തിരുവനന്തപുരം: കേന്ദ്ര മന്ത്രി സുരേഷ് ഗോപി 'ഒറ്റക്കൊമ്പൻ' ഷൂട്ടിനായി തിരുവനന്തപുരത്ത്. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി കടുവാക്കുന്നേൽ കുറുവച്ചനായി അഭിനയിക്കാൻ തിരുവനന്തപുരം സെൻട്രൽ ജയിലിലെത്തിയത്. ബി ജെ പി കേന്ദ്ര നേതൃത്വത്തിന്‍റെ പ്രത്യേക അനുമതിയോടെയാണ് കേന്ദ്ര മന്ത്രി ഒറ്റക്കൊമ്പൻ സിനിമയുടെ സെറ്റിലെത്തിയത്.
കോട്ടയം, പാലാ എന്നിവിടങ്ങളിലെ ചിത്രീകരണത്തിന് ശേഷമാണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ രണ്ടു ദിവസത്തെ ഷൂട്ട് നിശ്ചയിച്ചത്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ചു നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്ന കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിനായുള്ള രൂപമാറ്റത്തിലായിരുന്നു അദ്ദേഹം ലൊക്കേഷനിലെത്തിയത്.
ഈരാറ്റുപേട്ട, കൊച്ചി, ഹോങ്കോങ്ങ് എന്നിവിടങ്ങളിലും സിനിമ ചിത്രീകരിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
കടുവാക്കുന്നേൽ കുറുവച്ചൻ എന്ന ചോരത്തിളപ്പുള്ള കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട മനുഷ്യനാണ് കടുവാക്കുന്നേൽ കുറുവച്ചൻ. മധ്യ തിരുവതാംകൂറിലെ മീനച്ചിൽ താലൂക്കിലെ പാലായും പരിസരങ്ങളിലും ഒരു കാലത്ത് തന്‍റെ കൈപ്പിടിയിൽ ഒതുക്കിയ വ്യക്തിയായിരുന്നു അത്. ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിന്‍റെ കഥയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ പോകുന്നത്.