ന്യൂഡല്‍ഹി: പ്രതീക്ഷിച്ചതുപോലെ മധ്യവർഗ്ഗത്തിന് ആശ്വാസം പകരുന്ന ബജറ്റാണ് ഇന്ന് ധനമന്ത്രി അവതരിപ്പിച്ചത്. മധ്യവര്‍ഗത്തിനൊപ്പം കര്‍ഷകര്‍, സ്‌ത്രീകള്‍ എന്നിവരെയും ബജറ്റ് പരിഗണിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ കാര്യമെടുത്താല്‍ ബിഹാറിന് ബംപര്‍ അടിച്ചതായാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
വമ്പന്‍ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായിരുന്നെങ്കിലും പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടില്ല എന്നത് ശ്രദ്ധേയം. നിലവിലെ പദ്ധതികളുടെ തുടര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ജല്‍ജീവന്‍ മിഷന്‍, ഉഠാന്‍, ധന്‍ ധാന്യ കൃഷി യോജന, കിസാന്‍ ക്രഡിറ്റ് കാര്‍ഡ് എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ടത്. കാര്‍ഷിക മേഖലയിലാണ് ഉള്ളതില്‍ കൂടുതല്‍ പദ്ധതികള്‍ എന്നത് പ്രധാനമാണ്.
ധന്‍ ധാന്യ കൃഷി യോജന
ഇക്കൊല്ലത്തെ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നാണ്. ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജലസേചന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സുസ്ഥിര കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കുറഞ്ഞ ഉത്‌പാദനമുള്ള 100 ജില്ലകളിലെ കാർഷിക ഉത്‌പാദനക്ഷമത മെച്ചപ്പെടുത്തുന്നതിൽ ധൻ ധാന്യ കൃഷി യോജന ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്ത്യയിലെ 1.7 കോടി കർഷകർക്ക് പദ്ധതി പ്രയോജനം ചെയ്യും.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്
വർധിച്ചുവരുന്ന കാർഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും കർഷകർക്ക് കൂടുതൽ സാമ്പത്തിക ഭദ്രത നൽകുന്നതിനുമാണ് കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) പദ്ധതി. ഇതുപ്രകാരമുള്ള വായ്‌പാ പരിധി 3 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി വർധിപ്പിച്ചു. കർഷകർക്ക് അവരുടെ കാർഷിക ആവശ്യങ്ങൾക്ക് സമയബന്ധിതമായി വായ്‌പ നൽകുക എന്ന ലക്ഷ്യത്തോടെ 1988 ൽ ആരംഭിച്ചതാണ് കെസിസി.
ഉഠാന്‍
1.4 കോടി മധ്യവർഗക്കാർക്ക് വേഗത്തിലുള്ള യാത്ര സാധ്യമാക്കിയ പദ്ധതിയാണ് ഉഠാന്‍. 120 സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതാണ് പരിഷ്‌കരിച്ച ഉഠാന്‍ പദ്ധതി. പരിഷ്‌കരിച്ച പദ്ധതി അടുത്ത 10 വർഷത്തിനുള്ളിൽ ഏകദേശം നാല് കോടി അധിക യാത്രക്കാർക്ക് സഹായകമാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മലയോര മേഖലകളിലെയും വടക്കുകിഴക്കൻ മേഖലകളിലെയും ഹെലിപാഡുകൾക്കും ചെറിയ വിമാനത്താവളങ്ങൾക്കും ലോക്കല്‍ കണക്റ്റിവിറ്റി പദ്ധതി പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു. ഭാവി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ബീഹാറിലെ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾക്കും സർക്കാർ സൗകര്യമൊരുക്കുമെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.
2016 ൽ ആരംഭിച്ച ഉഡാൻ പദ്ധതി 1.4 കോടിയിലധികം യാത്രക്കാർക്ക് പ്രയോജനപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. പദ്ധതി പ്രകാരം, രണ്ട് ജല വിമാനത്താവളങ്ങളും 13 ഹെലിപോർട്ടുകളും ഉൾപ്പെടെ 88 വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന 619 റൂട്ടുകൾ ഇതുവരെ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.
മേഡ് ഇന്‍ ഇന്ത്യ
ഇന്ത്യയെ കളിപ്പാട്ട നിര്‍മാണത്തിന്‍റെ ആഗോള ഹബാക്കാന്‍ പ്രഖ്യാപിച്ച പദ്ധതിയാണ് മേഡ് ഇന്‍ ഇന്ത്യ. പ്രത്യേക ക്ലസ്റ്ററുകളുടെ വികസനം, നൈപുണ്യ വർദ്ധനവ്, ഉയർന്ന നിലവാരമുള്ളതും നൂതനവും സുസ്ഥിരവുമായ കളിപ്പാട്ടങ്ങളുടെ ഉത്പാദനം സുഗമമാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.