ആസിഫ് അലി, അനശ്വര രാജൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയ ചിത്രമാണ് 'രേഖാചിത്രം'. കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തിയ ചിത്രം മികച്ച പ്രേക്ഷക പിന്തുണയോടെ പ്രദർശനം തുടരുകയാണ്. 'പ്രീസ്‌റ്റ്' എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്‌ത ചിത്രം കൂടിയാണിത്.
'രേഖാചിത്രം' റിലീസുമായി ബന്ധപ്പെട്ട് സിനിമയുടെ വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ജോഫിൻ ടി ചാക്കോ. വർഷങ്ങളായി ഇങ്ങനെയൊരു നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു എന്നാണ് സിനിമയുടെ റിലീസിനെ കുറിച്ചുള്ള സംവിധായകന്‍റെ ആദ്യ പ്രതികരണം.
പുതുമയുള്ള ഒരു ആഖ്യാനവുമായി രേഖാചിത്രം തിയേറ്ററിൽ എത്തിയപ്പോൾ ജനങ്ങൾ നൽകിയ പിന്തുണ വളരെയധികം മികച്ചതാണെന്നും സംവിധായകൻ പറഞ്ഞു. "ചിത്രം പ്രേക്ഷകർക്ക് ഇഷ്‌ടമായി എന്നറിയുന്നതിൽ സന്തോഷം. നല്ല സിനിമകളെയും നല്ല ആശയങ്ങളെയും ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളികൾ," ജോഫിൻ ടി ചാക്കോ പറഞ്ഞു.
സിനിമ കാണാനിരിക്കുന്ന പ്രേക്ഷകരോട് സംവിധായകന് ആദ്യം തന്നെ ഒരു അപേക്ഷയുണ്ട്. "രേഖാചിത്രം ഒരു സീറ്റ് എഡ്‌ജ് ത്രില്ലറോ സസ്പെൻസ് ത്രില്ലറോ അല്ല. അങ്ങനെയൊരു ജോണർ പ്രതീക്ഷിച്ച് രേഖാചിത്രത്തിന് കയറിയിട്ട് കാര്യമില്ല. ഇതൊരു കുറ്റാന്വേഷണ സിനിമ തന്നെയാണ്. കണ്ടു പരിചയിച്ച കുറ്റാന്വേഷണ സിനിമകളുടെ ശൈലി പൂർണ്ണമായും മാറ്റി പിടിച്ചിരിക്കുന്നു. ഇതുപോലൊരു ആഖ്യാനത്തിൽ ഒരുങ്ങിയ കുറ്റാന്വേഷണ ചിത്രം മലയാള സിനിമയിൽ തന്നെ ആദ്യമാണ്. വേറിട്ടൊരു തിയേറ്റർ എക്‌സ്‌പീരിയൻസ് പ്രതീക്ഷിച്ചു വേണം പ്രേക്ഷകർ രേഖാചിത്രം കാണാനെത്താൻ," ജോഫിൻ ടി ചാക്കോ കൂട്ടിച്ചേര്‍ത്തു.
പൊതുവേ വളരെ കുറച്ചു മാത്രം സംസാരിക്കുന്ന വ്യക്‌തിത്വമാണ് സംവിധായകൻ ജോഫിൻ ടി ജോണിന്‍റേത്. ചോദ്യങ്ങൾക്ക് പരമാവധി ഒറ്റവാക്കിൽ ഉത്തരം പറയാൻ ശ്രമിക്കും.
"ഒരു സംവിധായകൻ പ്രേക്ഷകരോട് സംവദിക്കുന്നതിനേക്കാൾ നല്ലത് അയാൾ ഒരുക്കിയ സിനിമ പ്രേക്ഷകരോട് സംവദിക്കുന്നതാണ്" -വളരെ കുറഞ്ഞ വാക്കുകളിൽ ഉത്തരം പറയുന്ന രീതിയെ കുറിച്ച് ആരാഞ്ഞപ്പോൾ സംവിധായകന്‍റെ പ്രതികരണം ഇപ്രകാരമായിരുന്നു.
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഹിറ്റായ ഒരു വാക്കാണ് മമ്മൂട്ടി ചേട്ടൻ. മലയാളത്തിന്‍റെ സ്വന്തം ഭാവഗായകന്‍ പി ജയചന്ദ്രന്‍റെ വിടവാങ്ങൽ ദു:ഖത്തിലാണ് മമ്മൂട്ടി ചേട്ടൻ എന്ന സംഭവം വളരെയധികം തീവ്രതയോടെ ചർച്ച ചെയ്യപ്പെടാത്തത്. മമ്മൂട്ടി ചേട്ടനെ കുറിച്ചും ജോഫിന്‍ പ്രതികരിക്കുന്നുണ്ട്.
"മമ്മൂട്ടി ചേട്ടൻ രേഖാചിത്രത്തിലെ വളരെ നിർണ്ണായകമായ ഒരു പേരാണ്. സിനിമയുടെ റിലീസിന് മുൻപ് തന്നെ മെഗാസ്‌റ്റാർ മമ്മൂട്ടിയുടെ ചിത്രത്തിലെ പ്രസൻസിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയർന്നിരുന്നു. രേഖാചിത്രത്തിൽ മമ്മൂട്ടി ഉണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നൊരു അടിവരയിട്ട മറുപടി ഞാൻ നൽകിയിട്ടില്ല. സിനിമ റിലീസ് ചെയ്തെങ്കിലും മമ്മൂട്ടി ചേട്ടനെ കുറിച്ച് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്.
കൂടുതലായി എന്തെങ്കിലും വെളിപ്പെടുത്തിയാൽ ഇനി ചിത്രം കാണാനിരിക്കുന്ന പ്രേക്ഷകരുടെ ആസ്വാദന തലത്തിൽ രസം കൊല്ലൽ സംഭവിക്കും. അതിന് ഞാൻ തയ്യാറല്ല. ഇന്ത്യൻ സിനിമയിലെ സൂപ്പർ താരമാണ് മമ്മൂട്ടി. എങ്കിലും നല്ല സിനിമകളുടെ ഒപ്പം നിൽക്കാൻ അദ്ദേഹത്തെ പോലൊരു നടൻ കാണിക്കുന്ന മനസ്സ് വളരെ വലുതാണ്.
ഒരു സിനിമയെ പിന്തുണയ്ക്കുന്നതിന് സംവിധായകൻ പുതിയ ആളാണോ നടൻ തന്നെക്കാൾ ചെറിയ ആളാണോ എന്നൊന്നും മമ്മൂട്ടി ഒരിക്കലും ചിന്തിക്കില്ല. നിരവധി പുതുമുഖ സംവിധായകരെ മലയാള സിനിമയിലേക്ക് കൈപിടിച്ചു കയറ്റിയ ചരിത്രമാണ് മമ്മൂട്ടി എന്ന നടന് പറയാനുള്ളത്. എന്താണ് മമ്മൂട്ടി ചേട്ടൻ എന്നുള്ളത് രേഖാചിത്രം എന്ന സിനിമ പ്രേക്ഷകർ കണ്ടു മനസ്സിലാക്കിയാൽ നന്ന്," ജോഫിൻ ടി ചാക്കോ പറഞ്ഞു.
മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം 'നേരി'ലെ പ്രകടനമാണ് അനശ്വര രാജന് 'രേഖാചിത്ര'ത്തിലേയ്‌ക്ക് അവസരം ലഭിക്കാന്‍ കാരണമായത്. ഇതേകുറിച്ചും സംവിധായകന്‍ വിശദീകരിച്ചു.
"2018ൽ ആയിരുന്നു രേഖാചിത്രം എന്ന സിനിമയുടെ ആദ്യ രൂപം ചർച്ചയിലൂടെ ഉടലെടുക്കുന്നത്. സിനിമയുടെ കഥ രൂപപ്പെട്ടത് മുതൽ ആസിഫ് അലി തന്നെ പ്രധാന വേഷം കൈകാര്യം ചെയ്യണം എന്നുണ്ടായിരുന്നു മനസ്സിൽ. എന്നാൽ അനശ്വര രാജനെ കുറച്ച് വളരെ വൈകിയാണ് ചിന്തിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്‌ത മോഹൻലാൽ ചിത്രം നേരിലെ പ്രകടനം കണ്ടാണ് അനശ്വര രാജനെ ചിത്രത്തിലേക്ക് ആലോചിക്കുന്നത്. അനശ്വരയെ രേഖാചിത്രം എന്ന സിനിമയിലേക്ക് ആലോചിക്കുന്നതിന് മുൻപ് ഏതെങ്കിലും പുതുമുഖ നായികയെ കാസ്‌റ്റ് ചെയ്‌താലോ എന്നായിരുന്നു ചിന്ത. അതിന് വേണ്ടി കാസ്‌റ്റിംഗ് കോൾ വരെ വിളിച്ചിരുന്നു. പക്ഷേ സിനിമ ഓൺ ആയപ്പോൾ അനശ്വരയെക്കാൾ മികച്ച ഒരാളെ കണ്ടെത്താനായില്ല," ജോഫിൻ ടി ചാക്കോ വിശദീകരിച്ചു.
രേഖാചിത്രത്തില്‍ ആസിഫ് അലിയെ തിരഞ്ഞെടുക്കാനുണ്ടായ കാര്യത്തെ കുറിച്ചും ജോഫിന്‍ പങ്കുവച്ചു. "ഇതുവരെ അധികം പൊലീസ് വേഷം കൈകാര്യം ചെയ്യാത്ത ഒരു നടൻ എന്ന രീതിയിലായിരുന്നു ആസിഫ് അലിയെ ആദ്യമെ തന്നെ ഈ സിനിമയുടെ ഭാഗമാക്കാൻ ആലോചിച്ചത്. ഇത് താൻ ഡ പൊലീസ് എന്നൊരു ചിത്രത്തിൽ മാത്രമാണ് രേഖാചിത്രത്തിന്‍റെ ചർച്ചകൾ പുരോഗമിക്കുമ്പോൾ ആസിഫ് പൊലീസ് വേഷത്തിൽ അഭിനയിച്ചിട്ടുള്ളത്. പിന്നീട് കുറ്റവും ശിക്ഷയും, തലവൻ തുടങ്ങി നിരവധി സിനിമകളിൽ മികച്ച പൊലീസ് കഥാപാത്രങ്ങൾ ആസിഫ് അലിയുടെ ഭാഗത്ത് നിന്നും സംഭവിച്ചു," അദ്ദേഹം പറഞ്ഞു.
സുഹൃത്ത് രാമുവാണ് രേഖാചിത്രത്തിന്‍റെ ആദ്യ ആശയം തന്നോട് പറയുന്നതെന്നും സംവിധായകന്‍ പറഞ്ഞു. "2018ൽ വിനീത് ശ്രീനിവാസൻ നായകനായ അരവിന്ദന്‍റെ അതിഥികൾ എന്ന സിനിമ തിയേറ്ററിൽ കണ്ടുകൊണ്ടിരിക്കുമ്പോൾ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് രാമുവാണ് രേഖാചിത്രത്തിന്‍റെ ആദ്യ ആശയം എന്നോട് പറയുന്നത്. സിനിമയുടെ ഇന്‍റർവെൽ സമയത്ത് ആശയത്തെ കുറിച്ച് കൂടുതൽ സംസാരിച്ചു. ആശയത്തിന് ആദ്യാവസാന പൂർണ്ണത ഉണ്ടായിരുന്നില്ലെങ്കിലും മികച്ച ഒരു സിനിമയ്ക്കുള്ള സ്‌പാർക്ക് രാമു പറഞ്ഞ ആശയത്തിന് ഉണ്ടായിരുന്നു. പിന്നീട് ആശയം ഡെവലപ്പ് ചെയ്‌തു. പക്ഷേ തിരക്കഥയ്ക്ക് ഒരു പൂർണ്ണത പെട്ടെന്ന് സംഭവിച്ചില്ല. അതിനിടയിൽ മമ്മൂട്ടിയെ നായകനാക്കി പ്രീസ്‌റ്റ് എന്നൊരു സിനിമ സംഭവിക്കുന്നു," ജോഫിൻ ടി ചാക്കോ പറഞ്ഞു.
പ്രീസ്‌റ്റിന് ശേഷം പൂർണ്ണമായും രേഖാചിത്രത്തിന്‍റെ പണിപ്പുരയിൽ ആയിരുന്നുവെന്നും ഏകദേശം അഞ്ച് വർഷം കൊണ്ടാണ് രേഖാചിത്രം എന്ന സിനിമയുടെ ആശയം മികവാർന്ന രീതിയിൽ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
"പ്രീസ്‌റ്റ് എന്ന സിനിമയ്ക്ക് ശേഷം അവസരങ്ങൾ ലഭിച്ചില്ലേ? എന്നുള്ള ചോദ്യം തന്നെ സംബന്ധിച്ചിടത്തോളം സർവ്വസാധാരണമായിരുന്നു. അവസരങ്ങൾ ലഭിക്കാത്തത് കൊണ്ടല്ല. രേഖാചിത്രത്തെ തിരശീലയിൽ എത്തിക്കാൻ വർഷങ്ങളുടെ അധ്വാനം വേണ്ടിവന്നിരുന്നു. ഊണും ഉറക്കവും മറ്റ് അവസരങ്ങളും ഉപേക്ഷിച്ച് രേഖാചിത്രത്തിന്‍റെ പൂർണതയ്‌ക്ക് വേണ്ടി പ്രവർത്തിക്കുകയായിരുന്നു ഞാൻ," ജോഫിൻ ടി ചാക്കോ കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ മലയാളത്തിൽ ഏറ്റവും കുറച്ച് ദിവസം കൊണ്ട് ഷൂട്ട് ചെയ്‌ത് തീർത്ത ചിത്രങ്ങളിൽ ഒന്നാണ് രേഖാചിത്രമെന്നും സംവിധായകന്‍ പറഞ്ഞു. "ഒരു സിനിമയുടെ ചിത്രീകരണ വേളയിൽ അഭിനേതാക്കളിൽ നിന്നൊക്കെ മികച്ച ചില എക്‌സ്‌പീരിയൻസുകൾ ലഭിക്കാറുണ്ട്. എന്നാൽ രേഖാചിത്രം എന്ന സിനിമ ചിത്രീകരിക്കുമ്പോൾ എടുത്തു പറയാൻ പോകുന്ന തക്കത്തിലുള്ള ഒരു അനുഭവങ്ങളും എനിക്കുണ്ടായിട്ടില്ല. അതെന്താ അങ്ങനെയെന്ന് ചോദിച്ചാൽ സിനിമയുടെ ടൈറ്റ് ഷെഡ്യൂൾ തന്നെയാണ് കാരണം. ഏകദേശം 60 ദിവസം കൊണ്ടാണ് എറണാകുളം തൃശൂർ ഭാഗങ്ങളിലായി രേഖാചിത്രം പൂർത്തിയാക്കിയത്.
അടുത്തിടെ മലയാളത്തിൽ ഏറ്റവും കുറച്ചുദിവസം കൊണ്ട് ഷൂട്ട് ചെയ്‌ത് തീർത്ത ചിത്രങ്ങളിൽ ഒന്നാണ് രേഖാചിത്രം. ഒരു സീനിൽ നിന്ന് അടുത്ത സീനിലേക്കുള്ള ഇടവേളകളില്ലാത്ത പ്രയോണമായിരുന്നു ഓരോ ദിവസവും. ഷൂട്ടിംഗ്.. ഷൂട്ടിംഗ്.. ഷൂട്ടിംഗ്... അതുതന്നെയാണ് സെറ്റിലെ വലിയ അനുഭവം. ആസിഫ് അലിയെ പോലുള്ള ഒരു താരം ഒരു പരിഭവവും കൂടാതെ ഞങ്ങളുടെ ചിത്രീകരണ വേഗതയ്ക്ക് അനുസരിച്ച് സഹകരിച്ചു. അത് വലിയ കാര്യമാണ്. ആസിഫിനോട് പ്രത്യേകം നന്ദി പറയുന്നു. ജോഫിൻ ടി ചാക്കോ പറഞ്ഞു.
ഒരുപാട് പേരുടെ മുന്നില്‍ കഥ പറഞ്ഞ സിനിമയുടെ റെക്കോർഡും രേഖാചിത്രത്തിനുണ്ട്. ഇതേകുറിച്ചും സംവിധായകന്‍ വെളിപ്പെടുത്തി. "ഒരുപക്ഷേ ഏറ്റവും അധികം വ്യക്‌തികൾക്ക് മുന്നിൽ കഥ പറഞ്ഞ സിനിമയുടെ റെക്കോർഡ് രേഖാചിത്രത്തിന് ആണെന്ന് പറഞ്ഞാൽ അതിശയോക്തിപ്പെടേണ്ട കാര്യമില്ല. ജീവിതവും സെല്ലുലോയിടും ഇടകലരുന്ന ഒരു കഥയാണ് രേഖാചിത്രം പറയുന്നത്. ജീവിച്ചിരിക്കുന്നവരും മരിച്ചവരും ആയ ഒരുപാട് വ്യക്‌തികളുടെ ജീവിതത്തിലൂടെ സിനിമയുടെ കഥ പറഞ്ഞു പോകുന്നുണ്ട്.
സിനിമയിൽ പ്രതിപാദിക്കുന്ന ജീവിച്ചിരിക്കുന്നവരുടെയും മരിച്ചു പോയവരുടെയും ഒക്കെ അനുമതിയില്ലാതെ ഈ ചിത്രം തിയേറ്ററിൽ എത്തുകയില്ല. അതുകൊണ്ടുതന്നെ ഒരുപാട് പേരുടെ എൻഒസി ഈ സിനിമയ്ക്ക് വേണ്ടി വാങ്ങേണ്ടിയിരുന്നു. മരിച്ചുപോയവരുടെ ബന്ധുക്കളെ കണ്ടെത്തി ചിത്രത്തിന്‍റെ കഥ പറഞ്ഞ് കൺവിൻസ് ചെയ്‌തിട്ട് വേണം നോൺ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങാൻ.
സാധാരണ ഒരു സംവിധായകന് നിർമ്മാതാവിനോടും കഥാനായകനോടും സിനിമയുടെ ആശയം പറഞ്ഞു ബോധിപ്പിച്ചാൽ മതിയാകും. ഞങ്ങൾ എത്ര പേരോട് കഥ പറഞ്ഞു എന്നുള്ളതിൽ കണക്കില്ല. ഇത്തരം ആൾക്കാരോട് കഥ പറഞ്ഞു ബോധിപ്പിച്ച് എൻഒസി വാങ്ങിയതിന് ശേഷമാണ് തിരക്കഥാ രചന ആരംഭിച്ചത് പോലും," ജോഫിൻ വ്യക്തമാക്കി.
റിലീസിന് മുമ്പ് സിനിമയെ കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താനാവാത്ത സാഹചര്യത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. "ഏതൊരു സംവിധായകനും സിനിമയുടെ പ്രൊമോഷണൽ വേളയിൽ ആ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്താൻ ഒരുപാട് കാര്യങ്ങൾ ഉണ്ടാകും. പക്ഷേ രേഖാചിത്രം എന്ന സിനിമയെ സംബന്ധിച്ചിടത്തോളം എന്തുപറഞ്ഞാലും അതൊരു സ്പോയിലർ ആയി മാറും. അതുകൊണ്ടുതന്നെ സിനിമയെ കുറിച്ച് സംസാരിക്കുമ്പോൾ വളരെയധികം വാക്കുകളെ നിയന്ത്രിക്കേണ്ടിയിരിക്കുന്നു," ജോഫിൻ പറഞ്ഞു.
പണ്ട് ജീവിച്ചിരുന്ന ഒരുപാട് ആൾക്കാരുടെ ജീവിതത്തിലൂടെ രേഖാചിത്രം സഞ്ചരിക്കുന്നുണ്ടെന്നും പക്ഷേ അവരെയൊന്നും ഒരുതരത്തിലും ദോഷമായി ബാധിക്കാത്ത രീതിയിലാണ് സിനിമയുടെ കഥ പറഞ്ഞു പോയിരിക്കുന്നതെന്നും സംവിധായകന്‍ വ്യക്‌തമാക്കി.
"അന്ന് അങ്ങനെയൊക്കെ സംഭവിച്ചിരുന്നെങ്കിൽ ഇന്ന് എങ്ങനെ ആകുമായിരുന്നു. അതാണ് രേഖചിത്രത്തിന്‍റെ അടിവരയിട്ട് പറയാവുന്ന ഒരാശയം. അന്ന് അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. അങ്ങനെയൊക്കെ സംഭവിച്ചിരുന്നു എന്നുള്ളത് ഞങ്ങളുടെ ചിന്തയാണ്. അത്തരമൊരു കാര്യം പണ്ട് ജീവിച്ചിരുന്നവരുടെ ജീവിതത്തിലൂടെയും ഇപ്പോൾ ജീവിക്കുന്നവരിലൂടെയും കഥ പറയുന്ന ഒരു രീതി. അത്രയേ ഉള്ളൂ രേഖാചിത്രം," ജോഫിൻ ടി ചാക്കോ പറഞ്ഞു.