വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'ഒരു ജാതി ജാതകം'. എം മോഹനന്‍ സംവിധാനം ചെയ്‌ത ചിത്രം ജനുവരി 31നാണ് തിയേറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്‌ത് ഒരാഴ്‌ച്ച പിന്നിടുമ്പോഴും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് ചിത്രം തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഈ സാഹചര്യത്തില്‍ സിനിമയുടെ വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ എം.മോഹനന്‍.
മമ്മൂട്ടി നായകനായ 'കഥ പറയുമ്പോൾ' (2007) എന്ന ചിത്രം സംവിധാനം ചെയ്‌തുകൊണ്ടാണ് എം മോഹനന്‍ മലയാള സിനിമയില്‍ സ്വതന്ത്ര സംവിധായകനായി എത്തുന്നത്. പിന്നീട് 2011ല്‍ 'മാണിക്യക്കല്ല്', തൊട്ടടുത്ത വര്‍ഷം '916', 'മൈ ഗോഡ്' (2015) 'അരവിന്ദന്‍റെ അതിഥികൾ' (2018) എന്നീ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്‌തു.
![Director M Mohanan Oru Jaathi Jathakam ഒരു ജാതി ജാതകം എം മോഹനന്‍](https://etvbharatimages.akamaized.net/etvbharat/prod-images/09-02-2025/kl-ekm-1-directormmohananinterview-7211893_06022025111515_0602f_1738820715_527.jpg)
തന്‍റെ സിനിമകൾ എല്ലാത്തരം പ്രേക്ഷകരെയും ആകർഷിച്ചിട്ടുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്. "പൊതുവേ കുടുംബ പ്രേക്ഷകരെ മുൻനിർത്തിയാണ് ഞാൻ സിനിമകൾ ചെയ്യാറുള്ളത്. എങ്കിലും എല്ലാത്തരം പ്രേക്ഷകരെയും എന്‍റെ ഇതുവരെയുള്ള സിനിമകൾ ആകർഷിച്ചിട്ടുണ്ട്. ഒരു ജാതി ജാതകവും ആ ഒരു രീതിയിൽ നിന്നും വിട്ടുനിൽക്കുന്നില്ല. ഒരുപാട് നാളായി മലയാളത്തിൽ പൊട്ടിച്ചിരിക്കാൻ വകയുള്ള സിനിമകൾ ഇറങ്ങിയിട്ട്. ആ ഒരു പരാതി പരിഹരിക്കപ്പെട്ടു എന്നാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ അഭിപ്രായം," എം മോഹനന്‍ പറഞ്ഞു.
ഒരു ജാതി ജാതകത്തിലെ ചില പദപ്രയോഗങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയരുന്നതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. "സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചില പ്രയോഗങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്നുവരുന്നുണ്ട്. ചില പദപ്രയോഗങ്ങൾ ചില വ്യക്‌തികളെ വല്ലാതെ അസ്വസ്ഥപ്പെടുത്തി എന്നറിയാൻ സാധിച്ചു. ഒരു സംവിധായകൻ എന്ന നിലയിൽ സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന തമാശകളൊക്കെ തന്നെയും നിർദോഷമാണ്," സംവിധായകന്‍ പറഞ്ഞു.
![Director M Mohanan Oru Jaathi Jathakam ഒരു ജാതി ജാതകം എം മോഹനന്‍](https://etvbharatimages.akamaized.net/etvbharat/prod-images/09-02-2025/kl-ekm-1-directormmohananinterview-7211893_06022025111515_0602f_1738820715_4.jpg)
കാലത്തെ കുറിച്ചും സമൂഹത്തെ കുറിച്ചും ബോധ്യമുള്ള വ്യക്‌തി തന്നെയാണ് താനെന്നും അദ്ദേഹം പറഞ്ഞു. "ഈ സിനിമ കാണാത്തവരാണ് അത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിച്ചു. എവിടെയൊക്കെയോ എന്തൊക്കെയോ കേട്ട് ചിലർ ചിലത് പറയുന്നു. പക്ഷേ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് സിനിമയിലെ ഒരു പ്രയോഗത്തെ കുറിച്ചും ഒരു പരാതിയുമില്ല. അവർ കഥയും ആസ്വദിച്ചു, തമാശകളും ആസ്വദിച്ചു," എം മോഹനൻ കൂട്ടിച്ചേര്‍ത്തു.
തമാശകൾ പറയുമ്പോൾ സൂക്ഷിക്കണം..
"അരവിന്ദന്‍റെ അതിഥികൾ എന്ന സിനിമയ്ക്ക് ശേഷം വലിയ ഒരു ഗ്യാപ്പ് സംഭവിച്ചു. പക്ഷേ വരുമ്പോൾ പ്രേക്ഷകർക്ക് പൊട്ടിച്ചിരിക്കാനുള്ള ഒരു വകയുമായി എത്തണം എന്നായിരുന്നു ഉദ്ദേശം. ഇക്കാലത്ത് സിനിമകളിൽ തമാശകൾ എഴുതുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ഒരു പത്ത് പതിനഞ്ച് കൊല്ലം മുമ്പ് സധൈര്യം പറയാവുന്ന ഏതൊരു തമാശയും ഇക്കാലത്ത് പറയാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ പലർക്കും തമാശ സിനിമകൾ എഴുതാൻ ഭയമാണ്. ഒരു കാലഘട്ടത്തിൽ ഉണ്ടായിരുന്നത് പോലുള്ള തമാശ സിനിമകൾ ഇപ്പോൾ മലയാളത്തിൽ സംഭവിക്കുന്നില്ല. മലയാളികളൊക്കെ മൊത്തത്തിൽ സീരിയസ് ആയത് പോലെ തോന്നുന്നു," സംവിധായകന്‍ പറഞ്ഞു.
![Director M Mohanan Oru Jaathi Jathakam ഒരു ജാതി ജാതകം എം മോഹനന്‍](https://etvbharatimages.akamaized.net/etvbharat/prod-images/09-02-2025/kl-ekm-1-directormmohananinterview-7211893_06022025111515_0602f_1738820715_1100.jpg)
ഫോണ്‍ ഉപയോഗം കുടുംബാംഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ അകലത്തെ കുറിച്ചും അദ്ദേഹം പറയുന്നു. "മാതാ അമൃതാനന്ദമയി ഒരിക്കൽ പറഞ്ഞത് പോലെ എല്ലാ കുടുംബത്തിലും ഒരു ബോംബ് ഉണ്ട്. അത് എപ്പോഴാണ് പൊട്ടുകയെന്ന് പറയാൻ സാധിക്കില്ല. പലർക്കും ഏകാന്തതയാണ്. കൂട്ടുകുടുംബ വ്യവസ്ഥിതി നശിച്ചു. അണുകുടുംബത്തിൽ പോലും ഭാര്യയും ഭർത്താവും തമ്മിൽ അഡ്‌ജസ്‌റ്റ് ചെയ്‌താണ് ജീവിക്കുന്നത്. ഇനി പ്രശ്‌നങ്ങളൊന്നും ഇല്ലാത്ത കുടുംബത്തിലാണെങ്കിൽ പോലും എല്ലാ അംഗങ്ങളും മൊബൈലുമായി അവരവരുടെ സ്ഥാനത്ത് നിലയുറപ്പിക്കുന്നു. കുടുംബത്തിലുള്ളവർ പോലും പരസ്‌പരം സംസാരിക്കുന്നില്ല. തീൻമേശയിൽ പോലും മൊബൈൽ. ഇതൊക്കെ നല്ലതാണ് അല്ലെങ്കിൽ ചീത്തയാണ് എന്നൊന്നും സമർത്ഥിക്കാൻ ഞാൻ ആളല്ല," എം മോഹനൻ അഭിപ്രായപ്പെട്ടു.
എല്ലാവരിലും ചിരിയും തമാശയുമൊക്കെ മറഞ്ഞു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. "ചിരിയും തമാശയുമൊക്കെ മറഞ്ഞു തുടങ്ങിയവരെ തിയേറ്ററിലേക്ക് ക്ഷണിച്ച് ഒരുമിച്ച് ചിരിപ്പിച്ച്, ഒരുമിച്ച് കാപ്പി കുടിപ്പിച്ച്, തിരികെയുള്ള യാത്രയിൽ തട്ടുകടയിൽ ഒരുമിച്ചിരുന്ന് പരസ്‌പരം സംസാരിച്ച് ഭക്ഷണം കഴിക്കാനൊക്കെയുള്ള അവസരം ഒരു ജാതി ജാതകം ഒരുക്കി കൊടുത്തു എന്ന് വേണമെങ്കിൽ പറയാം," എം മോഹനൻ വ്യക്‌തമാക്കി.
![Director M Mohanan Oru Jaathi Jathakam ഒരു ജാതി ജാതകം എം മോഹനന്‍](https://etvbharatimages.akamaized.net/etvbharat/prod-images/09-02-2025/kl-ekm-1-directormmohananinterview-7211893_06022025111515_0602f_1738820715_886.jpg)
താന്‍ കുടുംബ പ്രേക്ഷകരുടെ സംവിധായകൻ ആണെന്നും അദ്ദേഹം പറഞ്ഞു. "കണ്ണൂർ പാട്യത്താണ് എന്‍റെ വീട്. അരവിന്ദന്‍റെ അതിഥികൾ എന്ന സിനിമ ഇറങ്ങുന്ന സമയത്ത് നാട്ടിലെ പലരും സിനിമ കണ്ടിട്ട് എന്നെ വിളിച്ചു. എടാ ഞാൻ കുടുംബസമേതം സിനിമ കാണാൻ പോയി. 75 വയസ്സുള്ള അമ്മയെ കൂട്ടിയാണ് സിനിമ കാണാൻ പോയത്. സിനിമ കണ്ടപ്പോൾ ഞങ്ങൾക്ക് മൂകാംബികയിലേക്ക് യാത്ര ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായി. ഞങ്ങൾ കുടുംബസമേതം യാത്ര ചെയ്‌തിട്ട് ഒരുപാട് കാലമായി. അതിന് നിന്‍റെ സിനിമയാണ് കാരണം. ഇതൊക്കെ കേൾക്കുന്നത് തന്നെയാണ് ഒരു സംവിധായകൻ എന്ന രീതിയിൽ എന്‍റെ വിജയമെന്ന് വിശ്വസിക്കുന്നു," അദ്ദേഹം പറഞ്ഞു.
30 വയസുള്ള പെൺകുട്ടികൾ തള്ളച്ചികളോ?
30 വയസ്സായ സ്ത്രീകളെല്ലാം തള്ളച്ചികളാണ് എന്നൊരു പ്രയോഗം സിനിമയിൽ പറയുന്നുണ്ട്. ഈ ഡയലോഗിനെ സോഷ്യൽ മീഡിയ തമാശയായും, വിമർശനമായും നോക്കിക്കാണുന്നു. ഇതേക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
![Director M Mohanan Oru Jaathi Jathakam ഒരു ജാതി ജാതകം എം മോഹനന്‍](https://etvbharatimages.akamaized.net/etvbharat/prod-images/09-02-2025/kl-ekm-1-directormmohananinterview-7211893_06022025111515_0602f_1738820715_790.jpg)
"ആരെയും വ്യക്‌തിപരമായി കളിയാക്കാനല്ല ഇങ്ങനെ ഒരു പ്രയോഗം സിനിമയിൽ ഉൾപ്പെടുത്തിയത്. 30 വയസ്സായ സ്ത്രീകൾ ഒന്നും തന്നെ തള്ളച്ചികളാണെന്ന് എനിക്ക് അഭിപ്രായവുമില്ല. ഇതൊരു നാട്ടിൻപുറത്തെ പ്രയോഗമാണ്. നമ്മളേക്കാൾ പ്രായം കൂടിയ സ്ത്രീകൾ അതിപ്പോൾ അമ്മയാണെങ്കിലും ചേച്ചിയാണെങ്കിലും കൂട്ടുകാരി ആണെങ്കിലും നമുക്ക് ഇഷ്‌ടപ്പെടാത്ത കാര്യങ്ങൾ പറയുമ്പോൾ മിണ്ടാതിരുന്നോണം നിങ്ങൾക്ക് പ്രായമായി എന്ന് നാട്ടിൻപുറത്തെ ചെറുപ്പക്കാർ പറയാറുണ്ട്. അതവരുടെ പ്രായത്തെ നോക്കിയിട്ട് ഒന്നുമല്ല പറയുന്നത്. അവരെ പറഞ്ഞ് ജയിക്കാൻ ഉപയോഗിക്കുന്ന പ്രയോഗമാണത്. അത്തരത്തിലുള്ള ഡയലോഗാണ് 30 കഴിഞ്ഞവരെല്ലാം തള്ളച്ചികളാണ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അത് സിനിമ കാണുന്ന സാധാരണ പ്രേക്ഷകർക്ക് മനസ്സിലായിട്ടുണ്ട്," എം മോഹനൻ വ്യക്‌തമാക്കി.
സിനിമകളിൽ ഉപയോഗിക്കുന്ന തമാശകൾക്ക് വിമർശനങ്ങൾ വരുന്നതിനോടൊപ്പം തന്നെ ഒരു സംവിധായകന് ഒരുപാട് സ്വാതന്ത്ര്യവും ഇക്കാലത്ത് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 10 വർഷം മുമ്പ് സ്വവർഗ അനുരാഗം എന്ന് പറയാൻ പോലും മലയാള സിനിമ ഭയപ്പെട്ടിരുന്നുവെന്നും സംവിധായകന്‍ തുറന്നു പറഞ്ഞു.
![Director M Mohanan Oru Jaathi Jathakam ഒരു ജാതി ജാതകം എം മോഹനന്‍](https://etvbharatimages.akamaized.net/etvbharat/prod-images/09-02-2025/kl-ekm-1-directormmohananinterview-7211893_06022025111515_0602f_1738820715_559.jpg)
"സമൂഹത്തിൽ സംഭവിക്കുന്ന പല കാര്യങ്ങളെ കുറിച്ചും സിനിമകളിൽ ചർച്ച ചെയ്യാൻ പോലും സാധിച്ചിരുന്നില്ല. പക്ഷേ ആ സാഹചര്യങ്ങളൊക്കെ ഇപ്പോൾ മാറി. പല കാര്യങ്ങളും പറയുമ്പോഴും ചർച്ച ചെയ്യുമ്പോഴും സെൻസർ ബോർഡ് വരെ ആ കാര്യങ്ങൾ ഉൾക്കൊള്ളുന്നു. സ്വവർഗ അനുരാഗം, ഗേ, ലെസ്ബിയനിസം തുടങ്ങിയ പ്രയോഗങ്ങൾ ഒരു 10 വർഷം മുമ്പ് നമ്മുടെ കുടുംബത്തിനുള്ളിൽ ഉപയോഗിക്കാൻ സാധിച്ചിരുന്നോ എന്ന് നിങ്ങൾ ചിന്തിക്കണം. ഇപ്പൊ അതൊക്കെ ആ സ്‌പിരിറ്റില്‍ എടുക്കാൻ എല്ലാവർക്കും സാധിച്ചു തുടങ്ങി. അതുകൊണ്ട് തന്നെയാണ് ഒരു കുടുംബ ചിത്രമായി ഒരുക്കിയ ഒരു ജാതി ജാതകത്തിൽ സധൈര്യം പല വിഷയങ്ങളും ഞങ്ങൾ തുറന്നു പറഞ്ഞത്," സംവിധായകന്‍ പറഞ്ഞു.
![Director M Mohanan Oru Jaathi Jathakam ഒരു ജാതി ജാതകം എം മോഹനന്‍](https://etvbharatimages.akamaized.net/etvbharat/prod-images/09-02-2025/kl-ekm-1-directormmohananinterview-7211893_06022025111515_0602f_1738820715_477.jpg)
വിനീത് ശ്രീനിവാസന്‍റെ അമ്മയുടെ സഹോദരനാണ് എം മോഹനൻ. മരുമക്കളായ വിനീതിനോടും ധ്യാനിനോടും ഒരു സുഹൃത്തിനോടെന്ന പോലെയാണ് എം മോഹനന്‍റെ പെരുമാറ്റം. ഒരു ജാതി ജാതകം എന്ന സിനിമയുടെ തിരക്കഥാകൃത്ത് രാകേഷ്, എം മോഹനന്‍റെ സഹോദരി പുത്രനാണ്. മരുമക്കളോട് സുഹൃത്തുക്കളോടെന്ന പോലെ സംസാരിക്കുന്ന എം മോഹനൻ സാധാരണക്കാരായ മലയാളികൾക്ക് ഒരു കൗതുകമാണ്. ഇതേ കുറിച്ചും എം മോഹനൻ സംസാരിച്ചു.
"തനിക്ക് അഞ്ച് സഹോദരിമാരാണ്. ധ്യാനും, വിനീതും, രാകേഷും അല്ലാതെ അഞ്ച് സഹോദരിമാരിൽ എനിക്ക് ഒരുപാട് മരുമക്കളുണ്ട്. അവർക്കും കുട്ടികളുണ്ട്. ഇവരോടൊക്കെയും ഒരു സുഹൃത്തിനെ പോലെയാണ് ഞാൻ പെരുമാറുന്നത്. എന്‍റെ മരുമക്കളുടെ കുട്ടിക്കാലം മുതൽ ഒരു അമ്മാവൻ എന്ന രീതിയിലല്ല ഞാൻ പെരുമാറിയിട്ടുള്ളത്," അദ്ദേഹം പറഞ്ഞു.
മാണിക്യക്കല്ല് മുതലുള്ള തന്‍റെ എല്ലാ സിനിമകളിലും, രാകേഷും, വിനീത് ശ്രീനിവാസനും ഏതെങ്കിലുമൊരു രീതിയിൽ ഭാഗമായിട്ടുണ്ടെന്നും സംവിധായകന്‍ വ്യക്‌തമാക്കി. "ഒരു തിരക്കഥ സിനിമയാക്കുന്നതിന് മുമ്പ് ഇവരോടാണ് ഞാൻ ആദ്യം ചർച്ചകൾ നടത്താറ്. ഇവരുടെ അഭിപ്രായങ്ങൾക്കനുസരിച്ച് തിരക്കഥകൾ തിരുത്തിയിട്ടുമുണ്ട്. വിനീത് ചെന്നൈയിൽ പോകുന്നത് വരെ ഞങ്ങളെല്ലാവരും പലപ്പോഴും ഒത്തുകൂടാറുണ്ട്. കുടുംബത്തിൽ ഒരു വിശേഷം ഉണ്ടെങ്കിൽ എവിടെയാണെങ്കിലും എല്ലാ ബന്ധുക്കളും ഒത്തുകൂടും," സംവിധായകന്‍ പറഞ്ഞു.
തന്‍റെ പെണ്ണുകാണലിന് ധ്യാന്‍ ശ്രീനിവാസനെ കൂടെ കൂട്ടിയ വിശേഷവും അദ്ദേഹം പങ്കുവച്ചു. "എന്‍റെ പെണ്ണുകാണലിന് പലപ്പോഴും ചെറിയ പ്രായത്തിൽ ധ്യാൻ ശ്രീനിവാസനായിരുന്നു കൂടെ വന്നിരുന്നത്. ആ പെണ്ണിനെ ഇഷ്‌ടപ്പെട്ടോ, ഇല്ലയോ എന്ന എന്‍റെ അഭിപ്രായത്തേക്കാൾ ധ്യാനിന്‍റെ അഭിപ്രായമാണ് എല്ലാവരും കണക്കിലെടുത്തിട്ടുള്ളത്. എത്രയോ പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞ ശേഷം ധ്യാനിന് ഇഷ്‌ടപ്പെടാത്തത് കൊണ്ട് ആ കല്യാണം നടന്നില്ല. അവൻ ചെറിയ കുറ്റങ്ങൾ പോലും കണ്ടുപിടിക്കും. അത്രയും സ്വാതന്ത്ര്യം എന്‍റെ മരുമക്കൾക്ക് ഞാൻ കൊടുത്തിട്ടുണ്ട്. അതുകൊണ്ടാണ് ഇപ്പോൾ അവർ സുഹൃത്തുക്കളേ പോലെ എന്നോട് പെരുമാറുന്നത്," എം മോഹനന്‍ പറഞ്ഞു.
ഒരു ജാതി ജാതകത്തിന്‍റെ തിരക്കഥാകൃത്ത് രാകേഷ് മണ്ടോടിയുടെ പുതിയ പ്രോജക്‌ടിനെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. "രാകേഷ് ഉടൻ തന്നെ ഒരു സിനിമ സ്വതന്ത്രമായി സംവിധാനം ചെയ്യാനൊരുങ്ങുന്നുണ്ട്. അയാൾക്കൊരു ട്രെയിനിംഗ് ഏരിയ ആയിരുന്നു ഒരു ജാതി ജാതകത്തിന്‍റെ സെറ്റ്. ഒരു സഹ സംവിധായകൻ ചെയ്യേണ്ട ജോലികളെല്ലാം തന്നെ ഞാൻ അയാളെ കൊണ്ട് ചെയ്യിപ്പിച്ചു. സെറ്റിൽ അമ്മാവൻ മരുമകൻ ഒന്നുമില്ല. സഹപ്രവർത്തകർ മാത്രം," അദ്ദേഹം വ്യക്തമാക്കി.
ഒരു ജാതി ജാതകത്തില്‍ വിനീത് ശ്രീനിവാസന്‍ ആയിരുന്നില്ല നായകന്‍ ആകേണ്ടിയിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. "അരവിന്ദന്‍റെ അതിഥികൾ എന്ന സിനിമയ്ക്ക് ശേഷം വിനീതിനെ നായകനാക്കി മറ്റൊരു സിനിമ സംവിധാനം ചെയ്യാനാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. പക്ഷേ സിനിമയുടെ ചർച്ചകൾ പുരോഗമിക്കവെ ആ തിരക്കഥയുടെ സെക്കൻഡ് ഹാഫ് വിനീതിന് ഒട്ടും ഇഷ്‌ടമായില്ല. മുമ്പൊരിക്കൽ ഒരു ജാതി ജാതകം എന്ന സിനിമയുടെ കഥയ്ക്ക് ആസ്‌പദമായൊരു വൺ ലൈൻ വിനീതിനോട് ഞങ്ങൾ സംസാരിച്ചിരുന്നു. ആദ്യ കഥ വിനീതിന് ഇഷ്‌ടപ്പെട്ടില്ല. ഈ കഥയിലെ ചില കാര്യങ്ങൾ പറഞ്ഞപ്പോൾ വിനീത് പൊട്ടിച്ചിരിച്ചു. ഈ സിനിമ വേറൊരു രീതിയിൽ ചെയ്യാനായിരുന്നു ഞാൻ തീരുമാനിച്ചിരുന്നത്. പക്ഷേ വിനീതിന് പെട്ടെന്ന് ഈ സിനിമയുടെ വൺലൈൻ ഇഷ്‌ടപ്പെട്ടപ്പോൾ അദ്ദേഹത്തെ നായകനാക്കാന്‍ ആലോചിക്കുകയായിരുന്നു," സംവിധായകന്‍ വ്യക്‌തമാക്കി.
ഒരു ജാതി ജാതകത്തിന്‍റെ കഥ കേട്ട് വിനീത്, എം മോഹനനോട് പറഞ്ഞതിനെ കുറിച്ചും അദ്ദേഹം പങ്കുവച്ചു. "സിനിമയുടെ കഥ പൂർണ്ണമായും വിനീതിനോട് പറഞ്ഞപ്പോൾ മാമൻ ഈ കഥ സംവിധാനം ചെയ്യുമോ എന്നാണ് എന്നോട് ചോദിച്ചത്. കാരണം ഈ സിനിമയിൽ പല ന്യൂജനറേഷൻ ടേംമ്‌സും ഉപയോഗിക്കുന്നുണ്ടല്ലോ. ഞാനിതുവരെ ചെയ്‌തുവന്ന രീതി ഇങ്ങനെയൊന്നുമല്ല. അതുകൊണ്ടാണ് വിനീത് അങ്ങനെ ചോദിക്കാൻ കാരണം. എന്തുകൊണ്ട് ചെയ്‌തുകൂടാ എന്ന ചോദ്യത്തിന് അയാൾക്ക് ഉത്തരം ഉണ്ടായിരുന്നില്ല. എന്തു പറഞ്ഞാലും ചെയ്‌താലും ജനങ്ങൾ മനസ്സറിഞ്ഞ് ചിരിച്ചാൽ മതി. അത്രമാത്രമേ ഈ സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ ഞാൻ കരുതിയുള്ളൂ," എം മോഹനൻ പറഞ്ഞു.