കേരളത്തിലെ ഏറ്റവും പുരാതന കലാരൂപങ്ങളിൽ ഒന്നാണ് ചാക്യാർക്കൂത്ത്. പുരാണ കഥകൾ ഹാസ്യത്തിന്‍റെ മേമ്പടിയിൽ ജനങ്ങളുമായി സംവദിച്ചുകൊണ്ട് പ്രകടനം കാഴ്‌ച്ചവയ്ക്കുന്ന ഒരു കലാരൂപമാണിത്. ആധുനിക കാലത്തെ സ്‌റ്റാൻഡ് അപ്പ് കോമഡി, ചാക്യാർക്കൂത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ളതാണെന്ന് പറഞ്ഞാൽ തെറ്റ് പറയാനാകില്ല. ഈ രണ്ട് കലാരൂപങ്ങളുടെയും സ്വഭാവവും ആഖ്യാന രീതിയും സമാനമാണ്. ചാക്യാർക്കൂത്തിനെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങളിലൂടെ കണ്ണോടിച്ചാലോ?
ചാക്യാർക്കൂത്ത് അവതരിപ്പിക്കുന്ന കലാകാരനെ പൊതുവെ ചാക്യാർ എന്നാണ് സാധാരണ ജനങ്ങൾ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഈ കലാകാരന്‍റെ പേര് യഥാർത്ഥത്തിൽ വിദൂഷകൻ എന്നാണ്. ചാക്യാർ എന്നത് കേരളത്തിലെ ഹിന്ദുമതത്തിലുള്ള ഒരു ജാതിയാണ്. ഈ ജാതിയിൽപ്പെട്ടവരാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്. അതുകൊണ്ടാണ് കലാരൂപത്തിന് ചാക്യാർക്കൂത്ത് എന്ന പേര് വരാൻ കാരണം. കൂത്ത് എന്നാൽ ആട്ടം എന്നാണ് അർത്ഥം. ചാക്യാർ കൂത്ത് അവതരിപ്പിക്കുന്ന കലാകാരനെ ചാക്യാർ എന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണ്.
അതേസമയം ചാക്യാർക്കൂത്തിന്‍റെ മൂലസ്ഥാനം മലയാള ദേശമല്ല. ഏകദേശം 1500 വർഷങ്ങളുടെ പഴക്കമുണ്ട് ഈ കലാരൂപത്തിന്. ഒരുപക്ഷേ ഈ കലാരൂപത്തിന് ചാക്യാർക്കൂത്ത് എന്ന പേര് ലഭിച്ചത് പന്ത്രണ്ടാം നൂറ്റാണ്ടിന് ശേഷമാണ്. അതിന് മുൻപ് ഈ കലാരൂപത്തിന് ഉണ്ടായിരുന്ന പേരുകളെ കുറിച്ച് കൃത്യമായ ധാരണയില്ല. ഭാരതത്തിലെ എല്ലാ ദേശത്തും ഈ കലാരൂപം അരങ്ങേറിയിരുന്നതായി തെളിവുണ്ട്. പുരാണ കഥകളിൽ വർത്തമാനകാലത്തെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ സമന്വയിപ്പിച്ചാണ് വിദൂഷകൻ ഈ കലാരൂപം അവതരിപ്പിക്കുന്നത്. സാമൂഹിക രാഷ്ട്രീയ അരക്ഷിതാവസ്ഥകളെ ഹാസ്യ രൂപത്തിൽ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കുകയാണ് വിദൂഷകൻ ചെയ്യുന്നത്.
പണ്ട് കാലത്ത് ഭാരതത്തിലെ പല ദേശങ്ങളിലെയും ഭരണകർത്താക്കളെ വിദൂഷകൻ വിമർശിച്ചിരുന്നു. ഇത്തരം വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ ഈ കലാരൂപം അവതരിപ്പിച്ച കലാകാരന്‍മാരെ നാടു കടത്തുകയും കൊലപ്പെടുത്തുകയും ചെയ്‌തിട്ടുള്ളതായി ചരിത്രത്തിൽ രേഖകളുണ്ട്. ഒടുവിൽ ഭാരത ദേശത്തെങ്ങഉം വിദൂഷകന് കലാരൂപം അവതരിപ്പിക്കാൻ ഇടം ലഭിക്കാതെ വന്നതോടെ ഇത് കേരളത്തിൽ മാത്രമായി ചുരുങ്ങിയതാകാം.
കേരളത്തിലെ രാജാക്കന്‍മാർ പൊതുവെ കലാരസികരാണ്. തമാശകൾ ആസ്വദിക്കുന്നവരാണ്. അതുകൊണ്ടാകണം വിദൂഷകന് നേരെ അധികം ആക്രമണങ്ങളൊന്നും ഭരണകർത്താക്കളുടെ ഭാഗത്ത് നിന്നും മലയാള ദേശത്ത് ഉണ്ടായിട്ടില്ല. എങ്കിലും ചില വിമർശനങ്ങളുടെ പേരിൽ പല കലാകാരന്‍മാരെയും നാടു കടത്തപ്പെട്ടിട്ടുണ്ട്. ഒരു നാടുകടത്തലിനപ്പുറം വലിയ ശിക്ഷയൊന്നും വിദൂഷകന് ലഭിച്ചിരുന്നില്ല. അതുകൊണ്ടാണ് ചാക്യാർക്കൂത്ത് എന്ന പേരിൽ ഈ ഒരു കലാരൂപം കേരളത്തിൽ പ്രചരിക്കാന്‍ കാരണമായത്.
ചാക്യാർക്കൂത്ത് എന്ന കലാരൂപത്തിന്‍റെ ഉപജ്ഞാതാവ് ആരെന്ന് കൃത്യമായി ഒരിക്കലും പറയാനാകില്ല. നേരത്തെ പറഞ്ഞ പോലെ ഭാരതത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ സംസ്‌കൃത ഭാഷയിലും വടക്കേ ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലും ഈ കലാരൂപം അരങ്ങേറിയിരുന്നു. ചാക്യാർക്കൂത്ത് എന്ന കലാരൂപം ഉടലെടുത്തതിനെ കുറിച്ച് ചരിത്രപരമായ രേഖകൾ ഒന്നുമില്ല. എങ്കിലും മിത്തോളജിക്കലി ഈ കലാരൂപത്തിന്‍റെ ജന്‍മത്തെ കുറിച്ച് പറയപ്പെടുന്ന ചില കാര്യങ്ങളുണ്ട്.
![Chakyar Koothu performance Indian Folk dance Art forms of Kerala ചാക്യാർക്കൂത്ത്](https://etvbharatimages.akamaized.net/etvbharat/prod-images/10-02-2025/kl-ekm-01-chakyarkoothupackage-7211893_04022025092913_0402f_1738641553_863.jpeg)
മഹാഭാരതത്തിന്‍റെ സൃഷ്‌ടാവായ വ്യാസ മഹർഷിയുടെ ശിഷ്യനാണ് സൂദ മഹർഷി. മഹാഭാരത യുദ്ധം നടക്കുന്ന സമയത്ത് നൈമിഷാരണ്യത്തിൽ ഇരുന്ന് സൂദ മഹർഷി കഥകൾ പറയും. യുദ്ധം ചെയ്‌ത് മനസ്സു മടുക്കുന്ന ഇരു പക്ഷത്തുമുള്ള പടയാളികൾക്ക് കഥകൾ പറഞ്ഞ് അവരുടെ മനസ്സിനെ ശാന്തമാക്കുക എന്നുള്ളതായിരുന്നു സൂദ മഹർഷിയുടെ ദൗത്യം. മഹാഭാരതത്തിലെ ഇത്തരം ഒരു പരാമർശത്തിന്‍റെ അടിസ്ഥാനത്തിൽ സൂദ മഹർഷിയുടെ ദൗത്യത്തിൽ നിന്നുമാണ് ചാക്യാർക്കൂത്ത് എന്ന കലാരൂപം ഉടലെടുത്തതെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്.
മഹർഷിയുടെ പരമ്പരയിൽ പെട്ടവരാണ് ഈ കലാരൂപം പിൽകാലത്ത് അവതരിപ്പിച്ചതെന്നും ഇപ്പോഴത്തെ തലമുറയാണ് കേരളത്തിൽ അവശേഷിക്കുന്നതെന്നും വിശ്വസിക്കപ്പെടുന്നു. രാഷ്ട്രീയ സാമൂഹിക അനാമത്തുകളെ വിമർശിച്ചതിന്‍റെ പേരിൽ ഭാരത ദേശത്ത് നിന്നും ലോപിക്കുകയും പിന്നീട് ചാക്യാർക്കൂത്ത് എന്ന പേരിൽ കലാരൂപം കേരളത്തിൽ മാത്രം ഒതുങ്ങി പോവുകയും ചെയ്‌തു.
മലയാള ദേശത്ത് ചാക്യാർക്കൂത്ത് എന്ന കലാരൂപം വേരു പിടിക്കപ്പെടുന്നത് പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ പതിനാറാം നൂറ്റാണ്ട് വരെയുള്ള കാലയളവിലാണ്. മേൽപ്പത്തൂർ ഭട്ടതിരിപ്പാടിന്‍റെയും കുഞ്ചൻ നമ്പ്യാരുടെയും ജീവിത കാലയളവിൽ ചാക്യാർക്കൂത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു.
ചാക്യാർക്കൂത്തിന്‍റെ കാവ്യഭാവനയെ കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് ചാക്യാർക്കൂത്ത് എന്ന കലാരൂപത്തിന്‍റെ വേഷവിധാനങ്ങളെ കുറിച്ച് മനസ്സിലാക്കാം. ചാക്യാർക്കൂത്ത് കലാകാരൻ അഥവാ വിദൂഷകൻ തൂവെള്ള വസ്ത്രധാരിയാണ്. തലയിൽ തുണി നാട കൊണ്ട് ഒരു കെട്ടുകെട്ടും. പച്ചരി കുതിർത്ത് അതിനെ ഉണക്കി പൊടിക്കുന്ന മാവുകൊണ്ട്
മുഖമെഴുത്തും നടത്തും. അരക്കെട്ടും, മുണ്ടും, കിരീടവുമായാൽ വിദൂഷകൻ വേദിയിൽ എത്താൻ തയ്യാർ.
ഭരതമുനിയുടെ നാട്യ ശാസ്ത്രത്തിൽ ഹാസ്യത്തിന്‍റെ നിറം വെളുപ്പാണെന്ന് പ്രതിപാദിച്ചിട്ടുണ്ട്. അതുകൊണ്ടാണ് വിദൂഷകൻ വെളുത്ത വസ്ത്രം ധരിക്കുന്നത്. വെള്ള വസ്ത്രം ധരിക്കുന്നതിലൂടെ പ്രേക്ഷകനെ പെട്ടെന്ന് കയ്യിലെടുക്കാനുള്ള ഒരു ഊർജ്ജം വിദൂഷകന് ലഭിക്കുന്നു. ഏതാണോ കലാകാരന്‍റെ പരദേവത ആ ദേവതയ്ക്ക് ഒരു പൂജ നൽകുന്ന ചടങ്ങുമുണ്ട്. അതുകഴിഞ്ഞാണ് വസ്ത്രധാരണം. ഒരു വലിയ സദസിനെ കലാകാരന് അഭിമുഖീകരിക്കേണ്ട ധൈര്യത്തിന് വേണ്ടിയുള്ള ധ്യാനമാണ് ഈ പൂജ.
ചാക്യാർക്കൂത്ത് കലാകാരൻ തെയ്യം കലാകാരനെ പോലെ അനുഗ്രഹം നേടിയാണ് വേദിയിൽ എത്തുന്നതെന്ന് പറയുന്നത് കളവാണ്. കൃത്യമായ നിരീക്ഷണ ബോധവും സദസ്സിലുള്ള കാര്യങ്ങൾ ഉൾക്കൊണ്ട് തമാശകൾ ഉണ്ടാക്കാനുള്ള കാര്യക്ഷമതയും വിദൂഷകന് ആവശ്യമാണ്. ഇതിനോടൊപ്പം ഒരു കഥയും പറയേണ്ടതായുണ്ട്.
പൊതുവെ രാമായണമാണ് ചാക്യാർക്കൂത്തിന് പ്രമേയമാകുന്ന വിഷയം. മഹാഭാരതത്തിന്‍റെ ചില ഭാഗങ്ങളും ചാക്യാർക്കൂത്തിന് വിഷയമാകാറുണ്ട്. ഉദാഹരണത്തിന് മഹാഭാരതത്തിൽ ശ്രീകൃഷ്‌ണൻ ദൂദിന് പോകുന്നത്, പാഞ്ചാലി സ്വയംവരം, ഇങ്ങനെയുള്ള ഒന്നോ രണ്ടോ ഭാഗങ്ങൾ മാത്രമാണ് മഹാഭാരതം ചാക്യാർക്കൂത്തിന് പ്രമേയമാകാറുള്ളത്. ഭൂരിഭാഗം ചാക്യാർക്കൂത്തും അരങ്ങേറുന്നത് രാമായണത്തെ അധികരിച്ചാണ്. യഥാർത്ഥ ചാക്യാർക്കൂത്ത് നാല് വർഷങ്ങൾ കൊണ്ടാണ് ഒരു കഥ പൂർത്തീകരിക്കുന്നത്. സംസ്‌കൃത കവികൾ രചിച്ച രാമായണം ചമ്പു എന്ന 900 ശ്ലോകങ്ങൾ അടങ്ങിയ കവിത സമാഹാരമാണ് ചാക്യാർക്കൂത്ത് കലാകാരൻ അവതരിപ്പിക്കുന്നത്.
ശ്ലോകങ്ങളെ ഉൾക്കൊണ്ട് പ്രാദേശിക ഭാഷയിലാണ് വിദൂഷകൻ പ്രേക്ഷകരോട് സംവദിക്കുന്നത്. ശബരിമല മണ്ഡലകാല മാസത്തിലെ 41 ദിവസങ്ങളാണ് ചാക്യാർക്കൂത്ത് അരങ്ങേറുന്നത്. ഒരു ദിവസം രണ്ട് മണിക്കൂറാണ് പ്രകടനം. അങ്ങനെയെങ്കിൽ 900 ശ്ലോകങ്ങൾ പൂർത്തിയാക്കാൻ 4 മണ്ഡലകാലങ്ങൾ വേണ്ടിവരും. അതായത് നാലുവർഷം. എന്നാലിപ്പോൾ രാമായണത്തിലെ ചില കാണ്ഡങ്ങൾ മാത്രമെടുത്ത് ക്യാപ്സ്യൂൾ രൂപത്തിലാണ് ചാക്യാർക്കൂത്ത് അവതരിപ്പിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് രണ്ടുമണിക്കൂറിൽ കഥ പറഞ്ഞു തീരുന്ന വിധം.
രാമായണം ചമ്പു എന്ന 900 ശ്ലോകങ്ങൾ അടങ്ങിയ ഗ്രന്ഥം മനഃപാഠം ചെയ്യുന്നവനാണ് യഥാർത്ഥ വിദൂഷകൻ. പക്ഷേ ഇന്നത്തെ കാലത്ത് ക്യാപ്സ്യൂൾ പ്രകടനങ്ങൾക്ക് മാത്രമെ സാധ്യതയുള്ളൂ. നാല് വർഷം തുടർച്ചയായി ഇപ്പോഴത്തെ കാലത്ത് ആരാണ് ചാക്യാർക്കൂത്ത് കാണാനെത്തുക. അതുകൊണ്ടുതന്നെ ചില കാണ്ഡങ്ങൾ മാത്രമാണ് ഈ മേഖലയിലെ അധികാരന്‍മാരും ഇപ്പോൾ അവതരിപ്പിക്കാറ്. തൃശ്ശൂർ വടക്കുനാഥ ക്ഷേത്രത്തിലും, ഇരിങ്ങാലക്കുട കൂടല്ലൂർ ക്ഷേത്രത്തിലും മാത്രമാണ് പൂർണ്ണ രൂപത്തിൽ ഇപ്പോൾ കേരളത്തിൽ ചാക്യാർക്കൂത്ത് അരങ്ങേറുന്നത്.
ചാക്യാർക്കൂത്ത് അവതരണത്തിലും പ്രത്യേകതയുണ്ട്. ആധുനിക കാലത്തെ സ്‌റ്റാൻഡ് അപ്പ് കോമഡിക്ക് സമാനമായാണ് ചാക്യാർക്കൂത്തിന്‍റെ അവതരണവും. വിദൂഷകൻ വേദിയിൽ പറയുന്ന കഥ ലങ്കാദഹനം ആണെന്നിരിക്കട്ടെ. കഥ പറഞ്ഞു തുടങ്ങുമ്പോൾ തന്നെ കണ്ണുകൾ പ്രേക്ഷകർക്കിടയിലേക്ക് ഓടിത്തുടങ്ങിയിട്ടുണ്ടാകും. കൂട്ടത്തിൽ ആരാണ് ഹനുമാന് സമാനമായ ഒരു വ്യക്‌തിയെന്ന് കണ്ടെത്തും. രാവണന് സമാനമായ ആളിന്‍റെ മുഖവും കൂട്ടത്തിൽ തിരയും. ഇവരെയൊക്കെ സമാനപ്പെടുത്തിയാകും വിദൂഷകൻ കഥ പറയുക.
ഹനുമാൻ ലങ്ക കത്തിച്ചതിന് പകരം ഏതെങ്കിലും അഴിമതിക്കാരനായ നേതാവിന്‍റെ വീട് കത്തിച്ചാൽ മതി എന്നുള്ള തരത്തിലൊക്കെ വിദൂഷകൻ കഥ പറയുന്നതിനിടയിൽ ഉപമ നടത്തും. ലങ്കാ ദഹനത്തിൽ വർത്തമാന സാമൂഹികമായ വിഷയങ്ങൾ കൂട്ടിച്ചേർക്കും. വേദിയിൽ ഉള്ളവരെ വിദൂഷകൻ കളിയാക്കും. ഇതൊക്കെ സദസ്സിൽ ചിരി പടർത്തും. പലപ്പോഴും മാപ്പ് പറഞ്ഞിട്ടാകും വിദൂഷകൻ കഥ പറഞ്ഞു തുടങ്ങുക. പരിപാടിക്കിടയിൽ ആരെയെങ്കിലും വാക്കുകൾ കൊണ്ട് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് തമാശയ്ക്ക് വേണ്ടി മാത്രം പറയുന്നതാണെന്ന് ഉൾക്കൊള്ളാനും ചാക്യാർക്കൂത്ത് കലാകാരൻ നിർദ്ദേശം നൽകും.
ഇന്ന് പൊളിറ്റിക്കൽ കറക്‌ട്‌നസ് നോക്കിയാണ് വിദൂഷകൻ തമാശകൾ പറയുക. രാമായണം ചമ്പു എന്ന ഗ്രന്ഥത്തിലെ ശ്ലോകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വിദൂഷകൻ കഥ പറയുന്നതെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. ഒരിക്കലും ഒരു വിദൂഷകന് ഒരു കഥ പല വേദികളിൽ ഒരുപോലെ പറയാനാകില്ല. ഓരോ വേദിയിലും ശ്ലോകത്തിന്‍റെ ആശയങ്ങൾ ഉൾക്കൊണ്ട് സ്വന്തം രീതിയിലാകും വിദൂഷകൻ കഥ പറയുക.
ചാക്യാർക്കൂത്ത് പൊതുവെ തെക്കൻ കേരളത്തിൽ വളരെ ചുരുക്കമായി മാത്രമാണ് അരങ്ങേറാറുള്ളത്. എറണാകുളം, തൃശ്ശൂർ, വള്ളുവനാടൻ ഭാഗങ്ങൾ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ജില്ലകളിൽ എല്ലാ ക്ഷേത്ര ഉത്സവങ്ങളിലും ചാക്യാർക്കൂത്ത് ഇപ്പോൾ അരങ്ങേറുന്നു. 30 വയസ്സിൽ മുകളിൽ ഉള്ളവരാണ് ഈ കലാരൂപം കൃത്യമായി ആസ്വദിക്കുന്നത്.
ചാക്യാർക്കൂത്തിന്‍റെ ഇപ്പോഴത്തെ പ്രധാന പ്രചാരകർ കേരള ടൂറിസം വകുപ്പാണ്. പക്ഷേ അതുകൊണ്ടുണ്ടായ പ്രശ്‌നം ചാക്യാർക്കൂത്തിന്‍റെ ക്യാപ്‌സ്യൂൾ രൂപങ്ങൾ അധികരിച്ചു. ചാക്യാർക്കൂത്ത് മിമിക്രി എന്ന കലാരൂപത്തിന്‍റെ നിലവാരത്തിലേക്ക് തരംതാണു. കുറച്ചു കാശ് കിട്ടിയാൽ യൂട്യൂബിൽ നോക്കി പഠിച്ച് ആർക്കും ഈ കലാരൂപം ചെയ്യാം എന്നുള്ള ഘട്ടത്തിലേക്ക് എത്തി. സീനിയർ ചാക്യാർക്കൂത്ത് കലാകാന്‍മാരെ കേരള ടൂറിസം പരിഗണിക്കുന്നില്ലെന്ന ഒരു ആക്ഷേപവും പരക്കെയുണ്ട്. മലയാള സിനിമ പോലും ഒരുപക്ഷേ ചാക്യാർക്കൂത്തിന് നേരെ മുഖം തിരിച്ചുവെന്ന് വേണം പറയാൻ.
കേരളത്തിൽ 30 ൽ താഴെ മാത്രമാണ് യഥാർത്ഥ ചാക്യാർക്കൂത്ത് കലാകാരന്‍മാര്‍ ഉള്ളത്. അതായത് ചാക്യാർക്കൂത്ത് ശാസ്ത്രീയമായി പഠിച്ച് ഈ കലാരൂപം കൊണ്ട് ജീവിക്കുന്നവർ. ചാക്യാർക്കൂത്ത് കലാരൂപം പരമ്പരാഗതമായി നെഞ്ചേറ്റുന്ന അഞ്ച് കുടുംബങ്ങൾ മാത്രമാണ് ഇപ്പോൾ കേരളത്തിലുള്ളത്. അമ്മന്നൂർ, മാണി, പൈങ്കുളം, കുട്ടഞ്ചേരി, പൊതിയിൽ എന്നിവയാണ് ആ അഞ്ചു കുടുംബങ്ങൾ.
മേൽപ്പറഞ്ഞതിൽ പൊതിയിൽ കുടുംബം മാത്രമാണ് തെക്കൻ കേരളത്തിൽ നിന്നും ഉള്ളത്. കോട്ടയമാണ് അവരുടെ ആസ്ഥാനം. ചാക്യാർക്കൂത്ത് കലാരൂപത്തിലെ കഴിഞ്ഞ നൂറ്റാണ്ടിലെ മഹാരഥന്‍മാർ ഇവരൊക്കെയാണ്. മാണി മാധവ ചാക്യാർ, പൈങ്കുളം രാമ ചാക്യാർ, അമ്മന്നൂർ മാധവ ചാക്യാർ. ഇവർ മൂന്നു പേരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. ചാക്യാർക്കൂത്തിന്‍റെയും, കൂടിയാട്ടത്തിന്‍റെയും ത്രിമൂർത്തികൾ എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്.
ചാക്യാർക്കൂത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് കുഞ്ചൻ നമ്പ്യാർ ഓട്ടൻതുള്ളൽ എന്ന കലാരൂപത്തിന് രൂപം കൊടുക്കുന്നത്. കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളിൽ ചാക്യാർക്കൂത്ത് രൂപ ലാവണ്യങ്ങൾ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്നുണ്ട്. ചാക്യാർക്കൂത്ത് എന്ന കലാരൂപത്തിന് മിഴാവ് വായിക്കുന്ന ആളായിരുന്നു കുഞ്ചൻ നമ്പ്യാർ. മിഴാവ് വായിക്കുന്നതിനിടയിൽ ഉറങ്ങിപ്പോയ കുഞ്ചൻ നമ്പ്യാരെ ചാക്യാർക്കൂത്ത് കലാകാരനായ വിദൂഷകൻ കളിയാക്കി.
കലാരൂപം കാണാനെത്തിയവർ കുഞ്ചൻ നമ്പ്യാരെ നോക്കി ചിരിച്ചു. ഇതിൽ മനംനൊന്താണ് കുഞ്ചൻ നമ്പ്യാർ സ്വതന്ത്രമായി ചിന്തിച്ച് ഓട്ടൻതുള്ളൽ എന്ന പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത് എന്ന് ഒരു കഥയുണ്ട്. സ്‌കൂളിൽ പോലും ഈ കഥ കുട്ടികളെ പഠിപ്പിക്കുന്നു. എന്നാൽ ഈ കഥയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. കുഞ്ചൻ നമ്പ്യാരുടെ ഒരു തുള്ളൽ കൃതികളിലും ചാക്യാരെ തിരികെ കളിയാക്കി കൊണ്ടുള്ള അല്ലങ്കിൽ വിമർശിച്ച് കൊണ്ടുള്ള ഒരു വരി പോലും എഴുതിയിട്ടില്ല. കുഞ്ചൻ നമ്പ്യാരെ കളിയാക്കിക്കൊണ്ട് ഒരു വിദൂഷകനും കഥ പറഞ്ഞ ചരിത്രവുമില്ല. അടിസ്ഥാനം ഇല്ലാത്ത ഒരു കെട്ടുകഥയാണിത്. ഒരു ചാക്യാർ ഒരു നമ്പ്യാരെ ഒരിക്കലും കളിയാക്കില്ല.
വിദൂഷകൻ എന്ന വാക്കിന്‍റെ അർത്ഥം ദൂഷണം ചെയ്യുക എന്നതാണ്. പരദൂഷണം പറയുന്നവൻ എന്ന് ചിലർ തെറ്റിദ്ധരിക്കുന്നുണ്ട്. സമൂഹത്തിലെ തിന്‍മകളെ ദൂഷണം ചെയ്യുകയാണ് വിദൂഷകന്‍റെ ജോലി. ആദ്യകാലത്ത് ഇന്നത്തെ മാധ്യമങ്ങൾ ചെയ്യുന്ന പണിയായിരുന്നു അന്ന് വിദൂഷകൻ ചെയ്‌തുകൊണ്ടിരുന്നത്. ഇന്ന് സമൂഹത്തിലെ നന്‍മതിന്‍മകളെ തുറന്നു കാണിക്കാൻ ധാരാളം മാധ്യമങ്ങളുണ്ട്. അന്ന് ഒരു കലാരൂപത്തിന്‍റെ അകമ്പടിയിൽ വിദൂഷകൻ ആ പ്രവൃത്തി ചെയ്‌തു.
സംസ്‌കൃത നാടകങ്ങളിൽ നിന്നാണ് ചാക്യാർക്കൂത്ത് കലാരൂപത്തിന് അടിസ്ഥാനമായ വിദൂഷകൻ രൂപപ്പെട്ടിട്ടുള്ളത്. ഒരു വിദൂഷകൻ എങ്ങനെയുള്ള ആളായിരിക്കണമെന്ന് നാട്യ ശാസ്ത്രത്തിൽ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. വിദൂഷകൻ വേദിയിൽ എത്തുമ്പോൾ എങ്ങനെ പെരുമാറണം എന്നൊക്കെ നാട്യ ശാസ്ത്രത്തിൽ കൃത്യമായി എഴുതിവച്ചിട്ടുണ്ട്. നാട്യ ശാസ്ത്രത്തിലെ കഥാപാത്രമാണ് ചാക്യാർക്കൂത്തിന് അടിസ്ഥാനമായത് എന്നതിന്‍റെ കാരണത്താലാണ് ഈ കലാരൂപം ഇന്ത്യയൊട്ടാകെ ഉണ്ടായിരുന്നുവെന്ന് പറയാൻ കാരണം.
നാട്യ ശാസ്ത്രം 2000 വർഷങ്ങൾക്ക് മുമ്പ് എഴുതപ്പെട്ട കൃതിയാണ്. ഇന്ത്യ ഒട്ടാകെയുള്ള കല സാംസ്‌കാരിക ഏടുകൾ കൃതിയിൽ പ്രതിപാദിച്ചിട്ടുണ്ട്. ദ്രാവിഡ സംസ്‌കാരവും, കാശ്‌മീരി സംസ്‌കാരവും ഗുജറാത്ത് സംസ്‌കാരവുമായ ഗുർജ്ജലയും നാട്യ ശാസ്ത്രത്തിൽ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ചാക്യാർക്കൂത്തിനെ കേരളത്തിന്‍റെ സ്വന്തം കലയായി ഒരിക്കലും പറയാനാകില്ല.
പ്രശസ്‌ത ചാക്യാർക്കൂത്ത് കലാകാരനും, ചാക്യാർക്കൂത്ത് കൂടിയാട്ടം വിഷയങ്ങളിൽ റിസർച്ച് ചെയ്‌ത് ഡോക്‌റേറ്റ് നേടിയ വ്യക്‌തിയും ഇരിങ്ങാലക്കുട ഡോക്‌ടരർ അമ്മന്നൂർ രജനീഷ് ചാക്യാരാണ് ഇടിവി ഭാരതിന് വേണ്ടി വിശദാംശങ്ങൾ നൽകിയത്.