തിരുവനന്തപുരം: പറഞ്ഞതിലും ഒരു മണിക്കൂർ വൈകിയാണ് തുടങ്ങിയതെങ്കിലും അഭിനയം കൊണ്ട് സദസിന്‍റെ മനം കവർന്ന് ഹയർ സെക്കൻഡറി വിഭാഗം നാടക മത്സരം. സദസ് നേരത്തെ തന്നെ നിറഞ്ഞിരുന്നു. ആദ്യ നാടകം മാനന്തവാടി ജിവിഎച്ച്എസിന്‍റെ 'രാവണൻ'.
രാവണനെ അവതരിപ്പിച്ച അഭിനന്ദ് എസ് ദേവ് വേദിയിൽ വേഷ പകർച്ച കൊണ്ട് നിറഞ്ഞാടി. രാമയണത്തിലെ രാവണന്‍റെ ഭാഗമാണ് നാടകത്തിൽ ഉണ്ടായിരുന്നത്. ആദ്യ നാടകം കഴിഞ്ഞപ്പോൾ നിറഞ്ഞ കയ്യടി. പിന്നാലെ സദസിൽ നിന്നും പാട്ടും കയ്യടിയും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രണ്ടാമത് എത്തിയത് പോരാട്ടത്തിന്‍റെയും കാടിന്‍റെയും കഥ പറയുന്ന ഫൈറ്റർ. കാടിന്‍റെ മകൾ നാട്ടിലേക്ക് പഠിക്കാൻ എത്തുന്നതും. ബോക്‌സിങ്ങിൽ പങ്കെടുക്കുന്നതും പരിശീലകന്‍റെ പീഡനവും. പരാജയപ്പെട്ട് വീഴുമ്പോഴും കീഴടങ്ങില്ല എന്ന സന്ദേശം നൽകുന്ന കഥ കാണികളും ഏറ്റെടുത്തു.
മൂന്നാമത് എത്തിയത് സ്ത്രീകളുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന കാണി ആണ്. തെയ്യവും വർഗീയതക്കെതിരെയുള്ള പോരാട്ടവും നിസഹയവസ്ഥയുമെല്ലാം പ്രതിഫലിക്കുന്നതായിരുന്നു കാണി. ആദിവാസി സമൂഹത്തിന്‍റെയും പ്രണയത്തിന്‍റെയും പകയുടെയും കഥ പറയുന്നതായിരുന്നു കയം എന്ന നാടകം. പാലക്കാട് ജില്ലയിലെ ജിവിഎച്ച്എസ്എസ് വെട്ടനാട് സ്‌കൂളിലെ കുട്ടികൾ ആണ് നാടകം അവതരിപ്പിച്ചത്.
സാങ്കേതിക മികവ് കൊണ്ട് നിറഞ്ഞു നിൽക്കുന്നതായിരുന്നു സ്‌റ്റേജ്. അഭിനേതാക്കളും മത്സരിച്ച് അഭിനയിക്കുന്ന കാഴ്‌ചയായിരുന്നു കയത്തിൽ. നാടകങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതെന്ന് കാണികളും പറഞ്ഞു. സിനിമ താരങ്ങളും നാടക താരങ്ങളും എഴുത്തുകാരും നാടകം കാണാൻ എത്തിയിട്ടുണ്ട്. ഇനിയും ഒത്തിരി നാടകങ്ങൾ അരങ്ങിൽ ഏത്താനുണ്ട്.