ലഹരി കേസിൽ അറസ്റ്റിലായ ഗുണ്ട നേതാവ് ഓംപ്രകാശിനെ സന്ദര്‍ശിച്ചവരില്‍ സിനിമ താരങ്ങളും ഉണ്ടെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ഓംപ്രകാശിനെ സന്ദര്‍ശിച്ചവരില്‍ യുവതാരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഉണ്ടെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നാലെ ആദ്യ പ്രതികരണവുമായി പ്രയാഗ മാര്ട്ടിന് രംഗത്തെത്തി.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പരിഹാസം നിറഞ്ഞ പോസ്റ്റാണ് താരം പങ്കുവച്ചിരിക്കുന്നത്. "ഹഹഹാ ഹി ഹുഹു ഹഹഹാ" എന്നെഴുതിയ ബോര്‍ഡാണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. പ്രയാഗയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.
Prayaga Martin Instagram story (ETV Bharat) ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ ലൈംഗികാതിക്രമ കേസുകളിലും വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് മലയാള സിനിമയെ ഞെട്ടിച്ച് കൊണ്ട് ഓംപ്രകാശിന്റെ ലഹരിക്കേസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പുറത്തു വരുന്നത്.
ഓംപ്രകാശിനെ കാണാനെത്തിയ സിനിമ താരങ്ങളില്‍ രണ്ട് പേര് ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ഉള്‍പ്പെടെ ഇരുപതോളം പേര് ഓംപ്രകാശിന്റെ മുറിയില്‍ ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി.
ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഓം പ്രകാശിനെയും കൂടെയുള്ള കൊല്ലം സ്വദേശി ഷിഹാസിനെയും കഴിഞ്ഞ ദിവസം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും മരട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ലഹരി പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കൊച്ചി കുണ്ടന്നൂരിലെ ഹോട്ടലില്‍ നടത്തിയ പരിശോധനയ്ക്കൊടുവിലായിരുന്നു അറസ്റ്റ്. ഇവരില്‍ നിന്നും കൊക്കെയിൻ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ പൊലീസ് പിടികൂടി.
ശനിയാഴ്ചയാണ് ഓംപ്രകാശ് ഹോട്ടലില്‍ മുറി എടുത്തത്. ഓം പ്രകാശിനായി കൊച്ചിയിൽ മുറി ബുക്ക് ചെയ്തത് മറ്റൊരാളാണെന്നും പൊലീസ് റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓം പ്രകാശും ഷിഹാസും താമസിച്ചിരുന്ന മുറിയില്‍, കൈവശം വയ്ക്കാവുന്ന അളവില്‍ കൂടുതൽ മദ്യം സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.
തുടര്‍ന്ന് മരട് പൊലീസ് ഇരുവര്‍ക്കുമെതിരെ എന്‍ഡിപിഎസ് നിയമപ്രകാരം കേസെടുത്തു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു.
Also Read: ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഓംപ്രകാശിനെ സന്ദര്‍ശിച്ചു; ലഹരി കേസ് സിനിമ താരങ്ങളിലേയ്ക്ക് - Sreenath Bhasi visited Omprakash