കേരളം

kerala

ETV Bharat / entertainment

വാഹനമിടിച്ച് നിര്‍ത്താതെ പോയി; നടന്‍ ശ്രീനാഥ് ഭാസിയെ അറസ്‌റ്റ് ചെയ്‌ത് വിട്ടയച്ചു - SREENATH BHASI ARRESTED

മട്ടാഞ്ചേരിയില്‍ വച്ച് കാറിടിച്ച ശേഷം ശ്രീനാഥ് ഭാസി നിര്‍ത്താതെ പോയെന്നാണ് മട്ടാഞ്ചേരി പൊലീസിന് ലഭിച്ച പരാതി. സംഭവത്തില്‍ ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയിട്ടില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം.

SREENATH BHASI  SREENATH BHASI RELEASED  ശ്രീനാഥ് ഭാസിയെ അറസ്‌റ്റ് ചെയ്‌ത്  ശ്രീനാഥ് ഭാസി
Sreenath Bhasi (ETV Bharat)

By ETV Bharat Entertainment Team

Published : Oct 15, 2024, 10:20 AM IST

വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയെന്ന പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്. മട്ടാഞ്ചേരി സ്വദേശി നല്‍കിയ പരാതിയിലാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ശ്രീനാഥ് ഭാസിയെ അറസ്‌റ്റ് ചെയ്‌ത് വിട്ടയച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്.

മട്ടാഞ്ചേരിയില്‍ വച്ച് കാറിടിച്ച ശേഷം ശ്രീനാഥ് ഭാസി നിര്‍ത്താതെ പോയെന്നാണ് മട്ടാഞ്ചേരി പൊലീസിന് ലഭിച്ച പരാതി. സംഭവത്തില്‍ നടനെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയിട്ടില്ല.

അതേസമയം ഗുണ്ടാ നേതാവ് ഓം പ്രകാശ് ഉള്‍പ്പെട്ട ലഹരി കേസില്‍ ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. കുണ്ടന്നൂരിലെ ഹോട്ടലില്‍ ലഹരിപ്പാര്‍ട്ടി നടത്തിയതിന് ഓം പ്രകാശും കൂട്ടാളി ഷിഹാസും അറസ്‌റ്റിലായിരുന്നു. ഈ ഹോട്ടലില്‍ ഇവരെ സന്ദര്‍ശിച്ചെന്ന പേരിലാണ് ശ്രീനാഥ് ഭാസിയെയും നടി പ്രയാഗ മാര്‍ട്ടിനെയും പൊലീസ് ചോദ്യം ചെയ്‌തത്.

അതേസമയം കഴിഞ്ഞ ദിവസം മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ നടന്‍ ബൈജു സന്തോഷിനെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് വിട്ടയച്ചിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് നടനെ കസ്‌റ്റഡിയിലെടുത്ത് അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്.

ബൈജുവിനെതിരെ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) 281 വകുപ്പ് പ്രകാരവും മോട്ടോര്‍ വാഹന നിയമം 185 വകുപ്പു പ്രകാരവുമാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. പൊതു നിരത്തില്‍ അപകടകരമായി വാഹമോടിച്ചു എന്നതാണ് ബിഎന്‍എസ് 281. ആറ് മാസം തടവോ 1000 രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്.

മദ്യപിച്ച് വാഹനമോടിച്ചതിനാണ് മോട്ടോര്‍ വാഹന നിയമം 185 വകുപ്പ്. ഈ വകുപ്പു പ്രകാരം 10,000 മുതല്‍ 15,000 രൂപ വരെ പിഴയോ ആറ് മാസം തടവു ശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണ്. രണ്ട് വകുപ്പുകളും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായതിനാല്‍ ബൈജുവിനെ അറസ്‌റ്റ് ചെയ്‌ത് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

നടന്‍ ബൈജുവിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത എഫ്‌ഐആറിലെ പ്രഥമ വിവരം ഇങ്ങനെ- ഒക്‌ടോബര്‍ 13ന് രാത്രി 11.45ന് വെള്ളയമ്പലം ജംഗ്‌ഷനില്‍ വച്ച്‌ ബൈജു ഓടിച്ചിരുന്ന കാര്‍ സ്‌കൂട്ടറിലിടിച്ച് വീഴ്ത്തുകയും വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍, ബൈജു മദ്യപിച്ചതായി മനസിലാക്കുകയുമായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് മ്യൂസിയം പൊലീസ് ബൈജുവിന്‍റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.

Also Read: മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടം; നടന്‍ ബൈജു അറസ്‌റ്റില്‍

ABOUT THE AUTHOR

...view details