കണ്ണൂർ : ഉത്തരമലബാറിൽ ഇത് തെയ്യക്കാലമാണ്. കളിയാട്ടങ്ങളും പെരുങ്കാളിയാട്ടങ്ങളും കൊണ്ട് കാവുകൾ ജനസമുദ്രമാവുമ്പോൾ അതിൽ കൂട്ടായ്‌മയുടെ ഐക്യപ്പെടൽ ഭംഗി നൽകുന്നത് ഊട്ടുപുരകളിൽ നിന്ന് ഉള്ള കാഴ്‌ചകൾ കൂടിയാണ്. 1000 ലധികം പേർക്ക് ഇരിക്കാവുന്ന ഇരിപ്പിടങ്ങൾ ഉൾപ്പെട്ട അന്നദാന പുരകളും തിരക്ക് കുറക്കാനുള്ള സജീകരണങ്ങളും ഒക്കെ സംഘാടകർ ഒരുക്കുമ്പോൾ കൂട്ടായ്‌മയുടെ ശക്തി ആരെയും അമ്പരപ്പിക്കും.
പക്ഷെ ഈ അടുത്ത കാലത്തായി ഉത്സവ ശേഷം ഭക്ഷണം കഴിച്ചു വരുന്നവരിൽ നിന്ന് അത്ര നല്ല വാർത്തകൾ അല്ല പുറത്ത് വരുന്നത്. പെരുങ്കാളിയാട്ടങ്ങളിൽ ഉൾപ്പടെ കളിയാട്ട കാവുകളിൽ വില്ലനാവുന്നത് അന്നദാനത്തിലെ ഭക്ഷ്യ വിഷബാധയാണ്. 2024 ഡിസംബറിൽ കൊക്കാട് മുച്ചിലോട്ട് നടന്ന പെരുങ്കാളിയാട്ടത്തിലും 2025 ജനുവരിയിൽ മാതമംഗലം നടന്ന പെരുങ്കാളിയാട്ടത്തിലും സ്ഥിതിയില്‍ മാറ്റമുണ്ടായില്ല. 100 കണക്കിനാക്കുകൾ ഛർദിയും വയറിളക്കവും മൂലം ആശുപത്രികൾ കയറിയിറങ്ങി.
പെരുങ്കാളിയാട്ടം നടക്കുന്ന കാവുകൾക്ക് അപ്പുറവും തെയ്യാട്ടങ്ങൾ നടക്കുന്ന പല കോട്ടങ്ങളിൽ നിന്നും അന്നദാനത്തിലെ ഭക്ഷ്യ വിഷബാധ തുടർകഥ ആയി പുറത്ത് വന്നു. ആദ്യ ദിവസങ്ങളിൽ ചെറു വാർത്തകൾ ആയി കടന്നുപോയെങ്കിലും ഭക്ഷ്യ വിഷബാധ എങ്ങനെ ഉണ്ടാകുന്നു എന്നതിനുത്തരം എവിടെ നിന്നും കണ്ടെത്താനും കഴിയുന്നില്ല.
എന്താണ് ഭക്ഷ്യ വിഷബാധ? ലക്ഷണങ്ങൾ എന്തൊക്കെ?
ആരോഗ്യ വിഭാഗം പുറത്തു വിടുന്നത് തന്നെ ഇങ്ങനെ ആണ് -'മലിനമായതോ പഴകിയതോ സുരക്ഷിതമല്ലാത്തതോ ആയ ഭക്ഷണമോ ജലമോ കഴിച്ചത് കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾക്ക് പൊതുവായി പറയുന്ന പേരാണ് ഭക്ഷ്യവിഷബാധ.' വയറ്റിലുള്ള അസ്വസ്ഥതകളാണ് (വയറുവേദന, ഓക്കാനം, ഛർദി, വയറിളക്കം, പനി) പ്രധാന ലക്ഷണങ്ങൾ. എങ്കിലും, ഇവയിൽ മാത്രം ഒതുങ്ങി നിൽക്കണമെന്നില്ല.
![FOOD POISONING IN KALIYATTAM FEST REASONS OF FOOD POISONING SYMPTOMS OF FOOD POISONING അന്നദാനത്തിലെ ഭക്ഷ്യ വിഷബാധ](https://etvbharatimages.akamaized.net/etvbharat/prod-images/01-02-2025/23448002_3.png)
വളരെ ലഘുവായ ലക്ഷണങ്ങൾ മുതൽ മരണകാരണം വരെയാകാം ഭക്ഷ്യവിഷബാധയുടെ പരിണിത ഫലം. ബാക്‌ടീരിയ (ഇ കോളി, ഷിഗെല്ല, സാൽമോണെല്ല മുതലായവ), വൈറസുകൾ (നോവോ വൈറസ്) ഫംഗസുകൾ, വിഷക്കൂണുകൾ, പരാദങ്ങൾ എന്നിവയാണ് പ്രധാന കാരണക്കാർ. രോഗാണുക്കൾ ഉത്‌പാദിപ്പിക്കുന്ന വിഷവസ്‌തുക്കൾ (Toxins) അടങ്ങിയ ഭക്ഷണം വിഷബാധക്കിടയാക്കും.
സ്‌റ്റാഫൈലോകോക്കസ് പോലുള്ള ചില ബാക്‌ടീരിയകളാൽ മലിനമാക്കപ്പെട്ട ഭക്ഷണത്തിൽ, കഴിക്കുന്നതിനു മുമ്പ് തന്നെ വിഷ വസ്‌തുക്കൾ അടങ്ങിയിരിക്കും. കഴിച്ച് രണ്ടു മൂന്നു മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷണങ്ങൾ തുടങ്ങും. ഇത്തരം ടോക്‌സിനുകൾ ഭക്ഷണം ചൂടാക്കിയത് കൊണ്ട് നശിക്കണമെന്നില്ല. മറ്റു ചില രോഗാണുക്കളാകട്ടെ, കുടലിൽ പ്രവേശിച്ച ശേഷമാകും വിഷവസ്‌തുക്കൾ ഉത്‌പാദിപ്പിക്കുക. ഉദാഹരണം ഷിഗെല്ല.
വിശ്വാസവും നാണക്കേടും പലരും പറയാൻ മടിക്കുന്ന കാരണങ്ങൾ, രണ്ടു ദിവസം കൊണ്ട് മൂടി പോകുന്ന ദുരന്ത സാധ്യത...
2025 ജനുവരി 25 മുതൽ 28 വരെയാണ് കണ്ണൂർ മാതമംഗലം മുച്ചിലോട്ട് പെരുങ്കാളിയാട്ടം നടന്നത്. 28നു ശേഷമാണ് പലരും ചികിത്സ തേടിയത്. നാലു ദിനങ്ങൾ നീണ്ട കളിയാട്ടം. എല്ലാവരും ആശുപത്രിയിൽ എത്തിയത് ഏതാണ്ട് ഒരേ കാരണങ്ങൾ മൂലം. വയറിളക്കം, ഛർദി, ശരീര വേദന.
100 പേർ കഴിക്കുമ്പോൾ അതിൽ 30 മുതൽ 40 പേർക്ക് മാത്രമാണ് ഭക്ഷ്യ വിഷ ബാധ ഏൽക്കുന്നത് എന്നതാണ് മറ്റൊരു കാര്യം. ചോദിച്ചവർ പലരും പറയാൻ മടിച്ചു. ആഘോഷ കമ്മിറ്റിയെ ബന്ധപ്പെട്ടപ്പോൾ ആരോഗ്യ വിഭാഗത്തിന്‍റെ ക്ലോറിനേഷനിലേക്ക് ആയിരുന്നു അവർ സംശയം പ്രകടിപ്പിച്ചത്. ബാക്കിയെല്ലാം നല്ലരീതിയിൽ നടത്തിയിട്ടുണ്ട്.
![FOOD POISONING IN KALIYATTAM FEST REASONS OF FOOD POISONING SYMPTOMS OF FOOD POISONING അന്നദാനത്തിലെ ഭക്ഷ്യ വിഷബാധ](https://etvbharatimages.akamaized.net/etvbharat/prod-images/01-02-2025/23448002_1.png)
ഭക്ഷണം മോശമെങ്കിൽ കുറച്ചു പേർക്ക് മാത്രം ആരോഗ്യ പ്രശ്‌നങ്ങൾ വരുന്നതെങ്ങനെ?
വിവിധ ഇടങ്ങളിൽ പല ഡെക്കറേഷൻ സ്ഥാപനങ്ങളാണ് പാചകത്തിനായി അലുമിനിയം പാത്രങ്ങൾ എത്തിക്കുന്നത്. ഇതിൽ നിന്നുണ്ടാകുന്ന പ്രധാന ഭീഷണി ക്ലാവ് പിടിച്ച പാത്രങ്ങൾ ആണ്. എന്നാൽ പച്ചക്കറി ഉൾപ്പടെ പാത്രങ്ങളും ചൂട് വെള്ളത്തിൽ കഴുകുന്നത് കൊണ്ട് ഇതിന്‍റെ സാധ്യത ഇല്ലാതാക്കാൻ കഴിയും.
മറ്റൊന്ന് അന്നദാന നിധിയിലേക്ക് പലരും സ്പോൺസർ ചെയ്യുന്ന ക്വാളിറ്റി കുറഞ്ഞ അരിയും സാധനങ്ങളും ആണ്. ചെറിയ തുകയ്ക്ക് ക്വാളിറ്റി കുറഞ്ഞ് കിട്ടുന്ന അരി ഉൾപ്പടെയുള്ള സാധനങ്ങൾ അതും മൂന്നോ നാലോ തവണ കഴുകേണ്ടി വരും എന്ന് സംസ്ഥാന കായികമേളയിൽ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം പാകം ചെയ്‌ത പാചക രത്നം ദാമോദര പൊതുവാളിന്‍റെ സംഘത്തിലെ പാചക കലാകാരൻ ധനു അന്നൂർ പറയുന്നു.
നമ്മുടെ പാചകത്തിൽ നിന്നുണ്ടാവുന്ന പ്രശ്‌നമാണെങ്കിൽ 100 പേർ കഴിക്കുമ്പോൾ 40 പേർക്ക് മാത്രം ഈ പ്രശ്‌നം ഉണ്ടാകേണ്ടതില്ലല്ലോ..? ധനു അന്നൂർ ചോദിക്കുന്നു. ആരോഗ്യ വിഭാഗത്തിന്‍റെ ക്ലോറിനേഷൻ നടപടി കൃത്യമാണോ എന്ന് പരിശോധിക്കണം. കൂടാതെ വെള്ളം എത്തിക്കാൻ കരാർ കൊടുക്കുന്ന സംഘം എവിടെ നിന്ന് വെള്ളം എത്തിക്കുന്നു എന്നും പരിശോധിക്കണം -ആദ്ദേഹം കൂട്ടിചേർത്തു.
ക്ലോറിനേഷനിലേക്ക് വിരൽ ചൂണ്ടുന്ന ഭക്ഷ്യ വിഷബാധ
ക്ലോറിനേഷൻ ഏറെ കൃത്യതയും സമയവും എടുത്ത് ചെയ്യേണ്ടതാണെന്ന് പറയുകയാണ് പയ്യന്നൂർ കോളജിലെ രസതന്ത്രം വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ഡോക്‌ടര്‍ സുജിത് കെ വി. വെള്ളം കൊണ്ട് മാത്രമല്ല ഭക്ഷ്യവിഷ ബാധ ഉണ്ടാവുന്നത്. പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം. പക്ഷെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം വെള്ളം തന്നെയാണ്.
വെള്ളം ശുചീകരണത്തിന് വേണ്ടി യുവി റേഡിയേഷൻ, ഓസോൺ, റിവേഴ്‌സ് ഓസ് മോസിസ് തുടങ്ങി പല വഴികൾ ഉണ്ടെങ്കിലും പണ്ടുകാലം മുതൽ ഉപയോഗിക്കുന്ന അണുനശീകരണ രീതിയാണ് ക്ലോറിനേഷൻ. എല്ലാവർക്കും ചെയ്യാൻ പറ്റുന്നതും എളുപ്പവഴിയും ക്ലോറിനേഷൻ ആണ്. ഒരുപാട് കാലങ്ങളായി തുടർന്നു വരുന്ന രീതിയും ക്ലോറിനേഷൻ തന്നെയാണ്.
ക്ലോറിൻ ഗ്യാസ്, ബ്ലീച്ചിങ് പൗഡർ, കാത്സ്യം ഹൈപ്പോക്ലോറൈറ്റ്, കാത്സ്യം ഓക്‌സിക്ലോറൈഡ്, സോഡിയം ഹൈപ്പോക്ലോറൈറ്റ് തുടങ്ങിയവയൊക്കെ ക്ലോറിനേഷൻ രീതികൾക്ക് ഉപയോഗിക്കാമെന്ന് ഡോക്‌ടർ സുജിത് പറയുന്നു. ഇവയിൽ ഏത് ചെയ്‌താലും വെള്ളവുമായി ചേർന്ന് ഹൈപ്പോക്ലോറസ് ആസിഡാണ് ഉണ്ടാവുന്നത്. ക്ലോറിൻ വന്നു കഴിഞ്ഞാൽ ബാക്‌ടീരിയ അല്ലെങ്കിൽ വൈറസ് എന്നിവയെ നശിപ്പിക്കുന്നത് ആണ് രീതി.
ഇങ്ങനെയൊക്കെ ആണെങ്കിലും ക്ലോറിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം എത്ര മാത്രം ക്ലോറിൻ ശുചീകരണത്തിനായി ഉപയോഗിക്കാം എന്നുള്ളതാണ്. ഇത് വലിയ ചോദ്യം തന്നെയാണ്. പലപ്പോഴും .5 മുതൽ 5 മില്ലിഗ്രാം ക്ലോറിനാണ് ഒരു ലിറ്റർ വെള്ളം ശുചീകരിക്കാൻ ഉപയോഗിക്കുന്നത്. ഇത് വെള്ളത്തിന്‍റെ പിഎച്ച് മൂല്യവും താപനിലയും സമയവും വെള്ളത്തിന്‍റെ കലക്കവും ഒക്കെ പരിഗണിച്ചു കൊണ്ടാണ് ചെയ്യുന്നത്.
![FOOD POISONING IN KALIYATTAM FEST REASONS OF FOOD POISONING SYMPTOMS OF FOOD POISONING അന്നദാനത്തിലെ ഭക്ഷ്യ വിഷബാധ](https://etvbharatimages.akamaized.net/etvbharat/prod-images/01-02-2025/23448002_2.png)
ഇതിന്‍റെ അളവ് എത്രയെന്ന് ഇതുമായി ബന്ധപ്പെടുത്തി മാത്രമേ പറയാൻ പറ്റൂ എന്നാണ് സുജിത് പറയുന്നത്. അതിനായി കൃത്യമായ പഠനം വേണം. ഭൂമിയേയും വെള്ളത്തിന്‍റെ ഘടനയും പഠിക്കണം. അത് ഒരുപക്ഷേ പ്രയാസം തന്നെയാണ്. അതിന് വിശദമായ സമയവും വേണം.
ഈ പഠനം നടത്തുന്നുണ്ടോ എന്നതും സംശയമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കൂടാതെ 1000 കണക്കിന് ആളുകൾ വരുന്ന പെരുങ്കാളിയാട്ട കാവുകളിൽ സമയവും വലിയ ഘടകമായി വരുന്നു. ക്ലോറിനേഷന്‍റെ നടപടികൾക്ക് ഇതുപോലെ ഒരുപാട് ബുദ്ധിമുട്ടുണ്ട് ആദ്ദേഹം വ്യക്തമാക്കുന്നു.
Also Read:
ശരീരത്തിൽ പ്രോട്ടീൻ കുറവാണോ ? എങ്ങനെ തിരിച്ചറിയാം
കുഷ്‌ഠം മാറാരോഗമല്ല; ചികിത്സയിലൂടെ പൂര്‍ണമായും ഭേദമാക്കാം, അറിയേണ്ടതെല്ലാം