എറണാകുളം: പകുതി വില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്‌ണന് ജാമ്യം നൽകരുതെന്ന് സർക്കാർ. നടന്നത് വലിയ തട്ടിപ്പാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനമാണെന്ന് അനന്തുകൃഷ്‌ണൻ്റെ അഭിഭാഷകൻ വാദമുന്നയിച്ചു.
ജിഎസ്‌ടി നമ്പർ അടക്കം ഉണ്ട്. സാമ്പത്തിക കാര്യങ്ങൾ നടത്തുന്നത് അനന്തുകൃഷ്‌ണൻ ആണെന്ന് ബൈലോയിൽ ഉണ്ട്. ഇവിടെ പരിഗണിക്കുന്നത് മൂവാറ്റുപുഴയിലെ കേസ് മാത്രമല്ലേയെന്നും പ്രതിഭാഗം സംശയമുന്നയിച്ചു.
പ്രൊഫഷണൽ സർവീസ് എന്ന സ്ഥാപനം ലീഗലായി പ്രവർത്തിക്കുന്നുവെന്നും പ്രതി സ്വന്തം അക്കൗണ്ടിൽ പണം വാങ്ങിയില്ലെന്നും പ്രതിഭാഗം വിശദീകരിച്ചു. ഇത് സിവിൽ കേസ് മാത്രമെന്നും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ വാദിച്ചു. തുടർന്ന് ജാമ്യാപേക്ഷ കോടതി വിധി പറയാനായി മാറ്റി.
തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് കോട്ടയം ഈരാറ്റുപേട്ട, ഇടുക്കി കോളപ്പാം എന്നിവിടങ്ങളിൽ വാങ്ങിയ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി കുറ്റകൃത്യം നടത്തുന്നതിനായി ഓഫിസായി ഉപയോഗിച്ച രേഖകളും മറ്റും സൂക്ഷിച്ച എറണാകുളം കടവന്ത്രയിലുള്ള സോഷ്യൽ ബീവെഞ്ചേഴ്‌സ്, പൊന്നുരുന്നിയിലുള്ള എൻജിഒ കോൺഫെഡറേഷൻ ഓഫിസ്, പ്രൊഫഷണൽ സർവീസ് ഇന്നോവേഷൻ സ്ഥാപനങ്ങളിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
പ്രതി രേഖകൾ സൂക്ഷിച്ചിരുന്ന എറണാകുളം കലൂരുള്ള അൻവിത വില്ലയിലും പൊലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിന് ശേഷം ഈ ഓഫിസുകൾ പൂട്ടി പൊലീസ് സീൽ ചെയ്‌തു. പ്രതിയുടെ പേരിലുള്ള KL-38-L-0001, KL-01 CX-8216 കാറുകളും പ്രതിയുടെ പിതാവ് രാധാകൃഷ്‌ണന്‍റെ പേരിൽ വാങ്ങിയ KL-38-K-8280 നമ്പർ കാറും പൊലീസ് പിടിയെടുത്തു. പ്രതിയുടെ പേരിലുള്ളതും പ്രതി നടത്തിവന്നിരുന്ന സ്ഥാപനത്തിന്‍റെ പേരിലുള്ളതുമായ 21 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനുള്ള നടപടികളും പൊലീസ് തുടങ്ങി.
Also Read: പാതിവില തട്ടിപ്പ്: പ്രാഥമിക വിവരങ്ങൾ ശേഖരിച്ച് ഇഡി; പണം വിദേശത്തേക്ക് കടത്തിയെന്ന് സംശയം