കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ പരിശീലകനായി ടി.ജി പുരുഷോത്തമൻ തന്നെ തുടരുമെന്ന് റിപ്പോര്‍ട്ട്. മുഖ്യ പരിശീലകനായിരുന്ന മിഖായേല്‍ സ്റ്റാറെയെ പുറത്താക്കിയതിന് ശേഷം സ്ഥിരം പരിശീലകനെ ഉടനെ നിയമിക്കാൻ സാധ്യത കുറവെന്നാണ് സൂചന.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇടക്കാല പരിശീലകനായ പുരുഷോത്തമൻ സീസൺ അവസാനിക്കും വരെ ബ്ലാസ്റ്റേഴ്‌സിനെ കളി പഠിപ്പിക്കും. മറ്റൊരു സഹപരിശീലകനായ തോമാസ് കോർസും പുരുഷോത്തമനും ചേര്‍ന്നാകും ഇനിയുള്ള മത്സരങ്ങളില്‍ മഞ്ഞപ്പടയെ നയിക്കുക.
ജനുവരി 5 ന് പഞ്ചാബ് എഫ്‌സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ അടുത്ത മത്സരം. ജംഷഡ്പുരിന്‍റെ തട്ടകത്തിലേറ്റ തോല്‍വിയുടെ ക്ഷീണവുമായാണ് ന്യൂഡൽഹി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തില്‍ പഞ്ചാബിനെ ഏറ്റുമുട്ടുക.
മോഹൻ ബഗാനോടു 3 – 2 ന് തോറ്റതിന് പിന്നാലെയാണ് സ്റ്റാറെയെ ക്ലബ് പുറത്താക്കിയത്. നിലവിലെ സീസണിൽ 12 മത്സരങ്ങളിൽ ടീമിനെ പരിശീലിപ്പിച്ച സ്റ്റാറെയുടെ സമ്പാദ്യം 7 തോൽവിയും 3 ജയവും 2 സമനിലയുമായിരുന്നു. സെര്‍ബിയന്‍ കോച്ചായ ഇവാന്‍ വുകോമനോവിച്ച് പുറത്തായതിന് ശേഷമാണ് സ്റ്റാറെ പരിശീലകനായി എത്തിയത്.
Boarding Now: Kochi ✈️ Delhi#PFCKBFC #KBFC #KeralaBlasters pic.twitter.com/JSCX2nDItx
— Kerala Blasters FC (@KeralaBlasters) January 3, 2025
എന്നാല്‍ പുരുഷോത്തമന് കീഴിൽ നടന്ന രണ്ട് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന് ഒരു തോൽവിയും ഒരു ജയവുമാണ് നേടാനായത്. കഴിഞ്ഞ രണ്ട് മത്സരത്തിലും ടീം കുഴപ്പമില്ലാതെ കളിച്ചെന്നാണ് മാനേജ്മെന്‍റിന്‍റെ കണക്ക് കൂട്ടല്‍. നിലവിൽ 14 മത്സരങ്ങളില്‍ നിന്നായി 14 പോയിന്‍റുമായി 10 –ാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്.
ആദ്യ 6 സ്ഥാനക്കാരാണ് പ്ലേ ഓഫ് കളിക്കുക. 32 പോയിന്‍റുമായി മോഹന്‍ ബഗാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്നത്. 27 പോയിന്‍റുമായി ബെംഗളൂരു രണ്ടാമതാണ്. നോര്‍ത്ത് ഈസ്റ്റും ഗോവയുമാണ് മൂന്ന്, നാല് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.