പത്തനംതിട്ട: റാന്നിയില്‍ മക്കളുടെ മുന്നിലിട്ട് അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭർത്താവിന് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. റാന്നി റീന കൊലക്കേസില്‍ പ്രതി മനോജാണ് ശിക്ഷിക്കപ്പെട്ടത്. പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.
ജീവപര്യന്ത്യം തടവിന് പുറമേ 2 ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴത്തുക സാക്ഷികളായ മക്കള്‍ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കിൽ പ്രതിയുടെ സ്വത്തുക്കളിൽ നിന്നും ഇടാക്കാനും ഉത്തരവില്‍ പറയുന്നു. പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷൻസ് ജഡ്‌ജ് ജി പി ജയകൃഷ്‌ണനാണ് ശിക്ഷ വിധിച്ചത്.
2014 ഡിസംബർ 28 ന് പുലർച്ചെയാണ് കേസിന് ആസ്‌പദമായ സംഭവം. റാന്നി പൂഴിക്കുന്ന് സ്വദേശിയായ റീനയെ പതിനാലും പന്ത്രണ്ടും വയസുള്ള മക്കളുടെ മുന്നിലിട്ടാണ് മനോജ് കൊലപ്പെടുത്തിയത്. ഭാര്യയുടെ മേലുള്ള സംശയത്തെ തുടർന്നായിരുന്നു കൊലപാതകം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മനോജ് ആദ്യം ഇഷ്‌ടിക കൊണ്ട് റീനയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. പിന്നാലെ ഇയാള്‍ റീനയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി. ഇതോടെ പുറത്തേക്കോടിയ റീനയുടെ തലയില്‍ മനോജ് ജാക്കി ലിവറുകൊണ്ട് അടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയായിരുന്നു.
തുടർന്ന് അവശനിലയിലായ റീനയുടെ തല ഓട്ടോറിക്ഷയില്‍ പിടിച്ചിടിച്ചു. അതീവ ഗുരുതരാവസ്ഥയിലായ ഇവർ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
റാന്നി സി ഐ ആയിരുന്ന ടി രാജപ്പനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. റീനയുടെ അമ്മയും രണ്ട് മക്കളും ആയിരുന്നു കേസിലെ ദൃക്‌സാക്ഷികൾ. കേസിന്‍റെ വിചാരണ ആരംഭിക്കുന്നതിന് മുൻപ് 2020 ൽ റീനയുടെ അമ്മ മരിച്ചു. മക്കളുടെ മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. കേസില്‍ 25 സാക്ഷികളെ വിസ്‌തരിച്ചു, 13 തൊണ്ടി മുതലുകളും ഹാജരാക്കി.