കോഴിക്കോട്: ഫുട്‌ബോള്‍ ഇതിഹാസം ലയണൽ മെസി കേരളത്തിലേക്ക് എത്തുന്ന തീയതി അറിയിച്ച് കായിക മന്ത്രി വി. അബ്‌ദുറഹ്മാൻ. ഒക്‌ടോബര്‍ 25-ന് മെസി കേരളത്തിലേക്ക് എത്തുമെന്ന് കോഴിക്കോട്ട് നടന്ന ഒരു പരിപാടിയില്‍ വി. അബ്‌ദുറഹ്മാൻ പറഞ്ഞു. നവംബര്‍ രണ്ട് വരെ മെസി കേരളത്തില്‍ തുടരും.
രണ്ട് സൗഹൃദ മത്സരങ്ങള്‍ അര്‍ജന്‍റൈന്‍ ടീം കേരളത്തില്‍ കളിക്കും. മത്സരങ്ങൾ കൂടാതെ ആരാധകർക്ക് താരത്തെ കാണാനും വേദിയൊരുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 20 മിനിറ്റ് ആരാധകരുമായി സംവദിക്കാമെന്ന് മെസി സമ്മതിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു. കേരളത്തിലേക്കുള്ള മെസിയുടെ വരവും മത്സരവും സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ മന്ത്രി വ്യക്തമാക്കിയിട്ടില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അര്‍ജന്‍റൈന്‍ ടീമിനെ കേരളത്തിലേക്ക് എത്തിക്കുമെന്ന് കഴിഞ്ഞ വർഷം നവംബറിലാണ് മന്ത്രി വി അബ്‌ദുറഹ്മാൻ പ്രഖ്യാപിച്ചത്. ഖത്തര്‍ ലോകകപ്പില്‍ കിരീടം ഉയര്‍ത്തിയതിന് പിന്നാലെ ഇന്ത്യയില്‍ സൗഹൃദമത്സരം കളിക്കാന്‍ തയ്യാറാണെന്ന് അര്‍ജന്‍റൈന്‍ ടീം ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനെ അറിയിച്ചിരുന്നു. എന്നാല്‍ വന്‍ ചെലവ് ചൂണ്ടിക്കാട്ടി അസോസിയേഷന്‍ ഇതു നിരസിച്ചു.
ഇതോടെയാണ് മെസിയേയും സംഘത്തേയും കേരളത്തിലേക്ക് എത്തിക്കാന്‍ സംസ്ഥാന കായിക വകുപ്പ് നീക്കം തുടങ്ങിയത്. ഇതിന്‍റെ ഭാഗമായി മന്ത്രി വി. അബ്‌ദുറഹ്മാൻ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ക്ലോഡിയോ ടാപിയക്ക് കത്തയച്ചു. അനുകൂല നിലപാട് അറിയിച്ചതോടെ സ്‌പെയിനില്‍ വച്ച് അദ്ദേഹം അര്‍ജന്‍റീന ടീം മാനേജ്‌മെന്‍റുമായി ചര്‍ച്ച നടത്തിയിരുന്നു.