രാം ചരണിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ആക്ഷൻ ചിത്രമാണ് 'ഗെയിം ചേഞ്ചർ'. ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ജനുവരി പത്തിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിതാ 'ഗെയിം ചെയ്ഞ്ചറിന്‍റെ' ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. രാം ചരണ്‍ ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്.
ഹൈദരാബാദിലെ കൊണ്ടാപൂരിൽ നടന്ന ചടങ്ങില്‍ സംവിധായകൻ എസ് എസ് രാജമൗലിയാണ് 'ഗെയിം ചേഞ്ചറിൻ്റെ' ട്രെയിലർ പുറത്തിറക്കിയത്. അതേസമയം, അല്ലു അർജുൻ്റെ സന്ധ്യ തിയറ്റർ കേസ് കണക്കിലെടുത്ത് ഇവിടെയെത്തുന്നവർക്ക് ഒരുതരത്തിലുള്ള പ്രശ്‌നവും ഉണ്ടാകാതിരിക്കാൻ പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നു. വമ്പൻ ആക്ഷൻ രംഗങ്ങളും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കൊണ്ട് സമൃദ്ധമാണെന്നാണ് ട്രെലിയര്‍ നല്‍കുന്ന സൂചന.
ആദ്യ റോളിൽ ഐഎഎസ് രാം നന്ദൻ എന്ന കഥാപാത്രമായും രണ്ടാം വേഷത്തിൽ അപണ്ണയായും അതായത് രാമൻ്റെ അച്ഛനായാണ് രാം ചരണ്‍ എത്തുന്നത്. അപ്പണ്ണയുടെ ഭാര്യയുടെ വേഷത്തില്‍ അഞ്ജലിയാണ് എത്തുന്നത്. രാം നന്ദനുമായി പ്രണയത്തിലാകുന്ന ജാബിലമ്മ എന്ന കഥാപാത്രത്തെയാണ് കിയാര അധ്വാനി അവതരിപ്പിക്കുന്നത്.
ഗെയിം ചേഞ്ചറിന്‍റെ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകൾ കേരളത്തിൽ പ്രദർശനത്തിനെത്തിക്കും. കേരളത്തിൽ ചിത്രം റിലീസിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ് ആണ്. അല്ലു അർജുന്റെ പുഷ്‌പ 2 കേരളത്തിൽ എത്തിച്ചതും ഇ ഫോർ എന്റർടൈൻമെന്‍റ്സ് ആയിരുന്നു.
ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിൻ്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.