മലയാളികളുടെ ശിവകാര്‍ത്തികേയനാണ് നടന്‍ ഉണ്ണി ലാലു. തമിഴ് താരം ശിവകാര്‍ത്തികേയന്‍റെ മുഖച്ഛായ ഉള്ളതിനാല്‍ പ്രേക്ഷകര്‍ ഉണ്ണി ലാലുവിന് നല്‍കിയ വിശേഷണമാണിത്. ഉണ്ണി ലാലു ഏറ്റവും ഒടുവില്‍ പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് 'പറന്ന് പറന്ന് പറന്നു ചെല്ലാൻ' എന്ന ചിത്രം.
ജിഷ്‌ണു ഹരീന്ദ്ര വര്‍മ്മ സംവിധാനം ചെയ്‌ത ചിത്രം ജനുവരി 31നാണ് റിലീസായത്. ഇപ്പോഴും മികച്ച സ്വീകാര്യതയോടെ ചിത്രം തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഈ സാഹചര്യത്തില്‍ തന്‍റെ കരിയര്‍ വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് നടന്‍ ഉണ്ണി ലാലു.
പറ്റിക്കപ്പെട്ട പരസ്യം
"പഠിക്കുന്ന കാലം മുതല്‍ ഒരു അഭിനേതാവാകുക എന്നതായിരുന്നു ലക്ഷ്യം. സിനിമ അല്ലെങ്കിൽ പിന്നെ സിനിമ തന്നെ. ജീവിതത്തിൽ വേറൊരു ഓപ്ഷൻ ഇല്ലായിരുന്നു. പഠിക്കുന്ന സമയത്ത് സിനിമയിലും ഷോർട്ട് ഫിലിമുകളിലും അവസരങ്ങൾ ചോദിച്ച് നടന്നിട്ടുണ്ട്. ഫിലിം മാഗസിനുകളിൽ പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് വരുന്ന പരസ്യം കണ്ട് എത്രയോ ലൊക്കേഷനുകളിൽ ചെന്നിട്ടുണ്ട്. പേപ്പർ കട്ടിംഗുകളിൽ കാണുന്ന അഭിനേതാക്കളെ ആവശ്യമുണ്ടെന്നുള്ള പരസ്യം കണ്ട് നിരവധി തവണ പറ്റിക്കപ്പെട്ടിട്ടുണ്ട്. പ്ലസ് ടുവിന് പഠിക്കുമ്പോൾ ഇതുപോലൊരു പരസ്യം കണ്ട് ചെന്നൈ വരെ പോയിട്ടുണ്ടായിരുന്നു," ഉണ്ണി ലാലു പറഞ്ഞു.
കഠിനാധ്വാനം കൊണ്ട് സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്‌തു കൊണ്ടിരിക്കുമ്പോഴാണ് ലോക്ക് ഡൗൺ സംഭവിക്കുന്നതെന്നും കൊറോണ കാലം ഒരു പക്ഷേ തന്‍റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക് ഡൗൺ എന്നെ പ്രശസ്‌തനാക്കി
"ലോക്ക് ഡൗൺ കാലത്ത് ത്രീ ഇഡിയറ്റ്സ് മീഡിയ എന്ന സ്ഥാപനത്തിന്‍റെ ബാനറിൽ നിരവധി വെബ് സീരീസുകൾ ചെയ്‌തു. കേരളത്തിൽ ആദ്യമായി വെർട്ടിക്കൽ ഫോർമാറ്റിൽ ഒരു മിനിറ്റ് കൊണ്ട് ഒരു കഥ പറയുന്ന വീഡിയോകൾക്ക് തുടക്കം കുറിച്ചത് ത്രീ ഇഡിയറ്റ്സ് മീഡിയ ആയിരുന്നു. പ്രണയവും പ്രതികാരവും ഹാസ്യവുമെല്ലാം ഞങ്ങളുടെ വിഷയങ്ങളായി. ഒരു മിനിറ്റ് വീഡിയോ കേരളത്തിൽ ബംബർ ഹിറ്റായി. ഓരോ വീഡിയോകൾക്ക് വേണ്ടിയും മലയാളികൾ കാത്തിരുന്നു," നടന്‍ പറഞ്ഞു.
ശിവകാർത്തികേയനുമായുള്ള സാമ്യത്തെ കുറിച്ചും നടന്‍ പറഞ്ഞു. "എന്‍റെ രൂപവും ചിരിയും തമിഴ് നടൻ ശിവകാർത്തികേയനുമായി സാമ്യമുള്ളതാണെന്ന് അക്കാലത്ത് ധാരാളം കമന്‍റുകൾ ആ വീഡിയോയ്ക്ക് താഴെ വരുമായിരുന്നു. അതൊക്കെ ഒരുപക്ഷേ വലിയ ഊർജ്ജം തരുന്ന ജനങ്ങളുടെ വാക്കുകളായിരുന്നു. അതിലൊരു കമന്‍റായിരുന്നു വരുത്തപ്പെടാത്ത വാലിഭർ സംഘം എന്ന തമിഴ് ചിത്രം പോലെയുള്ള സിനിമകൾ മലയാളത്തിൽ സംഭവിക്കുകയാണെങ്കിൽ ശിവകാർത്തികേയനെ പോലൊരു നടൻ നമുക്കും ഉണ്ടെന്ന്. ലോക്ക്‌ഡൗൺ കാലത്ത് സ്ഥിരമായി ഞാൻ അഭിനയിക്കുന്ന ഇത്തരം വീഡിയോകൾ ജനങ്ങൾക്ക് മുന്നിൽ എത്തിയതോടെ എന്‍റെ മുഖം വളരെയധികം ഫെമിലിയറായി. പിന്നീടാണ് സിനിമകളിൽ മികച്ച അവസരങ്ങൾ തേടിയെത്തുന്നത്," ഉണ്ണി ലാലു പറഞ്ഞു.

ശിവകാർത്തികേയൻ ആദ്യ കാലങ്ങളിൽ ചെയ്‌തിരുന്ന പോലുള്ള സിനിമകൾ ഉണ്ണി ലാലുവിനെ തേടിയെത്തുമെന്ന് പ്രതീക്ഷിച്ച മലയാളിക്ക് തെറ്റി. നായകനായും സ്വഭാവ നടനായും എത്തിയ ഉണ്ണിയുടെ കഥാപാത്രങ്ങൾ അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ ഞെട്ടിച്ചു. 'രേഖ' എന്ന ചിത്രത്തിലെ നെഗറ്റീവ് ടച്ചുള്ള നായകനും, 'ഫ്രീഡം ഫൈറ്റി'ലെ പ്രതികരിക്കാനാകാതെ നിസ്സഹായനായ തോട്ടിപ്പണിക്കാരനുമൊക്കെ മലയാളികളുടെ ഹൃദയത്തിൽ സ്‌പർശിച്ചു.
'ഫ്രീഡം ഫൈറ്റ്' എന്ന ആന്തോളജി സിനിമയിലെ പ്രാ. തു. മു. എന്ന കഥയിലാണ് ഉണ്ണി ലാലു പ്രധാന വേഷത്തിലെത്തി പ്രേക്ഷകരെ ഞെട്ടിച്ചത്. ഇന്ത്യയിലെ ഒരു അഭിനേതാവും ഒരിക്കലും ചെയ്യാൻ മുതിരാത്ത സന്ദർഭങ്ങളായിരുന്നു ഈ ചിത്രത്തിൽ ഉണ്ടായിരുന്നത്. ഇതേക്കുറിച്ചുള്ള വിശേഷങ്ങളും ഉണ്ണി ലാലു പങ്കുവച്ചു.
"ഒരു അഭിനേതാവിന്‍റെ കരിയറിന്‍റെ തുടക്കത്തിൽ തന്നെ മികച്ച കഥാപാത്രങ്ങൾ അയാളെ തേടിയെത്തുന്നത് ഒരു ഭാഗ്യമായാണ് താൻ കരുതുന്നത്. അതുകൊണ്ടുതന്നെ ആ കഥാപാത്രത്തിന് വേണ്ടി എത്ര വലിയ ത്യാഗം ചെയ്യാനും എന്നെ പോലൊരു നടൻ ശ്രമിക്കും. കിട്ടിയ അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക എന്നതിനപ്പുറത്തേക്ക് ഇങ്ങനെയൊക്കെ ചെയ്‌താൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമോ എന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല," ഉണ്ണി ലാലു പറഞ്ഞു.
ചിന്താഗതിയെ അപ്പാടെ മാറ്റിയ ഫ്രീഡം ഫൈറ്റ്
എപ്പോഴും കൊമേഴ്‌ഷ്യല്‍ സിനിമകളുടെ ഭാഗമാകാനായിരുന്നു ആഗ്രഹിച്ചത്. സ്ലോമോഷൻ പ്രണയം ഫൈറ്റ് അങ്ങനെയൊക്കെ. പക്ഷേ ഫ്രീഡം ഫൈറ്റ് എന്ന ചിത്രം ചിന്താഗതിയെ അപ്പാടെ മാറ്റി. ഒരു അഭിനേതാവിന്‍റെ പാഷൻ എങ്ങനെയായിരിക്കണമെന്ന് എന്നെ പഠിപ്പിച്ചു. ഈ സിനിമയ്ക്ക് സമൂഹത്തിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്നും മനസ്സിലായതും സിനിമയുടെ റിലീസിന് ശേഷമായിരുന്നു.

ഒരു തോട്ടിപ്പണിക്കാരന്‍റെ മാനസികാവസ്ഥ
റിലീസിന് ശേഷം കണ്ടപ്പോൾ ആ കഥാപാത്രം അവതരിപ്പിക്കുന്നത് ഞാനാണെന്ന് പോലും സ്വയം മറന്നു പോയി. വല്ലാതെ സങ്കടം തോന്നി. ആ കഥാപാത്രത്തിന്‍റെ അവസ്ഥയാലോചിച്ച് ദേഷ്യം തോന്നി. ഇത്തരം തോട്ടിപ്പണി ചെയ്യുന്ന തൊഴിലാളികളുടെ മാനസികാവസ്ഥയെ കുറിച്ച് ബോധ്യം വന്നു. ഒരു സംവിധായകൻ പറഞ്ഞു തരുന്നതിനനുസരിച്ച് അഭിനയിക്കുക മാത്രമായിരുന്നു അതുവരെ ഞാൻ ചെയ്‌തുകൊണ്ടിരുന്നത്.
നഗ്നനായി അഭിനയിച്ചു, ചവിട്ടിക്കൂട്ടുമ്പോൾ മുറിവേറ്റു..
കഥാപാത്രത്തെ ഉള്ളിലേക്കെടുത്ത് ആ കഥാപാത്രത്തിന്‍റെ ചിന്തകളിലൂടെ സഞ്ചരിക്കാൻ ഈ സിനിമയ്ക്ക് ശേഷമാണ് സാധിച്ചത്. ഈ സിനിമയിൽ നഗ്നനായി അഭിനയിച്ചിട്ടുണ്ട്. എല്ലാവരും ആ കഥാപാത്രത്തെ എടുത്ത് ചവിട്ടി കൂട്ടുന്ന രംഗമുണ്ട്. റിയാലിറ്റിക്ക് വേണ്ടി പല ചവിട്ടും ഏറ്റുവാങ്ങേണ്ടി വന്നു. വിവസ്ത്രനായി കിടക്കുന്ന എന്‍റെ കഥാപാത്രത്തെ സിദ്ധാർഥ് ശിവ അവതരിപ്പിക്കുന്ന കഥാപാത്രം ചവിട്ടിക്കൂട്ടുമ്പോൾ എന്‍റെ ശരീരത്തിൽ മുറിവേറ്റിട്ടുണ്ട്. അതൊന്നും ആ സമയത്ത് കാര്യമാക്കിയിരുന്നില്ല.

ഞെട്ടിച്ച ബാത്രൂം ക്ലോസറ്റ് സീൻ
അടിയും ഇടിയും ആട്ടും തുപ്പുമെല്ലാം അഭിനയത്തിന്‍റെ ഭാഗമാണെന്ന് കരുതിയെങ്കിലും അതിലെ ബാത്രൂം ക്ലോസറ്റ് സീൻ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഒരു മനുഷ്യനെ ഇങ്ങനെയൊക്കെ ദ്രോഹിക്കാമോ എന്ന് തോന്നിപ്പോയി. ഇത് യഥാർത്ഥത്തിലാണ് സംഭവിക്കുന്നതെങ്കിൽ അയാളുടെ മാനസികാവസ്ഥ എന്തായിരിക്കും എന്നായിരുന്നു ഞാൻ ചിന്തിച്ചത്. സമൂഹത്തിൽ നിലനിൽക്കുന്ന ജാതിവ്യവസ്ഥ എത്രത്തോളം ഭീകരമാണെന്ന് ആ സമയത്ത് തോന്നിപ്പോയി. സെപ്‌റ്റിക് ടാങ്ക് ക്ലീൻ ചെയ്യാൻ എത്തുന്ന തൊഴിലാളികളോട് മൃഗത്തിന് സമാനമായി വീട്ടുടമസ്ഥൻ സമീപിക്കുന്നതിനെ ചോദ്യം ചെയ്‌ത തൊഴിലാളികളിൽ ഒരാളായ എന്‍റെ കഥാപാത്രത്തെ ദ്രോഹിക്കുന്നതാണ് 'ഫ്രീഡം ഫൈറ്റ്' എന്ന ചിത്രത്തിലെ പ്രാ. തു. മു. എന്ന സെഗ്‌മെന്‍റില്‍ പറയുന്നത്.
എന്‍റെ തല ക്ലോസറ്റിനകത്ത്.. സിദ്ധാര്‍ത്ഥ് ശിവ അതിന് മുകളില്‍
ജാതിയും നിറവുമാണ് ആ തൊഴിലാളികളെ ദ്രോഹിക്കുന്നതിന് സിദ്ധാർത്ഥ് ശിവ ചെയ്യുന്ന കഥാപാത്രത്തെ പ്രേരിപ്പിക്കുന്നത്. എന്‍റെ കഥാപാത്രത്തെ തല്ലി അബോധാവസ്ഥയിൽ ആക്കിയ ശേഷം വിവസ്ത്രനാക്കുന്നു. കാൽമുട്ട് അടിച്ചു ഉടയ്ക്കുന്നു. ശേഷം എന്‍റെ കഥാപാത്രത്തിന്‍റെ തല ക്ലോസറ്റിനകത്തേക്ക് കടത്തിവെച്ച് സിദ്ധാർത്ഥ ശിവയുടെ കഥാപാത്രം അതിന് മുകളിൽ കയറിയിരുന്ന് വിസർജനം നടത്തുന്നതാണ് സീൻ. ഈ സീനിന് സമാനമായ പല കാര്യങ്ങളും ഇപ്പോൾ സമീപ ഭാവിയിൽ നടക്കുന്നതായി നമ്മൾ വാർത്തകളിൽ വായിച്ചു. അതൊരു ഭീകര സീനായിരുന്നു.

പിഴവ് സംഭവിച്ചാൽ എന്‍റെ കഴുത്ത് ഒടിഞ്ഞുപോകും
ആ രംഗം ചെയ്യുന്നതിന് മുമ്പും ചെയ്‌തതിന് ശേഷവും വലിയ സഫോക്കേഷൻ ഉണ്ടായിരുന്നു. എന്താ ഇങ്ങനെ എന്നൊക്കെ ചിന്തിച്ചു. ഈ സംഭവം യഥാർത്ഥത്തിൽ നടക്കുകയാണെങ്കിൽ ഹോ അതിനെ കുറിച്ച് ചിന്തിക്കാൻ പോലും ആകുന്നില്ല. പക്ഷേ ഞാൻ ഇവിടെ ചെയ്യുന്നത് അഭിനയമാണ്. എല്ലാവരും പരസ്‌പരം സഹകരിച്ചാണ് ചെയ്യുന്നത്. എന്‍റെ തല ക്ലോസെറ്റിന് അകത്ത് വച്ചിട്ട് സിദ്ധാർഥ് ശിവ അതിന് മുകളിൽ കയറി ഇരിക്കുന്നുണ്ട്. സിദ്ധാർത്ഥ ശിവയ്ക്ക് 100 കിലോയിൽ അധികമാണ് ഭാരം. ഒരു ചെറിയ പിഴവ് സംഭവിച്ചാൽ എന്‍റെ കഴുത്ത് ചിലപ്പോൾ ഒടിഞ്ഞു പോകും.
ലാലേട്ടന്‍ അന്ന് ഷൂസ് നക്കി
"ബാത്‌റൂമാണ്, വഴുക്കലുണ്ട്. എങ്കിലും എനിക്ക് ഒന്നും സംഭവിക്കാതിരിക്കാൻ സിദ്ധാർഥ് ശിവ പരമാവധി ശ്രമിച്ചിട്ടുണ്ട്. അദ്ദേഹം ബാലൻസ് ചെയ്‌താണ് എനിക്ക് മുകളിൽ കയറി ഇരിക്കുന്നത് പോലും. ഈ സീൻ ചെയ്യുമ്പോൾ എനിക്കൊരു ബുദ്ധിമുട്ട് തോന്നി എന്നുള്ളത് സത്യമാണ്. പക്ഷേ ഞാൻ ഒരിക്കലും ചെയ്യില്ലെന്ന് പറഞ്ഞിട്ടില്ല. ഒരു അഭിനേതാവ് എന്ത് കിട്ടിയാലും ചെയ്യാൻ തയ്യാറായിരിക്കണം. ലാലേട്ടൻ കാലാപാനി സിനിമയിൽ ഷൂസ് വരെ നക്കുന്നുണ്ട്. എന്തും ചെയ്യാൻ തയ്യാറാകുന്ന ഒരു അഭിനേതാവ് ജീവിതത്തിൽ വിജയിക്കുക തന്നെ ചെയ്യും," ഉണ്ണി ലാലു പറഞ്ഞു.