തിരുവനന്തപുരം: കേരള സ്‌കൂൾ കലോത്സവത്തിന്‍റെ അവസാനഘട്ട ഒരുക്കങ്ങളുടെ ഭാഗമായി കലോത്സവ സ്വാഗതഗാന നൃത്താവിഷ്‌കാര റിഹേഴ്‌സൽ നടന്നു. കലാമണ്ഡലത്തിലെ 29 വിദ്യാർഥികളും വിവിധ സ്‌കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത 11 പേരുമടങ്ങുന്ന സംഘമാണ് നാളെ (ജനുവരി 04) കലോത്സവ സ്വാഗതഗാനത്തിൻ്റെ നൃത്താവിഷ്ക്കാരം അവതരിപ്പിക്കുക. പരിപാടിയുടെ തലേ ദിവസമായ ഇന്ന് (ജനുവരി 03) സെൻട്രൽ സ്റ്റേഡിയത്തിൽ സ്ഥിതി ചെയ്യുന്ന കലോത്സവത്തിൻ്റെ പ്രധാന വേദിയിലാണ് കലാകാരികള്‍ റിഹേഴ്‌സൽ പൂർത്തിയാക്കിയത്.
കലോത്സവത്തിൻ്റെ സ്വാഗതഗാനത്തിൻ്റെ നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്താനായി നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന മന്ത്രി വി ശിവൻകുട്ടിയുടെ വെളിപ്പെടുത്തൽ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. തുടർന്നാണ് സൗജന്യമായി നൃത്തം അവതരിപ്പിക്കാമെന്ന് അറിയിച്ച് കലാമണ്ഡലം റജിസ്ട്രാർ ഡോ. വി രാജേഷ് കുമാർ രംഗത്തെത്തിയത്. കലാമണ്ഡലം നൃത്ത വിഭാഗം മേധാവി ഡോ. രജിത രവി, അധ്യാപിക കലാമണ്ഡലം ലതിക, കഥകളി അധ്യാപകരായ കലാമണ്ഡലം എസ് തുളസി, കലാമണ്ഡലം അരുൺ വാര്യയർ എന്നിവരാണ് നൃത്തം ചിട്ടപ്പെടുത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശ്രീനിവാസന്‍ തൂണേരിയുടെ തൂലികയിൽ പിറന്ന, കാവാലം ശ്രീകുമാർ സംഗീത സംവിധാനം നിർവഹിച്ച ഒൻപതര മിനിറ്റുള്ള സ്വാഗതഗാനത്തിനാണ് കലാമണ്ഡലത്തിലെ കുട്ടികൾ ചുവടുവയ്‌ക്കുക. കേരളത്തിന്‍റെ നവോത്ഥാനം, ചരിത്രം, കല, പാരമ്പര്യം, ഐക്യം, അഖണ്ഡത എന്നിവ ഉൾക്കൊള്ളിച്ച് കൊണ്ടാണ് ശ്രീനിവാസന്‍ തൂണേരി ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. കഥകളി, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഗോത്ര കലകൾ, മാർഗംകളി, ഒപ്പന, തിരുവാതിരക്കളി എന്നീ കലാരൂപങ്ങളെ കോർത്തിണക്കിയാണ് നൃത്തം ഒരുക്കിയിരിക്കുന്നത്. നമ്മുടെ സംസ്‌കാരവും നാടിന്‍റെ പൈതൃകവും വിളിച്ചോതുന്നതാണ് നൃത്താവിഷ്‌കാരം.
Also Read: സ്‌കൂൾ കലോത്സവം പ്രധാന വേദിയിലെ ഒരുക്കങ്ങൾ തകൃതി; 12000 ഇരിപ്പിടങ്ങൾ സജ്ജം, ചിത്രങ്ങള്‍ കാണാം