ന്യൂഡൽഹി: ട്രെയിനുകളുടെ സമയനിഷ്‌ഠ പാലിക്കപ്പെടാനും യാത്രാ സമയം ലാഭിക്കുന്നതിനുമായി വേഗതാ നിയന്ത്രണങ്ങൾ നീക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. സാധ്യമാകുന്നിടത്തെല്ലാം വേഗ നിയന്ത്രണം നീക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
'താത്കാലികവും സ്ഥിരവും എന്ന് രണ്ട് തരം വേഗതാ നിയന്ത്രണങ്ങളാണ് ട്രെയിനുകള്‍ക്കുള്ളത്. ട്രാക്ക് നവീകരണം, ഇന്‍റർലോക്കിങ്, സിഗ്നലിങ്, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിവിധ കാരണങ്ങളാൽ പലപ്പോഴും ഒരു സെക്ഷനിൽ താൽക്കാലിക വേഗ നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്. ജോലി പൂർത്തിയായ ശേഷം ഇത് നീക്കം ചെയ്യപ്പെടും.
എന്നാല്‍ സ്ഥിരമായ വേഗത നിയന്ത്രണങ്ങൾ പലപ്പോഴും ദീർഘകാലത്തേക്ക് നിലനിൽക്കുന്നതാണ്. നിയന്ത്രണങ്ങൾ എടുത്ത് മാറ്റുന്നത് റെയില്‍ ഗതാഗതത്തിന് കൂടുതല്‍ വേഗം നല്‍കും. ഇത് യാത്രക്കാരുടെ സമയവും ലാഭിക്കും.'- നോർത്ത് സെൻട്രൽ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ശശികാന്ത് ത്രിപാഠി ഇടിവി ഭാരതിനോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലൂപ്പ് ലൈനുകളിലൂടെ സഞ്ചരിക്കുന്ന ട്രെയിനുകളുടെ വേഗത വിവിധ വിഭാഗങ്ങളിൽ വർധിപ്പിച്ചിട്ടുണ്ടെന്ന് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ കപിഞ്ചൽ കിഷോർ ശർമ പറഞ്ഞു. ഇത് യാത്രക്കാർക്കുള്ള സൗകര്യം മെച്ചപ്പെടുത്തിയതിന് പുറമേ വേഗത വർധനവിനും കാരണമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രാക്ക് പുതുക്കൽ, ട്രാക്ക് അറ്റകുറ്റപ്പണികൾ, നൂതന സിഗ്നലിങ്, നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ വേഗത പരിമിതി നീക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
ട്രെയിൻ യാത്രകൾ സുരക്ഷിതമാക്കാന്‍ റെയിൽവേ നിരന്തരം ശ്രമം നടത്തി വരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ട്രാക്ക് ഗ്രേഡിയന്‍റിൽ മാറ്റമില്ലെന്ന് ഉറപ്പാക്കാൻ നിരവധി സോണുകളിൽ പാലങ്ങളിലെ വളവ് നികത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിന് നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
കാര്യക്ഷമതയും സുരക്ഷയും കൂടുതൽ വർധിപ്പിക്കുന്നതിനായി, നിലവിലുള്ള സിഗ്നലിങ്ങിലും മറ്റ് സുരക്ഷാ ഗിയറുകളിലും റെയിൽവേ വിവിധ നവീകരണങ്ങളും മാറ്റിസ്ഥാപിക്കലുകളും നടത്തിയിട്ടുണ്ടെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.