ചിരിയുടെ സുൽത്താനായിരുന്ന പ്രശസ്‌ത സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന അവസാന ചിത്രമായ 'പൊറാട്ട് നാടകം' ഓഗസ്റ്റ് 9 ന് റിലീസിനെത്തും. മനോഹര ചിത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സിദ്ദിഖ് എന്ന പ്രതിഭ നമ്മളെ വിട്ട് പിരിഞ്ഞത് കഴിഞ്ഞ വർഷം ഓഗസ്റ്റ് 8 ന് ആയിരുന്നു. സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദിഖിൻ്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്‌ത 'പൊറാട്ട് നാടകം' പൂർത്തിയായത് സിദ്ദിഖിൻ്റെ മേൽനോട്ടത്തിലായിരുന്നു.
അതുകൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 9-ന് ഈ ചിത്രം തീയറ്ററുകളിലെത്തിക്കുന്നത്. എമിറേറ്റ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന 'പൊറാട്ട് നാടക'ത്തിൻ്റെ രചന നിര്‍വഹിച്ചിരിക്കുന്നത് 'മോഹൻലാൽ' , 'ഈശോ' എന്നീ ചിത്രങ്ങളുടേയും എഷ്യാനെറ്റിലെ 'ബഡായി ബംഗ്ലാവി'ൻ്റേയും രചയിതാവായ സുനീഷ് വാരനാട് ആണ്.
രാഹുൽ രാജ് ആണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സൈജു കുറുപ്പ് നായകനായ ചിത്രത്തിൽ മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് അഴീക്കോട്, തുടങ്ങിയവർ വേഷമിട്ട ഈ ചിത്രത്തിൻ്റെ കോ പ്രൊഡ്യൂസർ ഗായത്രി വിജയനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നാസർ വേങ്ങരയുമാണ്.