ന്യൂഡൽഹി: കലാപം പോലുള്ള ക്രിമിനൽ കേസുകളിൽ പ്രതികളായ വ്യക്തികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കണമെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ഡൽഹി കലാപക്കേസിലെ പ്രതി താഹിർ ഹുസൈൻ്റെ ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുൻ കൗൺസിലർ കൂടിയായ താഹിർ ഹുസൈൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് ജനുവരി 21ലേക്ക് മാറ്റിവച്ചുകൊണ്ട് ജസ്റ്റിസ് പങ്കജ് മിത്തലിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുല്ലയും ഉൾപ്പെട്ട ബെഞ്ച് സമയത്തിൻ്റെ ദൗർലഭ്യം മൂലം ഹർജി മാറ്റിവയ്ക്കുകയായിരുന്നു.
"ജയിലിൽ ഇരുന്നുകൊണ്ട് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത് എളുപ്പമാണ്. അതിനാൽ ജയിലിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ വ്യക്തികളെയും വിലക്കണം." ബെഞ്ച് വാക്കാല്‍ പറഞ്ഞു.
ഫെബ്രുവരിയിൽ നടക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിൽ പങ്കെടുക്കുന്നതിനായി ഇടക്കാല ജാമ്യം തേടിയാണ് താഹിർ സുപ്രീം കോടതിയെ സമീപിച്ചത്. മുസ്‌തഫാബാദ് മണ്ഡലത്തിൽ നിന്ന് എഐഎംഐഎമ്മിൻ്റെ സ്ഥാനാർഥിയായി താഹിർ ഹുസൈൻ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.
പത്രികാ സമർപ്പണത്തിനായി ജനുവരി 14ന് ഡൽഹി ഹൈക്കോടതി താഹിറിന് കസ്റ്റഡി പരോൾ അനുവദിച്ചിരുന്നു. എന്നാൽ ജനുവരി 14 മുതൽ ഫെബ്രുവരി 9 വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൻ്റെ ഭാഗമായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന താഹിറിൻ്റെ അപേക്ഷ ഹൈക്കോടതി നിരസിച്ചു.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് 11 എഫ്‌ഐആറുകൾ താഹിറിനെതിരെ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും കലാപവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ, യുഎപിഎ കേസ് എന്നിവയിൽ കസ്റ്റഡിയിലാണെന്നും ഹൈക്കോടതി നേരത്തെ നിരീക്ഷണം നടത്തി. അതിനാലാണ് ഇടക്കാല ജാമ്യഹർജി തള്ളിയത്.
2020 ഫെബ്രുവരി 24ന് ആണ് ഡൽഹിയിൽ കലാപം ഉണ്ടാകുന്നത്. ഇതിൽ 53 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.