ന്യൂഡല്‍ഹി: നാളെ മുതല്‍ മൂന്നാം തീയതി വരെ ഉറൂസ് ആഘോഷം നടത്താന്‍ അനുമതി തേടിക്കൊണ്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി. ഗുജറാത്തിലെ ഗിര്‍സോമനാഥ് ജില്ലയിലെ പൊളിച്ച ദര്‍ഗയില്‍ ആഘോഷം നടത്താനായിരുന്നു അനുമതി തേടിയത്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, അഗസ്റ്റിന്‍ ജോര്‍ജ് മാസി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
1951ല്‍ സര്‍ദാര്‍ പട്ടേല്‍ സോമനാഥ് ട്രസ്റ്റിന് അനുവദിച്ച ഭൂമിയാണ് ഇതെന്ന് ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്‌ത്ത ചൂണ്ടിക്കാട്ടി. ദര്‍ഗ പൊളിച്ച് കളഞ്ഞ സംഭവത്തിലേക്ക് മെഹ്‌ത്ത കോടതിയുടെ ശ്രദ്ധ ക്ഷണിച്ചു. മതം നോക്കാതെ തന്നെ അനധികൃതമായ നിര്‍മാണങ്ങള്‍ എല്ലാം പൊളിച്ച് നീക്കണം.
ഇത്തരത്തില്‍ നീക്കം ചെയ്യുന്നതിന്‍റെ ഭാഗമായി 2023 ഒക്‌ടോബര്‍ എട്ടിന് 26 കയ്യേറ്റങ്ങള്‍ പൊളിച്ച് നീക്കി. ഇതിലൊരു കയ്യേറ്റം ഹിന്ദു സമുദായത്തിന്‍റേതായിരുന്നു. രണ്ടാംഘട്ടത്തില്‍ ജനുവരിയിൽ 27, 2024ല്‍ 174 കയ്യേറ്റങ്ങളും ഒഴിപ്പിച്ചു. ഹിന്ദു സമുദായത്തിന്‍റേത് അടക്കമുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചുവെന്നും മെഹ്‌ത്ത കോടതിയെ ബോധിപ്പിച്ചു.
മൂന്നാം ഘട്ട ഒഴിപ്പിക്കലില്‍ 2024 ജനുവരി 27ന് 155 കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു. ഒരു ഗ്രാമത്തിലെ പൊതുപാതകളില്‍ നിന്നടക്കമുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു. ഇതില്‍ 147 എണ്ണവും ഹിന്ദു സമുദായത്തിന്‍റേതായിരുന്നു. എട്ടെണ്ണം മുസ്ലീം സമുദായത്തിന്‍റേതുമായിരുന്നു. നാലാം ഘട്ടത്തില്‍ നാല്‍പ്പത് കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചത്.
ഇതെല്ലാം തന്നെ ഹിന്ദു സമുദായത്തിന്‍റേതായിരുന്നു. അഞ്ചാം ഘട്ടത്തില്‍ 102 ഏക്കര്‍ കയ്യേറ്റ ഭൂമി ഒഴിപ്പിച്ചെന്നും മെഹ്ത്ത പറഞ്ഞു. നടപടികള്‍ പാലിക്കാതെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കരുതെന്ന കോടതിയുടെ ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ കോടതിയലക്ഷ്യം കീഴ്‌ക്കോടതിയിലും ഹൈക്കോടതിയിലും ഫയല്‍ ചെയ്‌തിരുന്നതായും മെഹ്ത്ത ചൂണ്ടിക്കാട്ടി. എന്നാല്‍ അവയെല്ലാം തള്ളിപ്പോയി.
ഈ സ്ഥലത്ത് യാതൊരു മതാചാരങ്ങളും ആഘോഷങ്ങളും അനുവദിക്കുന്നില്ലെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. ഇതൊരു സംരക്ഷിത കെട്ടിടമാണ്. രണ്ട് ക്ഷേത്രങ്ങള്‍ തകര്‍ത്തതായും ജസ്റ്റിസ് ഗവായി ചൂണ്ടിക്കാട്ടി. 2023ല്‍ കെട്ടിടം പൊളിക്കുന്നതിന് മുമ്പ് വിശദമായ സര്‍വേ നടത്തിയിരുന്നതായി പുരാവസ്‌തു വകുപ്പ് വ്യക്തമാക്കിയിരുന്നെന്നും ഇത് ചരിത്ര പ്രാധാന്യമൊന്നുമില്ലെന്ന് കണ്ടെത്തിയിരുന്നെന്നും അവര്‍ അറിയിച്ചിരുന്നു.
20 പേരില്‍ കൂടുതല്‍ സ്ഥലത്ത് കൂടുന്നത് സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ടെന്നും മെഹ്ത്ത കോടതിയെ ബോധ്യപ്പെടുത്തി. ഒരു മത പരിപാടിയും നടത്താന്‍ അനുവദിക്കരുതെന്ന് മെഹ്ത്തയോട് ജസ്റ്റിസ് ഗവായ് നിര്‍ദേശിച്ചു.