മലയാള സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള കലാസംവിധായകരിൽ ഒരാളാണ് ജ്യോതിഷ് ശങ്കർ. അദ്ദേഹം സംവിധാനം ചെയ്‌ത പൊന്മാൻ എന്ന ചിത്രം തിയേറ്റുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. തന്‍റെ കരിയറിലെ ഏറ്റവും മികച്ച കലാ സംവിധാനം ഒരുക്കിയത് മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന് വേണ്ടിയാണെന്ന് ജ്യോതിഷ് ശങ്കർ പറയുകയുണ്ടായി.
പൊന്മാൻ എന്ന സിനിമയുടെ വിശേഷങ്ങൾ ഇടിവി ഭാരതിനോട് സംസാരിക്കുന്നതിനിടയിലാണ് തന്‍റെ കലാ സംവിധാന ജീവിതത്തെക്കുറിച്ചും ജ്യോതിഷ് വാചാലനായത്. കരിയറിലെ ആദ്യത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം കൂടിയായിരുന്നു ഭ്രമയുഗം എന്ന് ജ്യോതിഷ് ശങ്കർ പറയുകയുണ്ടായി. ന്നാ താൻ കേസ് കൊട്, വൈറസ് കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി 55 ഓളം ഹിറ്റ് ചിത്രങ്ങൾക്ക് അദ്ദേഹം കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്.
ജ്യോതിഷ് ശങ്കറിന്‍റെ വാക്കുകളിലൂടെ....
"സംവിധാന മോഹം ഉണ്ടായിരുന്നുവെങ്കിലും സിനിമയിൽ കലാ സംവിധായകൻ ആയിട്ടാണ് ആദ്യം കടന്നുവരുന്നത്. സലിംകുമാറിന് ദേശീയ പുരസ്‌കാരം ലഭിച്ച ആദമിന്‍റെ മകൻ അബു എന്ന ചിത്രത്തിൽ കലാ സംവിധാനം ചെയ്‌ത് കൊണ്ട് സ്വതന്ത്രൻ ആയി. പിന്നീട് മലയാളത്തിലെ എണ്ണം പറഞ്ഞ ചിത്രങ്ങളിൽ കലാ സംവിധായകനായി പ്രവർത്തിച്ചു.
ഒരു സിനിമയിൽ പ്രവർത്തിക്കാൻ പോകുന്നതിനു മുമ്പ് ആദ്യം ചിന്തിക്കുന്നത് എന്ത് പുതുമ ഈ സിനിമയിൽ കൊണ്ടുവരാം എന്നുള്ളതാണ്. ജനങ്ങൾക്ക് പുതുമ ഇഷ്‌ടമാണ്. പുതുമയുള്ള കാര്യങ്ങൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കും.
"കുമ്പളങ്ങി നൈറ്റ്സിലെ വീട് അത്തരമൊരു പുതുമയുടെ പര്യായമായിരുന്നു. സൗബിന്‍റെയും ഷെയ്ൻ നിഗത്തിന്‍റേയും വീട് സെറ്റ് ഇടാം എന്നായിരുന്നു ആദ്യം തീരുമാനിച്ചത്. സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ സെറ്റ് വർക്ക്കളിൽ ഒന്നായിരുന്നു അത്. എന്നാൽ ആ വീട് സാധാരണ സിനിമാ സെറ്റ് അല്ല.
യഥാർഥത്തിൽ ഞങ്ങൾ ഒരു വീട് സൃഷ്‌ടിക്കുകയായിരുന്നു അവിടെ. ഒരു യഥാർഥ വീട് എങ്ങനെയാണോ പണിയുന്നത് അതുപോലെയാണ് ആ വീട് നിർമ്മിച്ചിരിക്കുന്നത്. പഴയ പണി തീരാത്ത വീട് ആണെന്ന് തോന്നിപ്പിക്കാൻ ചുവരുകളിൽ പായൽ വളർത്തി. പായലാണെന്ന് തോന്നിപ്പിക്കാൻ ചായം പൂശുക അല്ലായിരുന്നു. വളർത്തിയിരിക്കുന്നത് ഒറിജിനൽ പായലാണ്. അവിടെ ഒറിജിനലായി ആ വീട് സൃഷ്‌ടിച്ചത് കൊണ്ടാണ് കഥയിൽ ഒരു ഏച്ചുകെട്ടൽ ജനങ്ങൾക്ക് തോന്നാത്തത്.
ഇന്നും അവിടെ ആ വീടുണ്ട്. കുമ്പളങ്ങിയിൽ എത്തുന്നവർ ആ വീട് കാണാതെ മടങ്ങുകയില്ല. നിരവധി സിനിമകൾക്ക് കലാസംവിധാനം നിർവഹിച്ചിട്ടുണ്ടെങ്കിലും അടുത്തിടെ പുറത്തിറങ്ങിയ ഭ്രമയുഗം എന്ന സിനിമയിൽ കലാ സംവിധാനം നിർവഹിച്ചതിനെക്കുറിച്ച് കൂടി ജ്യോതിഷ് ശങ്കർ വിശദമാക്കി.
"ഒരു കളർ സിനിമയ്ക്ക് കലാസംവിധാനം ഒരുക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയ്ക്ക് കലാസംവിധാനം ഒരുക്കാൻ. പ്രത്യേകിച്ചും ആധുനിക കാലത്ത്. പറയുമ്പോൾ കേൾക്കുന്നവർക്ക് എല്ലാം എളുപ്പമാണെന്ന് തോന്നും. ഒന്നാമത് ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ.
രണ്ട് പഴയ കാലം സൃഷ്‌ടിച്ചെടുക്കണം. മൂന്ന് ഹൊറർ പശ്ചാത്തലമാണ് കഥ. ഒരുപാട് റിസ്‌ക് എലമെന്‍റുകൾ ഉണ്ടായിരുന്നു ഭ്രമയുഗത്തിന് കലാസംവിധാനം ഒരുക്കാൻ. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ആകുമ്പോൾ കലാസംവിധായകൻ കൂടുതൽ കുഴപ്പത്തിലാവുകയാണ് ചെയ്യുന്നത്.
പണ്ടത്തെ കാലം പോലെ അല്ലല്ലോ. റിയലിസ്റ്റിക് ആയിരിക്കണം. ആദ്യം തന്നെ ചെയ്‌തത് ബ്ലാക്ക് ആൻഡ് വൈറ്റിൽ സിനിമകൾ ചിത്രീകരിച്ചിട്ടുള്ള പഴയ ക്ലാസിക് സംവിധായകരോടും ക്യാമറമാൻമാരോടും സംസാരിക്കുകയായിരുന്നു. സാധാരണ ഒരു കളർ സിനിമയിൽ പ്രോപ്പർട്ടികൾ ഫ്രെയിമിൽ നിരത്തുന്നത് പോലെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രെയിമിൽ നിരത്താൻ സാധിക്കില്ല.
എല്ലാത്തിനും ഒരുപാട് ലെയറുകൾ വേണം. ഒരുപക്ഷേ ചുവരിലെയും പ്രോപ്പർട്ടികളിലെയും നിറങ്ങൾക്ക് ഒരുപാട് ലെയറുകൾ കൊടുക്കണം. ഒരു പ്രോപ്പർട്ടിയിൽ ഒരു നിറം കൊടുത്ത് അതിന്‍റെ ഗാഢത കുറയ്ക്കണം. വീണ്ടും അതിനുമുകളിൽ കുറച്ചു കൂടി കട്ടിയുള്ള വർണ്ണം പെയിന്‍റ് ചെയ്യണം.
അങ്ങനെ മൂന്നോ നാലോ തവണ ഓരോ പ്രോപ്പർട്ടിയിലും പെയിന്‍റ് ചെയ്യേണ്ടതായി ഉണ്ട്. എങ്കിൽ മാത്രമേ ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രെയിമിൽ ഈ പ്രോപ്പർട്ടികൾക്കൊക്കെ ഡെപ്‌ത് തോന്നുകയുള്ളൂ. ഇനി ഫ്രെയിമിൽ ഉള്ള ഏതെങ്കിലും പ്രോപ്പർട്ടികളുടെ നിറം കുറയ്ക്കുകയാണെങ്കിൽ പോലും സാധാരണ ചെയ്യുന്നതിന്‍റെ ഇരട്ടി കുറയ്ക്കണം. ഇതെല്ലാം ചെയ്‌ത് ഒരു പ്രാവശ്യം ഷൂട്ട് ചെയ്‌ത് നോക്കിയ ശേഷമാണ് യഥാർഥ ചിത്രീകരണത്തിലേക്ക് കടക്കുക.
ക്യാമറമാനോടൊപ്പം ഒരു കലാസംവിധായകനും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ വളരെയധികം ചേർന്ന് പ്രവർത്തിക്കണം. ഒരുപാട് സജഷൻ പ്രോപ്പർട്ടികൾ ഫ്രെയിമിൽ നിരത്തേണ്ടതായി ഉണ്ട്. ഒളപ്പമണ്ണ മനയിലാണ് ഭ്രമയുഗം ചിത്രീകരിക്കുന്നത്.
പ്രശസ്‌തമായ വരിക്കാശ്ശേരി മനയുടെയും കുറെ ഭാഗങ്ങൾ ഈ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കിഷ്‌കിന്ധാ കാണ്ഡം എന്ന സിനിമയുടെ ചിത്രീകരണം നടന്നത് ഒളപ്പമണ്ണ മനയിലായിരുന്നു. ഈ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് പിറ്റേ ദിവസമാണ് ഭ്രമ യുഗത്തിനുവേണ്ടി ഞങ്ങൾ ഈ മനയിൽ എത്തുന്നത്.
മേൽപ്പറഞ്ഞ രണ്ട് മനകളും മലയാളികൾക്ക് സുപരിചിതമാണ്. അങ്ങനെ ഒരു പരിചയം ഒരിക്കലും തോന്നാൻ പാടില്ല എന്നായിരുന്നു സംവിധായകന്‍റെ ഭാഗത്ത് നിന്നുള്ള നിർദ്ദേശം. ഈ മനകളുടെ ലുക്ക് എങ്ങനെ മാറ്റും എന്നുള്ളതായി ആദ്യ ചിന്ത. അങ്ങനെയാണ് മനയുടെ മുന്നിൽ ഉയർന്നു നിൽക്കുന്ന പുല്ല് എന്ന കൺസെപ്റ്റിലേക്ക് എത്തിച്ചേരുന്നത്.
സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് രണ്ട് മാസം മുമ്പ് മനയുടെ മുന്നിൽ പുല്ലുകൾ വളർത്താൻ ആരംഭിച്ചു. ഭാരതപ്പുഴയിൽ നിന്നും ശേഖരിച്ച പുല്ലുകളാണ് മനയുടെ മുന്നിൽ വളർത്തിയിരിക്കുന്നത്. 32 ലോഡ് പുല്ല് 8000 ഗ്രോബാഗുകളിൽ ആയിട്ടാണ് ഭാരതപുഴയുടെ തീരത്തു നിന്നും ഒളപ്പമണ്ണ മനയിലേക്ക് കൊണ്ട് വന്നത്.
രണ്ട് മാസം പുല്ലുകള്‍ക്ക് വെള്ളവും വളവും നൽകി വളർത്തിയെടുത്തു. മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ മനയുടെ പുറംഭാഗം ഒളപ്പമണ്ണ മനയിലും അകത്തളവും അടുക്കളയും വരിക്കാശ്ശേരി മലയിലും ആയിട്ടായിരുന്നു ചിത്രീകരിച്ചത്. ഈയൊരു സംഭവം ആർക്കുമറിയില്ല. ഇനി മറ്റൊരു തമാശ.
വീഞ്ഞ് പെട്ടികൾ ഇരിക്കുന്ന ഭാഗവും മറ്റ് പ്രദേശങ്ങളും എല്ലാം തന്നെ കൊച്ചിയിലെ ഒരു സ്റ്റുഡിയോയിൽ ഒരുക്കിയ സെറ്റ് ആയിരുന്നു. അതും ഒരു ഫ്ലോറിൽ അല്ല രണ്ടുമൂന്നു ഫ്ലോറുകളിൽ ഒരുക്കിയ സെറ്റുകൾ ആയിരുന്നു. ഈ സംഭവം അധികമാർക്കും അറിയില്ല. പക്ഷേ സിനിമ കാണുന്ന പ്രേക്ഷകന് അതൊരു ഒറ്റ മനയായിട്ട് മാത്രമേ തോന്നൂ.
അതൊരു കലാസംവിധായകന്‍റെ വിജയമാണെന്ന് കരുതുന്നു. മൊത്തത്തിൽ ആറുമാസത്തെ പ്രീപ്രൊഡക്ഷന് ശേഷമാണ് ഭ്രമയുഗം എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതെന്ന് ജ്യോതിഷ് ശങ്കർ വെളിപ്പെടുത്തി.
Also Read: കറുത്ത സ്യൂട്ടില്‍ ചുള്ളനായി മമ്മൂട്ടി.. പുതിയ അപ്‌ഡേറ്റും പുറത്ത്