ന്യൂഡൽഹി: ഇടത്തരക്കാര്‍ കാത്തിരുന്ന വന്‍ ആദായനികുതി ഇളവ് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. 12 ലക്ഷം രൂപ വരെയുള്ള വാര്‍ഷിക ശമ്പള വരുമാനത്തിന് ആദായ നികുതി നല്‍കേണ്ടതില്ല.വിശദമായ ആദായ നികുതി നയം സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് അറിയിച്ച ധന മന്ത്രി പുതിയ ആദായ നികുതി സ്ലാബുകള്‍ പ്രഖ്യാപിച്ചു. 4 ലക്ഷം മുതല്‍ എട്ടു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനമാണ് ആദായ നികുതി. പക്ഷേ ഇത് റിബേറ്റുകള്‍ക്ക് ശേഷം ഇവര്‍ ആദായ നികുതി നല്‍കേണ്ടി വരില്ല.
8 ലക്ഷം മുതല്‍ 12 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനവും 12 മുതല്‍ 16 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 15 ശതമാനവും 16 മുതല്‍ 20 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 20 ശതമാനവും 20 ലക്ഷം മുതല്‍ 24 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 25 ശതമാനവും 24 ലക്ഷത്തിന് വരുമാനമുള്ളവര്‍ക്ക് 30 ശതമാനവുമാണ് പുതിയ ആദായ നികുതി ഘടന. എന്നാല്‍ 30,000 മുതല്‍ 80000 രൂപ വരെ വിവിധ ഇനങ്ങളിലായി ഇവര്‍ക്ക് ആദായ നികുതിയില്‍ ഇളവ് ലഭിക്കും. അതായത് 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായ നികുതിയേ നല്‍കേണ്ടി വരില്ല എന്ന് ഇതിനര്‍ത്ഥമില്ല. ഇളവുകള്‍ക്ക് അര്‍ഹതയുണ്ടെങ്കില്‍ അതു കൂടി കിഴിച്ച ശേഷം ഇവര്‍ക്ക് പൂര്‍ണമായും ആദായ നികുതി ഒഴിവാക്കിക്കിട്ടും.
#UnionBudget2025 | Finance Minister Nirmala Sitharaman says, " i am now happy to announce that there will be no income tax up to an income of rs 12 lakhs." pic.twitter.com/rDUEulG3b9
— ANI (@ANI) February 1, 2025
സ്‌റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 75000 രൂപ ഉള്‍പ്പെടെ 1275000 രൂപ വരെ വാര്‍ഷിക വരുമാനത്തിന് ആദായ നികുതി നല്‍കേണ്ടതില്ല. നികുതി വിദഗ്‌ധര്‍ നല്‍കുന്ന വിശദീകരണമനുസരിച്ച് ആദായ നികുതി പരിധിയിലുണ്ടായിരുന്ന വിവിധ വരുമാനക്കാര്‍ക്ക് ലാഭിക്കാവുന്ന തുക ഇപ്രകാരമാണ്.
8 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നേരത്തേ നല്‍കേണ്ടിയിരുന്ന നികുതി 30000രൂപയായിരുന്നു. ഇത്തവണ നല്‍കേണ്ട നികുതി 20000 രൂപയാണ്. ലാഭം 10000 രൂപയാണ്. ലഭിക്കുന്ന റിബേറ്റ് 20000 രൂപ കൂടി കണക്കാക്കുമ്പോള്‍ ആകെ നല്‍കേണ്ട 30000 രൂപയും ഇളവ് ചെയ്‌ത് കിട്ടും.
9 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നേരത്തേ നല്‍കേണ്ടിയിരുന്ന നികുതി 40000രൂപയായിരുന്നു. ഇത്തവണ നല്‍കേണ്ട നികുതി 30000 രൂപയാണ്. ലാഭം 10000 രൂപയാണ്. ലഭിക്കുന്ന റിബേറ്റ് 30000 രൂപ കൂടി കണക്കാക്കുമ്പോള്‍ ആകെ നല്‍കേണ്ട 40000 രൂപയും ഇളവ് ചെയ്‌ത് കിട്ടും.
10 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നേരത്തേ നല്‍കേണ്ടിയിരുന്ന നികുതി 50000രൂപയായിരുന്നു. ഇത്തവണ നല്‍കേണ്ട നികുതി 40000 രൂപയാണ്. ലാഭം 10000 രൂപയാണ്. ലഭിക്കുന്ന റിബേറ്റ് 40000 രൂപ കൂടി കണക്കാക്കുമ്പോള്‍ ആകെ നല്‍കേണ്ട 50000 രൂപയും ഇളവ് ചെയ്‌ത് കിട്ടും.
Zero Income Tax till ₹12 Lakh Income under New Tax Regime
— Ministry of Finance (@FinMinIndia) February 1, 2025
👉 Slabs and rates being changed across the board to benefit all tax-payers
👉 New structure to substantially reduce taxes of middle class and leave more money in their hands, boosting household consumption, savings and… pic.twitter.com/KfQy4a6PGd
11 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നേരത്തേ നല്‍കേണ്ടിയിരുന്ന നികുതി 65000രൂപയായിരുന്നു. ഇത്തവണ നല്‍കേണ്ട നികുതി 50000 രൂപയാണ്. ലാഭം 15000 രൂപയാണ്. ലഭിക്കുന്ന റിബേറ്റ് 50000 രൂപ കൂടി കണക്കാക്കുമ്പോള്‍ ആകെ നല്‍കേണ്ട 65000 രൂപയും ഇളവ് ചെയ്‌ത് കിട്ടും.
12 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നേരത്തേ നല്‍കേണ്ടിയിരുന്ന നികുതി 80000രൂപയായിരുന്നു. ഇത്തവണ നല്‍കേണ്ട നികുതി 60000 രൂപയാണ്. ലാഭം20000 രൂപയാണ്. ലഭിക്കുന്ന റിബേറ്റ് 60000 രൂപ കൂടി കണക്കാക്കുമ്പോള്‍ ആകെ നല്‍കേണ്ട 80000 രൂപയും ഇളവ് ചെയ്‌ത് കിട്ടും.
ആദായ നികുതി അടയ്ക്കുന്നതിൽ കാലതാമസമുണ്ടായാൽ ശിക്ഷാ നടപടികൾ ഉണ്ടാകില്ലെന്നും പ്രഖ്യാപനമുണ്ട്. നവീകരിച്ച ആദായനികുതി റിട്ടേണുകൾ നൽകാനുള്ള കാലാവധി നാല് വർഷമാക്കി. മുതിർന്ന പൗരമാരുടെ ടിഡിഎസ് പരിധി ഉയർത്തി. പരിധി ഒരു ലക്ഷവുമാക്കി. പുതിയ ഇൻകം ടാക്‌സ് ബിൽ അടുത്തയാഴ്‌ച ഉണ്ടാകുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു.
ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് നൂറ് ശതമാനമാക്കി. ആദായനികുതി ദായകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും ധനമന്ത്രി അറിയിച്ചു.
നികുതി പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിൽ സർക്കാർ പതിറ്റാണ്ടുകളായി നടത്തിവരുന്ന ശ്രമങ്ങളെ ധനമന്ത്രി എടുത്തുപറഞ്ഞു. മുഖം നോക്കാതെയുള്ള വിലയിരുത്തൽ, നികുതിദായക ചാർട്ടർ, റിട്ടേണുകളുടെ വേഗത്തിലുള്ള പ്രോസസ്സിങ് എന്നിവയാണ് പ്രധാന നടപടികളെന്നും നിർമല സീതാരാമന്‍ ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു.
2023-24 ബജറ്റിൽ ഏഴ് താരിഫ് നിരക്കുകൾ നീക്കം ചെയ്‌തതു കൂടാതെ ഏഴ് താരിഫ് നിരക്കുകൾ കൂടി നീക്കം ചെയ്യും. ചില ഇനങ്ങൾ ഒഴികെയുള്ളവയിൽ ഫലപ്രദമായ തീരുവ പരിധി നിലനിർത്തുന്നതിന് ഉചിതമായ സെസ് പ്രയോഗിക്കും. സെസിന് വിധേയമായ 82 താരിഫ് ലൈനുകളിൽ സാമൂഹിക ക്ഷേമ സർചാർജ് ഒഴിവാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
വ്യാപാരങ്ങൾ സൗകര്യപ്രദമാക്കാനുള്ള പരോക്ഷ നികുതി നടപടികളിൽ കസ്‌റ്റംസ് ആക്‌ട് പ്രകാരം പ്രൊവിഷണൽ അസസ്‌മെന്‍റ് അന്തിമമാക്കുന്നതിന് രണ്ട് വർഷത്തെ സമയപരിധി നിശ്ചയിക്കും, ഇത് ഒരു വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്.