ന്യൂഡൽഹി: ആണവോര്‍ജ്ജ ദൗത്യ പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഗവേഷണവും വികസനവും ഉള്‍പ്പെടുന്ന പദ്ധതിയാണിത്. 20,000 കോടി രൂപയാണ് ഇതിനായി മാറ്റി വച്ചിട്ടുള്ളത്. 2033ഓടെ അഞ്ച് റിയാക്‌ടറുകളെങ്കിലും തദ്ദേശീയമായി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
2047ഓടെ 100 ജിഗാവാട്ട് ആണവോര്‍ജ്ജ ഉത്പാദനത്തിനും രാജ്യം ലക്ഷ്യമിടുന്നെന്ന് മന്ത്രി വ്യക്തമാക്കി.
സാങ്കേതിക മേഖലകളിലെ ഗവേഷണത്തിനായി പതിനായിരം ഫെല്ലോഷിപ്പുഖളും മന്ത്രി പ്രഖ്യാപിച്ചു. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ ഐഐടികളിലും ഐഐഎസ്‌സികളിലുമുള്ളവര്‍ക്കാണ് ഇത് നല്‍കുകയെന്നും അവര്‍ വ്യക്തമാക്കി.
ഗ്യാന്‍ ഭാരത് ദൗത്യത്തിന് പുറമെ ദേശീയ സ്‌പേഷ്യല്‍ ദൗത്യവും മന്ത്രി പ്രഖ്യാപിച്ചു.
പതിനെട്ട് അധിക ആണവ റിയാക്‌ടറുകള്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. ഈ റിയാക്‌ടറുകളില്‍ നിന്ന് 13,800 മെഗാവാട്ട് വൈദ്യുതി ഉത്‌പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതോടെ 2031-32ല്‍ രാജ്യത്തിന്‍റെ മൊത്തം ആണവോര്‍ജ്ജ ശേഷി 22,480 മെഗാവാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ആണവോര്‍ജ്ജ മേഖലയില്‍ പൂര്‍ണമായും വിദേശ നിക്ഷേപം അനുവദിക്കുമെന്നും ധനമന്ത്രി അറിയിച്ചു. ഇതിനായി 2010ലെ സിവില്‍ ലയബലിറ്റി ന്യുക്ലിയര്‍ ഡാമേജ് ആക്‌ടിലും ഭേദഗതി കൊണ്ടുവരുമെന്നും നിര്‍മ്മല വ്യക്തമാക്കി.
Also Read: കേന്ദ്ര ബജറ്റ് 2025 - UNION BUDGET 2025