വാഷിങ്‌ടൺ: ട്രംപിന്‍റെ പ്രതികാര നടപടികളില്‍ നിന്ന് വേണ്ടപ്പെട്ടവരെ സഹായിക്കാന്‍ നിര്‍ണായക നീക്കവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. ബൈഡന്‍റെ മുന്‍ ആരോഗ്യ ഉപദേഷ്‌ടാവ് ഡോ. ആന്‍റണി ഫൗസി, വിരമിച്ച ജനറൽ മാർക്ക് മില്ലി, 2021 ജനുവരി 6 -ന് കാപ്പിറ്റോളിൽ നടന്ന ആക്രമണം അന്വേഷിച്ച ഹൗസ് കമ്മിറ്റി അംഗങ്ങള്‍ക്കും ബൈഡന്‍ തന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ച് മാപ്പ് നൽകി. ഡൊണാള്‍ഡ് ട്രംപ് തന്‍റെ ശത്രു പട്ടികയില്‍ ഉള്‍പ്പെടുത്തിവര്‍ക്കാണ് ബൈഡന്‍ അധികാരമൊഴിയും മുമ്പ് മാപ്പ് നല്‍കിയത്.
2020 ലെ തെരഞ്ഞെടുപ്പ് തോൽവിയില്‍ തന്നെ കുറ്റപ്പെടുത്തിയവരും 2021 ജനുവരി 6 ന് യുഎസ് കാപ്പിറ്റോൾ ആക്രമണത്തിൽ തന്‍റെ പങ്കിനെപ്പറ്റി പറഞ്ഞവരും രാഷ്‌ട്രീയമായി തന്നെ മറികടന്നവരുമൊക്കെ തന്‍റെ ശത്രുക്കളുടെ പട്ടികയില്‍ ഉണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. കാപ്പിറ്റോള്‍ കലാപത്തില്‍ ട്രംപിനുള്ള പങ്ക് ശക്തമായി ഉയര്‍ത്തിയയാളാണ് ജനറല്‍ മാര്‍ക്ക് മില്ലി. ട്രംപിനെ ഒരു ഫാസിസ്റ്റ് എന്ന് വിളിച്ചയാള്‍ കൂടിയാണ് മാര്‍ക്ക് മില്ലി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസിന്‍റെ ഡയറക്‌ടറായി 40 വർഷത്തോളം പ്രവർത്തിച്ച വ്യക്തിയാണ് ഫൗസി. 2022 ൽ വിരമിക്കുന്നതു വരെ ബൈഡന്‍റെ മുഖ്യ മെഡിക്കൽ ഉപദേഷ്‌ടാവായിരുന്നു ഫൗസി.
കൊവിഡ്-19 പാൻഡെമിക്കിനെതിരെയുള്ള രാജ്യത്തിന്‍റെ പ്രതിരോധത്തിന് ചുക്കാന്‍ പിടിച്ചത് ഫൗസിയായിരുന്നു. ട്രംപിന്‍റെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങളെ പിന്തുണയ്ക്കാൻ ഫൗസി വിസമ്മതിച്ചതാണ് ശത്രു പട്ടികയില്‍ ഉള്‍പ്പെടാന്‍ കാരണം. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുന്നത് പോലെയുള്ള ഉത്തരവിനെതിരെ ട്രംപും വലതു പക്ഷവും രൂക്ഷമായ എതിര്‍പ്പ് അന്ന് പ്രകടിപ്പിച്ചിരുന്നു.
അതേസമയം, വ്യക്തിഗത മാപ്പുകളുടെയും ഇളവുകളുടെയും കാര്യത്തിൽ റെക്കോഡ് സ്ഥാപിച്ചിരിക്കുകയാണ് പ്രസിഡന്‍റ് ജോ ബൈഡൻ. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഏകദേശം 2,500 പേരുടെ ശിക്ഷ ഇളവ് ചെയ്യുമെന്നാണ് ബൈഡന്‍ വെള്ളിയാഴ്‌ച പ്രഖ്യാപിച്ചത്.
ഫെഡറൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 40 പേരിൽ 37 പേരുടെയും ശിക്ഷ ഇളവ് ചെയ്യുമെന്നും ട്രംപ് അധികാരമേറ്റെടുക്കുന്നതിന് ഏതാനും ആഴ്‌ചകൾക്ക് മുമ്പ് ശിക്ഷകൾ ജീവപര്യന്തം തടവാക്കി മാറ്റുമെന്നും മുമ്പ് പ്രഖ്യാപിച്ചിരുന്നു. ആദ്യ ടേമിൽ, കൊറോണ വൈറസ് കൊടുമ്പിരി കൊണ്ടുനില്‍ക്കുന്ന സമയത്താണ് 13 പേരുടെ വധശിക്ഷ ട്രംപ് നടത്തിയത്.