തിരുവനന്തപുരം :റാമോജി റാവുവിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മോഹന്‍ലാല്‍. അതീവ ദുഃഖത്തോടെയാണ് അദ്ദേഹത്തിന്‍റെ വിയോഗ വാര്‍ത്ത കേട്ടതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അദ്ദേഹം കേവലം ദാര്‍ശനികനായ ഒരു നേതാവ് മാത്രമായിരുന്നില്ല മറിച്ച് എല്ലാവരെയും പ്രചോദിപ്പിക്കുന്ന വ്യക്തിത്വം കൂടി ആയിരുന്നുവെന്നും മോഹന്‍ലാല്‍ അനുശോചന സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.
സിനിമയോടുള്ള അദ്ദേഹത്തിന്‍റെ അഭിനിവേശത്തിന്‍റെ നിദര്‍ശനമാണ് റാമോജി ഫിലിം സിറ്റി. ഇത് ചലച്ചിത്ര വ്യവസായത്തെ തന്നെ മാറ്റി മറിച്ചു. ചലച്ചിത്ര നിര്‍മാണത്തില്‍ മികവിന്‍റെ പുത്തന്‍ നിലവാരമുണ്ടാക്കി. അദ്ദേഹത്തിന്‍റെ കുടുംബത്തിനുണ്ടായ നഷ്‌ടത്തില്‍ താന്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. ഓം ശാന്തി എന്നും മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു.