തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ നാളെ കലാമേളത്തിന് തിരശീല ഉയരുമ്പോള്‍ പുത്തരിക്കണ്ടം മെതാനത്ത് പഴയിടത്തിന്‍റെ കൈപ്പുണ്യമേളത്തിന് കൂടിയാണ് കലവറ ഒരുങ്ങുന്നത്. രണ്ട് പതിറ്റാണ്ടോളമായി കലോത്സവ വേദിയിലെത്തുന്നവരുടെ മനസും വയറും നിറച്ചാണ് പഴയിടം തന്‍റെ യാത്ര തുടരുന്നത്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇത്തവണവും രുചിമേളം ഒരുക്കുകയാണ് പഴയിടം മോഹനൻ നമ്പൂതിരി. രാവിലെ ഊട്ടുപുരയിൽ നടന്ന പാലുകാച്ചലോടെയാണ് ഇത്തവണത്തെ പാചക മാമാങ്കത്തിന് തുടക്കം കുറിച്ചത്.
തുടർന്ന് 'പഴയിടം' പ്രത്യേക രുചിക്കൂട്ടിലുള്ള തന്‍റെ പായസം തയാറാക്കി. ഭക്ഷണപ്പുരയുടെ പാലുകാച്ചലിന് എത്തിയ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, മറ്റ് വിശിഷ്‌ടാതിഥികൾ, മാധ്യമപ്രവർത്തകർ എന്നിവർക്ക് തന്‍റെ സ്പെഷ്യൽ പായസം നൽകി പഴയിടം കർമനിരതനായി. മുൻ വർഷത്തിൽ നിന്നും വ്യത്യസ്‌തമായിരിക്കും ഇത്തവണത്തെ രുചികൾ എന്നാണ് പഴയിടെ പറയുന്നത്.
ഓരോ തവണയും ഓരോ സ്‌പെഷ്യലാണ്. മനസും വയറും നിറയ്ക്കുന്ന രീതിയിൽ ഭക്ഷണ രുചികൾ ഒരുക്കും, എന്നാൽ സ്‌പെഷ്യൽ വിഭവം ഏതെന്ന് ഇപ്പോൾ പറയുന്നില്ല, ഭക്ഷണം കഴിച്ചു മനസിലാക്കട്ടെ - പഴയിടം പറഞ്ഞു.
2006 ലെ സംസ്ഥാന സ്‌കൂൾ കലോത്സവം മുതൽ പഴയിടം മോഹനൻ നമ്പൂതിരിയും കൂട്ടരുമാണ് ഭക്ഷണപ്പുരയുടെ ചുമതല വഹിക്കുന്നത്. സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് 14 തവണയും സ്‌കൂൾ ശാസ്ത്രമേളയ്ക്ക് 15 തവണയും പഴയിടം ഭക്ഷണം ഒരുക്കിയിട്ടുണ്ട്. ഭക്ഷണപ്പുരയിൽ ദിവസവും നാൽപതിനായിരം പേർക്ക് ഭക്ഷണമൊരുക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാത്രിയിലെ അത്താഴം മുതൽ ഭക്ഷണശാല പ്രവർത്തനസജ്ജമാകും. മൂന്ന് നേരവും ഭക്ഷണമുണ്ടാകും. പതിനായിരം പേർക്ക് പ്രഭാത ഭക്ഷണവും ഇരുപതിനായിരം പേർക്ക് ഉച്ചഭക്ഷണവും പതിനായിരം പേർക്കുള്ള അത്താഴവും ഭക്ഷണപ്പുരയിൽ തയ്യാറാക്കും. മൂന്ന് നേരവും ഇലയിലാണ് ഭക്ഷണം നൽകുന്നത്.
ഭക്ഷണപ്പുരയുടെ സജ്ജീകരണങ്ങളിൽ പൂർണമായും തൃപ്‌തനാണെന്ന് പഴയിടം പറഞ്ഞു. എല്ലാ ജില്ലകളിൽ നിന്നുമുള്ളവർക്ക് ഇഷ്‌ടപ്പെടുന്ന രുചികളാവും ഉണ്ടാവുക. അതിനായി നല്ലൊരു മെനു ഒരുക്കിയിട്ടുണ്ട്. ഇനി കുട്ടികൾക്ക് മനസിന് തൃപ്‌തിയുള്ള നല്ല ഭക്ഷണം നൽകണമെന്ന കടമ നിർവഹിക്കാനാകണമെന്ന പ്രാർത്ഥന മാത്രം - പഴയിടം പറഞ്ഞു.
പുത്തരിക്കണ്ടം മൈതാനത്ത് തയ്യാറാക്കിയിട്ടുള്ള നെയ്യാർ പന്തലിൽ ഒരേ സമയം 4,000 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്. 200 പേർക്ക് ഇരിക്കാവുന്ന 20 നിരകളാണ് ക്രമീകരിച്ചിട്ടുള്ളത്. അധ്യാപകരും വിദ്യാർഥികളും സ്‌കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളുമുൾപ്പടെ 350 പേർ ഭക്ഷണം വിളമ്പാനുണ്ട്. അധ്യാപക സംഘടനയായ കേരള സ്‌കൂൾ ടീച്ചേർസ് അസോസിയേഷനാണ് ഭക്ഷണ കമ്മിറ്റിയുടെ പൊതു ചുമതല.
വ്യത്യസ്‌തമായ പ്രഭാത ഭക്ഷണമാണ് ഓരോ ദിവസവും നൽകുക. ഉച്ചയ്ക്കുള്ള സദ്യയ്ക്ക് പന്ത്രണ്ടു കറികളും പായസവുമുണ്ട്. തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിൽ സമാഹരിച്ച ഭക്ഷ്യവിഭവങ്ങൾ കഴിഞ്ഞ ദിവസം ഭക്ഷണപ്പുരയിൽ എത്തിച്ചിട്ടുണ്ട്. ഇനി പാചക കലയിലെ അഗ്രഗണ്യന്‍റെ രുചികള്‍ അരങ്ങു കീഴടക്കും.
Also Read:നിറഞ്ഞ് തുടങ്ങി കലോത്സവ കലവറ; സന്ദർശിച്ച് വിദ്യാഭ്യാസ മന്ത്രിയും മറ്റു പ്രമുഖരും, ചിത്രങ്ങൾ കാണാം