മലയാളികള്‍ക്ക് എന്നും ഏറെ ഇഷ്‌ടമുള്ള ദമ്പതികളാണ് മമ്മൂട്ടിയും സുല്‍ഫത്തും. സിനിമ ജീവിതവും കുടുംബ ജീവിതവും അദ്ദഹം ഒരുപോലെയാണ് മുന്നോട്ടു കൊണ്ടുപോകുന്നത്. മികച്ച നടന്‍ എന്നതിലുപരി നല്ലൊരു കുടുംബനാഥന്‍ കൂടിയാണ് അദ്ദേഹം. സിനിമയുടെ ചിത്രീകരണത്തില്‍ ആയാല്‍ പോലും മമ്മൂട്ടി വീട്ടിലെ കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ ചെയ്യുന്നത് കണ്ടിട്ടുണ്ടെന്ന് പലപ്പോഴും പല താരങ്ങളും പറഞ്ഞിട്ടുണ്ട്.
മാത്രമല്ല തന്‍റെ മാതാപിതാക്കളുടെ അഗാധമായ സ്നേഹബന്ധത്തെ കുറിച്ച് മകന്‍ ദുല്‍ഖല്‍ സല്‍മാനും പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ മലയാളത്തിന്‍റെ മെഗാസ്‌റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് ആസിഫ് അലിയും പറഞ്ഞിരിക്കുകയാണ്. മികച്ച പ്രതികരണത്തോടെ തിയേറ്ററില്‍ മുന്നേറുന്ന തന്‍റെ പുതിയ സിനിമയായ 'രേഖാചിത്ര'ത്തിന്‍റെ പ്രമോഷന്‍ പരിപാടിക്കിടെ നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുമായുള്ള അനുഭവത്തെ കുറിച്ച് ആസിഫ് അലി പറയുകയുണ്ടായത്.
കഴിഞ്ഞ വര്‍ഷം താന്‍ അഭിനയിച്ച എല്ലാ ചിത്രങ്ങളും നന്നായിരുന്നുവെന്നും അദ്ദേഹം ഇപ്പോഴും പ്രചോദനം നല്‍കുന്ന നടനാണെന്നും ആസിഫ് അലി പറഞ്ഞു. അതുപോലെ കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് ആസിഫ് അലി പറഞ്ഞു.
''മമ്മൂക്കയുടെ അടുത്ത് ഓരോ തവണ സംസാരിക്കുമ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും. മമ്മൂക്കയുടെ കൂടെ യാത്ര ചെയ്യുന്നതും നല്ലൊരു അനുഭവമാണ്. ഒരിക്കല്‍ അദ്ദേഹത്തിന്‍റെ കൂടെയുള്ള യാത്രയ്ക്കിടെ ഫോണിലെ ചിത്രങ്ങള്‍ കാണിച്ചു തന്നു. അതില്‍ കൂടുതലും കുടുംബത്തിന്‍റെ കൂടെയുള്ള ചിത്രങ്ങളായിരുന്നു. കുടുംബത്തിന് മമ്മൂക്ക അത്രയും പ്രാധാന്യം നല്‍കുന്നുണ്ട്. അതില്‍ സുല്‍ഫത്തയുടെ കൂടെയുള്ള ചിത്രങ്ങളായിരുന്നു കൂടുതലും. അവര്‍ രണ്ടുപേരും മാത്രമുള്ളതും സുല്‍ഫത്തയുടെ മമ്മൂക്ക എടുത്ത ഫോട്ടോയുമായിരുന്നു ഗാലറിയില്‍ കൂടുതലും. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഞങ്ങള്‍ ഇപ്പോഴും പ്രേമിക്കുകയല്ലേടാ എന്നായിരുന്നു മറുപടി'', ആസിഫ് അലി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
"എന്‍റെ ഫോണിലെ ഗാലറിയില്‍ സമയെ നിര്‍ത്തി എടുത്ത ഒരു ഫോട്ടോ പോലും കാണില്ല. ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ഞാന്‍ മമ്മൂക്കയോട് ചോദിച്ചപ്പോള്‍ ഞങ്ങള്‍ അങ്ങനെയാടോ ഞങ്ങളിപ്പോഴും പ്രേമിക്കുകയല്ലേടാ", എന്നായിരുന്നു പുള്ളിയുടെ മറുപടി.
1979 ലാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്. വിവാഹത്തിന് ശേഷമാണ് മമ്മൂട്ടി സിനിമയില്‍ ഹീറോ ആയത്. മമ്മൂട്ടി സിനിമയില്‍ തിരക്കുള്ള നടനായി മാറിയപ്പോള്‍ സുല്‍ഫത്തിന്‍റെ സപ്പോര്‍ട്ടും ഏറെയായിരുന്നു.
മമ്മൂട്ടിയെ നായകനാക്കി 'ദി പ്രീസ്‌റ്റ്' എന്ന ചിത്രത്തിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്‌ത ചിത്രമാണ് 'രേഖാചിത്രം'. ഇതില്‍ മമ്മൂട്ടിയും ഒരു ഭാഗമാകുന്നുണ്ട്. 'രേഖാചിത്ര'ത്തിന് പിന്നില്‍ മമ്മൂട്ടി നല്‍കിയ പ്രചോദനമാണ് എന്ന സംവിധായകന്‍ തന്നെ പറഞ്ഞിട്ടുണ്ട്.
"ഒരു സിനിമയെ പിന്തുണയ്ക്കുന്നതിന് സംവിധായകൻ പുതിയ ആളാണോ നടൻ തന്നെക്കാൾ ചെറിയ ആളാണോ എന്നൊന്നും മമ്മൂട്ടി ഒരിക്കലും ചിന്തിക്കില്ല.
ഇന്ത്യൻ സിനിമയിലെ സൂപ്പർ താരമാണ് മമ്മൂട്ടി. എങ്കിലും നല്ല സിനിമകളുടെ ഒപ്പം നിൽക്കാൻ അദ്ദേഹത്തെ പോലൊരു നടൻ കാണിക്കുന്ന മനസ് വളരെ വലുതാണ്.
നിരവധി പുതുമുഖ സംവിധായകരെ മലയാള സിനിമയിലേക്ക് കൈപിടിച്ചു കയറ്റിയ ചരിത്രമാണ് മമ്മൂട്ടി എന്ന നടന് പറയാനുള്ളത്", മമ്മൂട്ടിയെ കുറിച്ച് സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ ഇടിവി ഭാരതിന് നില്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Also Read:സ്നേഹപൂർവ്വം മമ്മൂട്ടി ചേട്ടൻ.. ജോഫിൻ ടി ചാക്കോ അഭിമുഖം