൾ തമിഴിലെ ഒരു പ്രശസ്‌ത നടൻ നായികയുടെ കാലിൽ തൊടാൻ വിസമ്മതിച്ചു. ഒരു പെണ്ണിന്‍റെ കാലിൽ തൊടുന്നത് കുറച്ചിലായി അവർ കാണുന്നു. കഥാപാത്രമായാൽ പോലും ഉള്ളിലെ ഈഗോ മാറ്റാൻ ചിലർ തയ്യാറല്ല. പ്രണയിക്കുമ്പോൾ സത്യത്തിൽ ഈഗോ പാടില്ല എന്നാണ്," ഗൗതം മേനോൻ അഭിപ്രായപ്പെട്ടു.
'എന്നെ നോക്കി പായും തോട്ട' എന്ന സിനിമ സംവിധാനം ചെയ്‌തത് ഞാനല്ല എന്ന് ഒരു അഭിമുഖത്തില്‍ ഗൗതം വാസുദേവ് മേനോൻ പറയുകയുണ്ടായി. അതിനെ തുടർന്ന് വലിയ സൈബർ അറ്റാക്കാണ് അദ്ദേഹത്തിന് നേരെ സംഭവിക്കുന്നത്. ഇതേക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
"എന്നെ നോക്കി പായുംതോട്ട എന്ന ചിത്രം ഞാൻ നിർമ്മിച്ച് സംവിധാനം ചെയ്‌ത ചിത്രമാണ്. ആ സിനിമ ഒരുപക്ഷേ വേണ്ട രീതിയിൽ വിജയിച്ചില്ല. ആ അഭിമുഖം പൂർണമായി കാണാതെ ഒരു പാർട്ടിക്കുലർ മറുപടിയുടെ ഭാഗം മാത്രമാണ് സോഷ്യൽ മീഡിയയിൽ കട്ട് ചെയ്‌ത് പ്രചരിപ്പിച്ചത്. ആ സിനിമ ഞാൻ തന്നെയാണ് സംവിധാനം ചെയ്‌തത്. സിനിമയെ കുറിച്ച് ആ അഭിമുഖത്തില്‍ സംസാരിക്കുമ്പോൾ, 'ഞാനല്ല ആ ചിത്രം സംവിധാനം ചെയ്‌തത്.. മറ്റാരോ ആണ്' എന്ന് പറഞ്ഞത് സർക്കാസമായാണ്. അത് ഞാൻ നിർമ്മിച്ച സിനിമ ആയതുകൊണ്ടാണ് അങ്ങനെ ഒരു തമാശ പറഞ്ഞത്. മറ്റൊരാൾ നിർമ്മിച്ച ചിത്രം ആയിരുന്നെങ്കിൽ ഞാൻ അങ്ങനെ ഒരു തമാശ പറയില്ലായിരുന്നു. അഭിമുഖം മുഴുവൻ കണ്ടാൽ ഞാൻ പറഞ്ഞ തമാശയുടെ അർത്ഥം എന്താണെന്ന് പ്രേക്ഷകർക്ക് മനസ്സിലാകും," സംവിധായകന്‍ വ്യക്‌തമാക്കി.
ഗൗതം വാസുദേവ് മേനോൻ അദ്ദേഹത്തിന് എപ്പോഴും കാണാന്‍ ഇഷ്‌ടമുള്ള സിനിമകളെ കുറിച്ചും പറഞ്ഞു. "തമിഴ് ചിത്രമായ 'നായകൻ', 'ഇരുവർ' എപ്പോഴും കാണുന്ന സിനിമകളാണ്. മലയാളത്തിൽ 'തനിയാവർത്തനം', 'കിരീടം' എന്നിവയാണ് ഇഷ്‌ടപ്പെട്ട സിനിമകൾ. മനസ്സ് റിലാക്‌സ് ആക്കാൻ മലയാള ചിത്രമായ 'കിലുക്കം' ഇടക്കിടയ്‌ക്ക് കാണും. മമ്മൂട്ടിയുമായി ഒരുമിച്ച് വർക്ക് ചെയ്യുന്ന സമയത്ത് 'സിബിഐ ഡയറിക്കുറിപ്പ്' സീരിസ് എല്ലാം കണ്ടു. 'തേന്‍മാവിൻ കൊമ്പത്ത്', 'മണിച്ചിത്രത്താഴ്' എന്നീ സിനിമകൾ എന്‍റെ പാഠ പുസ്‌തകങ്ങളാണ്," ഗൗതം വാസുദേവ് മേനോൻ വെളിപ്പെടുത്തി. ഒരു മലയാളി റിപ്പോർട്ടറോട് സംസാരിക്കുന്നത് കൊണ്ടല്ല മലയാളം സിനിമയുടെ എണ്ണം കൂടുതൽ പറഞ്ഞതെന്നും അദ്ദേഹം പ്രത്യേകം പറഞ്ഞു.
സംവിധാനത്തിന് പുറമെ ഗൗതം വാസുദേവ് മേനോന്‍ പല സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്. എന്നാല്‍ തനിക്ക് ഏറ്റവും ഇഷ്‌ടമുള്ള കാര്യത്തെ കുറിച്ചും അദ്ദേഹം പങ്കുവച്ചു.
"സംവിധാനം ചെയ്യുന്നത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും ഇഷ്‌ടമുള്ള കാര്യം. ചില സാഹചര്യങ്ങളിൽ അഭിനയ ലോകത്തേക്ക് കടന്ന് വരേണ്ടി വന്നു. അഭിനയ ജീവിതം ഒരിക്കലും എഞ്ചോയി ചെയ്യുന്നില്ല. ഒരു കഥാപാത്രം അഭിനയിക്കാൻ വിളിച്ചാൽ വൃത്തിയായിട്ട് ചെയ്‌തു കൊടുക്കണം എന്നതിലുപരി അഭിനയിക്കാൻ ഒട്ടും താല്‍പ്പര്യമില്ല. താല്‍പ്പര്യമില്ലെന്ന് കരുതി അഭിനയിക്കാൻ ചെന്ന് കഴിഞ്ഞാൽ അതിൽ ആത്‌മാർത്ഥത കുറവ് കാണിക്കാറുമില്ല. പിന്നെ എനിക്ക് ഇഷ്‌ടപ്പെടുന്ന, എനിക്ക് സഹകരിക്കാൻ തോന്നുന്ന വ്യക്‌തികളുടെ സിനിമകളിൽ മാത്രമാണ് ഞാൻ അഭിനയിക്കുക. എല്ലാ അവസരങ്ങളും സ്വീകരിക്കാറില്ല. മികച്ച സിനിമകൾ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്," അദ്ദേഹം പറഞ്ഞു.
എഴുതുന്നതും അദ്ദേഹത്തിന് ഇഷ്‌ടമുള്ള ഒരു കാര്യമാണ്. എന്നാലിപ്പോള്‍ പൂർണ്ണമായി ഡെഡിക്കേറ്റ് ചെയ്യാൻ സാധിക്കുന്നില്ലെന്നും അതുകൊണ്ടാണ് മറ്റ് റൈറ്റേഴ്‌സിനൊപ്പം ഇപ്പോൾ കൂടുതൽ സഹകരിക്കേണ്ടി വരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. "ഒഴിവ് സമയങ്ങളിൽ കൂടുതൽ സിനിമകൾ കാണാനും പുസ്‌തകങ്ങൾ വായിക്കാനുമാണ് ശ്രമിക്കുക. മൂന്ന് ആൺ കുട്ടികളാണ് എനിക്ക്. അവരാണ് എന്‍റെ ഊർജ്ജം," അദ്ദേഹം പറഞ്ഞു.
പ്രേക്ഷകര്‍ നാളേറെയായി കാത്തിരിക്കുന്ന 'ധ്രുവനച്ചത്തിരം', 'യോഹന്‍ അധ്യായം ഒണ്ട്ര്' എന്നീ ഗൗതം വാസുദേവ് മേനോന്‍ ചിത്രങ്ങളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. "വിശാലിനെ നായകനാക്കി യോഹന്‍ അധ്യായം ഒണ്ട്ര് ആരംഭിക്കുന്നു എന്ന് പറയുന്ന കാര്യങ്ങളിൽ യാതൊരു വസ്‌തുതയും ഇല്ല. വിശാലിനെ നായകനാക്കി ഒരു ചിത്രം ആലോചിക്കുന്നുണ്ട്. പക്ഷേ അത് യോഹൻ അല്ല. യോഹന്‍ പേപ്പറിൽ മാത്രമാണ് ഇപ്പോഴുള്ളത്. തിരക്കഥ രചന പൂർത്തിയായിട്ടില്ല. എപ്പോൾ വന്നാലും ആ ചിത്രം ലോക നിലവാരത്തില്‍ ഉള്ളതായിരിക്കും," സംവിധായകന്‍ വ്യക്‌തമാക്കി.
ധ്രുവനച്ചത്തിരം എന്ന സിനിമ സാമ്പത്തിക പ്രതിസന്ധികളിൽ പെട്ടാണ് റിലീസ് വൈകുന്നത് എന്ന് അദ്ദേഹം വ്യക്‌തമാക്കി. "സിനിമയുമായി ബന്ധപ്പെട്ട ഒരു കേസ് ഇപ്പോഴും കോടതിയിൽ നടക്കുന്നു. 20 ശതമാനം ലീഗൽ പ്രശ്‌നങ്ങൾ ഇനിയും സോൾവ് ചെയ്യാനുണ്ട്. ഈ പ്രശ്‌നങ്ങൾ തീരുകയാണെങ്കിൽ നാളെ വേണമെങ്കിൽ പോലും ഈ ചിത്രം റിലീസ് ചെയ്യാം. കോർട്ടിൽ നിന്നും അനുകൂല വിധി ലഭിച്ചാൽ ഉടൻ തന്നെ ധ്രുവനക്ഷത്രം തിയേറ്ററിൽ എത്തും," ഗൗതം വാസുദേവ മേനോൻ പറഞ്ഞു.