എറണാകുളം: ആറായിരത്തിലേറെ പക്ഷികളെ മരണമുഖത്ത് നിന്നും ജീവിതത്തിലേക്ക് നയിച്ച ഒരാളുണ്ട് കൊച്ചിയിൽ. മട്ടാഞ്ചേരി സ്വദേശി മുകേഷ് ജെയിൻ. ഒന്നര പതിറ്റാണ്ടിലേറെയായി അദ്ദേഹം നടത്തിയ രക്ഷാപ്രവർത്തനങ്ങളാണ് ഇത്രയേറെ പക്ഷികളിൽ ജീവൻ്റെ തുടിപ്പ് നിലനിർത്തിയത്. ഏത് ആപത്തിലും പക്ഷികൾക്ക് സഹായവുമായി മുകേഷ് ജെയിൻ ഓടിയെത്തും. കഴിഞ്ഞ പതിനേഴ് വർഷമായി പക്ഷി രക്ഷകനായി മുകേഷ് ജെയിൻ കൊച്ചിയിലുണ്ട്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ഒരു ഫോൺ വിളിയുടെ ദൂരത്തിൽ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളിൽ പട്ടത്തിൻ്റെ നൂലിൽ കുടുങ്ങി കാക്കകൾ, പരുന്തുകൾ, പ്രാവുകൾ എന്നിവ ചത്തുവീഴുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മുകേഷ് ജെയിൻ്റെ മനസിലെ സഹജീവി സ്നേഹമുണർന്നത്. പട്ടം പറത്താൻ കോട്ടൺ നൂലുകൾക്ക് പകരം നിയമവിരുദ്ധമായി പ്ലാസ്റ്റിക് നൂലുകൾ ഉപയോഗിക്കുന്നതാണ് പ്രശ്‌നമെന്ന് മുകേഷ് ജെയിൻ വിശദീകരിച്ചു. പട്ടം പറത്താൻ പ്ലാസ്റ്റിക് നൈലോൺ നൂലുകൾ ഉപയോഗിക്കുന്നതിനെതിരെ ബോധവത്‌കരണ പ്രവർത്തനങ്ങൾ മുകേഷ് ജെയിൻ സ്വന്തം നിലയിൽ തുടങ്ങുകയായിരുന്നു.
ഉയരമുളള മരച്ചില്ലകളിലും മറ്റും കുരുങ്ങിക്കിടക്കുന്ന പട്ടത്തിൻ്റെ നൂലിൽ കുടുങ്ങി പരിക്കേറ്റ് തൂങ്ങിയാടുന്ന പക്ഷികൾ നിത്യകാഴ്‌ചയായിരുന്നു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നാട്ടുകാർ മുകേഷ് ജെയിനെ വിളിച്ചറിയിച്ചറിയിക്കും. മുകേഷ് ഉടൻ തന്നെ സ്ഥലത്തെത്തി പക്ഷികളെ രക്ഷിക്കുകയെന്നത് ജീവിതത്തിൻ്റെ ഭാഗമാണ്. ഇതിനായി ചെറിയൊരു ഉപകരണം തന്നെ മുകേഷ് ജെയിൻ തയ്യാറാക്കിയിട്ടുണ്ട്. എത്ര ഉയരത്തിൽ നിന്നും പക്ഷികളെ താഴെയിറക്കി ആവശ്യമായ ചികിത്സ നൽകിയാണ് മുകേഷ് ജീവിതത്തിലേക്ക് പറത്തിവിടുന്നത്. ചില ഘട്ടങ്ങളിൽ പക്ഷികളെ ഫോർട്ട് കൊച്ചി വെറ്റിനറി ആശുപത്രിയിലെത്തിച്ചും ചികിത്സ നൽകാറുണ്ട്. ഇതിൽ തന്നെ ഓപ്പറേഷൻ നടത്തി രക്ഷിച്ച പരുന്തുകളുമുണ്ട്.
മറക്കാനാകാത്ത അനുഭവങ്ങൾ
പതിനേഴ് വർഷത്തെ തൻ്റെ പക്ഷി രക്ഷാപ്രവർത്തനങ്ങളിൽ മറക്കാനാകാത്ത നിരവധി മുഹൂർത്തങ്ങളുണ്ടെന്ന് മുകേഷ് ജെയിൻ വിശദീകരിക്കുന്നു. ഒരു തവണ ബെംഗളൂരുവിൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി പോയതായിരുന്നു. ഇതിനിടെയാണ് കൊച്ചിയിൽ നിന്നും ഫോൺ വിളിയെത്തിയത്. ഒരു പരുന്ത് കുടുങ്ങിക്കിടക്കുന്നു. എത്രയും പെട്ടെന്നെത്തി രക്ഷിക്കണമെന്നായിരുന്നു ആവശ്യം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൂടുതലൊന്നും ആലോചിക്കാതെ അടുത്ത വിമാനത്തിൽ കയറി കൊച്ചിയിൽ തിരിച്ചെത്തി. നേരം ഇരുട്ടുന്നതിന് മുൻപ് പരുന്തിനെ രക്ഷിച്ച് പറത്തിവിടുകയായിരുന്നു. ഏറ്റവും ചെലവേറിയ പക്ഷി രക്ഷാപ്രവർത്തനവും അതായിരുന്നു. ഇത്തരം സംഭവങ്ങൾ ഓർമിക്കുമ്പോൾ മനസിൽ സന്തോഷവും സംതൃപ്‌തിയും തോന്നുന്നു. അതേസമയം മനസ് വേദനിക്കുന്ന അനുഭങ്ങളുമുണ്ടെന്ന് മുകേഷ് ജെയിൻ പറഞ്ഞു. ഒരിക്കൽ മരത്തിൽ കുടുങ്ങിയ പക്ഷിയെ രക്ഷിക്കാനെത്തിയപ്പോഴാണ് സമീപമുള്ള തേനീച്ചക്കൂട് ശ്രദ്ധയിൽപ്പെട്ടത്. ഏതെങ്കിലും രീതിയിൽ പക്ഷിയെ രക്ഷിക്കാൻ ശ്രമിച്ചാൽ തേനീച്ചകൾ ഇളകുകയും അനിഷ്‌ട സംഭവങ്ങൾക്ക് ഇടയാകുമെന്നതിനാൽ പക്ഷിയെ രക്ഷിക്കാനായില്ല. നിസഹായമായ ഈ അവസ്ഥയിൽ പക്ഷിയോട് മാപ്പ് അപേക്ഷിച്ച് മടങ്ങിയെന്ന് മുകേഷ് പറഞ്ഞു.
ഒരൊറ്റദിവസം മാത്രം ആറ് പക്ഷികളെ വരെ രക്ഷിച്ച സമയങ്ങളുണ്ടായിരുന്നു. പട്ടം പറപ്പിക്കൽ സീസണായാൽ ദിനം പ്രതി ഒന്നു മുതൽ നാല് വരെ പക്ഷികളെ രക്ഷിക്കേണ്ടി വരാറുണ്ടെന്നും മുകേഷ് ജെയിൻ വ്യക്തമാക്കി.
ഹെൽപ്പ് ലൈൻ നമ്പർ
പതിനേഴ് വർഷം മുമ്പ് തൻ്റെ മൊബെൽ നമ്പർ പ്രസിദ്ധപ്പെടുത്തിയായിരുന്നു രക്ഷാപ്രവർത്തനം തുടങ്ങിയത്. പക്ഷികൾ അപകടത്തിൽപ്പെട്ടാൽ ഈ നമ്പറിൽ അറിയിക്കുകയെന്ന പത്രപ്പരസ്യം വരെ അന്ന് ചെയ്‌തിരുന്നു.
തുടക്കകാലത്ത് തെങ്ങുകയറ്റ തൊഴിലാളിയുടെ സഹായത്തോടെയായിരുന്നു പട്ടത്തിൻ്റെ നൂലിൽ കുടുങ്ങിയ പക്ഷികളെ രക്ഷിച്ചിരുന്നത്. എന്നാൽ തെങ്ങുകയറ്റക്കാരെ കിട്ടാനും അവർ എത്തിച്ചേരാനുള്ള സമയം വൈകുന്നതിനാലാണ് ബദൽ മാർഗങ്ങളെക്കുറിച്ച് ചിന്തിച്ചത്. പിന്നീട് അനുയോജ്യമായ ഉപകരണങ്ങൾ സംഘടിപ്പിച്ച് സ്വന്തമായി പക്ഷികളെ രക്ഷപ്പെടുത്താൻ തുടങ്ങി.
വേറിട്ട ബോധവത്‌കരണം
പട്ടം പറത്തുന്നവരിൽ ഭൂരിഭാഗവും കുട്ടികളായതിനാൽ അവരെ ലക്ഷ്യമിട്ടുള്ള വിവിധ ബോധവത്‌കരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു. പട്ടം പറത്താൻ എളുപ്പം ദ്രവിക്കുന്ന കോട്ടൺ നൂലുകൾ ഉപയോഗിക്കണമെന്നാണ് മുകേഷ് ജെയിനിൻ്റെ അഭ്യർഥന. പ്ലാസ്റ്റിക്, നൈലോൺ നൂലുകൾ ഉപയോഗിച്ച് പട്ടം പറത്തില്ലെന്ന പ്രതിജ്ഞയുണ്ടാക്കി ആളുകളെകൊണ്ട് പ്രതിജ്ഞയെടുപ്പിക്കുന്നു. ഇതിനായി പ്രതിജ്ഞാ വാചകങ്ങളടങ്ങിയ ഒരു കാർഡ് തന്നെ തയ്യാറാക്കിയിട്ടുണ്ട്. ആരെങ്കിലും പട്ടം പറത്താനായി പ്ലാസ്റ്റിക് നൂല് വാങ്ങിയത് ശ്രദ്ധയിൽപ്പെട്ടാൽ പകരമായി അവർക്ക് കോട്ടൺ നൂല് നൽകുകയും പ്ലാസ്റ്റിക് നശിപ്പിക്കുകയും ചെയ്യുന്നതാണ് മുകേഷിൻ്റെ രീതി.
നിയമ പോരാട്ടത്തിലും വിജയം
പട്ടം പറത്താൻ പ്ലാസ്റ്റിക് കയർ ഉപയോഗിക്കുന്നതിനെതിരെ നിയമ പോരാട്ടം നടത്തി. ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയിരുന്നു. ഗ്രീൻ ട്രിബ്യൂണലിനെയും ഇതേ ആവശ്യവുമായി സമീപിച്ചിരുന്നു. പൊലീസ്, ഫയർ ഫോഴ്‌സ് നാട്ടുകാർ ഉൾപ്പെടെ എല്ലാവരും തൻ്റെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നുവെന്നും മുകേഷ് വ്യക്തമാക്കി.
മൺകലങ്ങളുടെ വിതരണം
അങ്ങാടി കുരുവികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിക്കുന്നുവെന്ന് ബോധ്യപ്പെട്ടതോടെയാണ് അവയ്ക്ക് കൂടൊരുക്കാൻ മുന്നിട്ടിറങ്ങിയത്. ഒരോ വർഷവും ആയിരം കൂടുകളാണ് വിതരണം ചെയ്‌ത് വരുന്നത്. ചെറിയ മൺകലങ്ങളിൽ ദ്വാരമുണ്ടാക്കി പ്രകൃതി സൗഹൃദമായ കൂടുകളാണ് വിതരണം ചെയ്യുന്നത്. ഇത്തരം പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക ചെലവുകൾ സ്വന്തമായി വഹിക്കുന്നതാണ് മുകേഷിൻ്റെ സന്തോഷം. ഒരു വ്യാപാരി കൂടിയായ മുകേഷ് ജീവ കാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. വയനാട്ടിലെ പ്രളയ ദുരിത ബാധിതർക്കായി എട്ട് ലക്ഷം രൂപ ചെലവിൽ ഒരു വീടും അദ്ദേഹം നിർമിച്ച് നൽകിയിട്ടുണ്ട്.
അക്ഷരാർഥത്തിൽ സഹജീവി സ്നേഹത്തിൻ്റെ മഹത്തായ മാതൃകയാണ് മട്ടാഞ്ചേരിക്കാരൻ മുകേഷ് ജെയിനിൻ്റെ ജീവിതം.