കോഴിക്കോട്: നടൻ മമ്മൂട്ടി എം.ടി വാസുദേവൻ നായരുടെ വീട്ടിലെത്തി. എം.ടിയുടെ മരണ സമയത്ത് അസർബൈജാനിൽ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. എംടിയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നടന് സാധിച്ചിരുന്നില്ല. വിദേശ യാത്രയ്ക്ക് ശേഷം മടങ്ങിയെത്തിയ മമ്മൂട്ടി വെള്ളിയാഴ്‌ച വൈകീട്ട് നാലുമണിയോടെയാണ് എം.ടിയുടെ കുടുംബാംഗങ്ങളെ കാണാൻ കോഴിക്കോട്ടെ അദ്ദേഹത്തിന്‍റെ വസതിയായ 'സിതാര'യിലെത്തിയത്.
മറക്കാൻ പറ്റാത്തതുകൊണ്ടാണ് എത്തിയതെന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. നടൻ രമേശ് പിഷാരടിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. എം.ടിയുടെ മരണ സമയത്ത് മമ്മൂട്ടി സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച വികാരനിർഭരമായ കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം.ടിയുടെ ഹൃദയത്തിൽ ഇടം കിട്ടിയത് തന്‍റെ ഏറ്റവും വലിയ ഭാഗ്യമെന്ന് താരം കുറിച്ചിരുന്നു.
എറണാകുളത്ത് വെച്ച് നടന്ന പരിപാടിയിൽ മമ്മൂട്ടിയുടെ നെഞ്ചിലേക്ക് ചാഞ്ഞു കിടക്കുന്ന എം.ടിയുടെ ചിത്രവും അന്ന് പങ്കുവച്ചിരുന്നു. ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിക്ക് എന്നും ഗുരുസ്ഥാനീയനും പിതാവിന് തുല്യനുമായിരുന്നു എം ടി വാസുദേവന്‍ നായര്‍.
വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് എംടി സിനിമയില്‍ മമ്മൂട്ടി അരങ്ങേറ്റം കുറിച്ചത്. സുകുമാരന്‍ ആയിരുന്നു ചിത്രത്തില്‍ നായകന്‍. എംടി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്‌തത് എം ആസാദ് ആയിരുന്നു. മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ് എംടിക്ക് ലഭിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അക്ഷരങ്ങള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, ഇടനിലങ്ങല്‍, കൊച്ചുതെമ്മാടി, ഒരു വടക്കന്‍ വീരഗാഥ, ഉത്തരം, മിഥ്യ, സുകൃതം, കേരളവര്‍മ പഴശ്ശിരാജ എന്നിവയാണ് മമ്മൂട്ടി അഭിനിച്ച മറ്റ് സിനിമകള്‍. അടിയൊഴുക്കുകള്‍, വടക്കന്‍ വീരഗാഥ എന്നിവയ്ക്ക് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.
1980 കളിലാണ് എംടി വാസുദേവന്‍ നായര്‍ സിനിമയില്‍ സജീവമായിരുന്ന വര്‍ഷം. കന്യാകുമാരി, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ഓപ്പോള്‍, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, തൃഷ്‌ണ, വാരിക്കുഴി, വെള്ളം, ഉയരങ്ങളില്‍, അക്ഷരങ്ങള്‍, ആരുഢം, മഞ്ഞ്, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, ഇടനിലങ്ങള്‍, അനുബന്ധം, രംഗം, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, അഭയം തേടി, എന്ന് സ്വന്തം ജാനകിക്കുട്ടി, അമൃതംഗമയ, മിഥ്യ, ആരണ്യകം, താഴ്‌വാരം, ഋതുഭേദം, വേനല്‍ക്കിനാവുകള്‍, വിത്തുകള്‍, ഉത്തരം, മനോരഥങ്ങള്‍ തുടങ്ങിയവയാണ്. എംടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്‌തത് ആറ് ചിത്രങ്ങളാണ്. സിനിമാറ്റിക് ആയ എഴുത്തും സാഹിത്യച്ചുവയുള്ള സിനിമയുമാണ് എം.ടിയുടേത്.
ആറ് തവണ ദേശീയ അവാര്‍ഡും പതിനെട്ട് സംസ്ഥാന അവാര്‍ഡും എംടിയ്ക്ക് ലഭിച്ചു. ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവന കണക്കിലെടുത്ത് 2013ല്‍ ജെസി ഡാനിയേല്‍ പുരസ്‌കാരവും ലഭിച്ചു.
Also Read:മലയാള സിനിമയിലെ 'എം ടി' എന്ന രണ്ടക്ഷരം; എഴുത്തിന്‍റെ കടലിൽ തിരയടങ്ങുമ്പോൾ