ന്യൂഡൽഹി: ചേരി നിവാസികൾക്കെതിരെ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ നാളെ തുറന്നു കാട്ടുമെന്ന് ആംആദ്‌മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. ബിജെപിയുടെ വൃത്തികെട്ട ഉദ്ദേശ്യങ്ങൾ തുറന്നുകാട്ടുന്നതിനായി ജനുവരി 12 ന് പത്ര സമ്മേളനം നടത്തുമെന്നാണ് കെജ്‌രിവാളിന്‍റെ പ്രഖ്യാപനം. തെരഞ്ഞെടുപ്പിനുശേഷം ബിജെപി പൊളിച്ചുമാറ്റാൻ പദ്ധതിയിട്ടിരിക്കുന്ന ഒരു ചേരിയിലാണ് പത്രസമ്മേളനം നടക്കുകയെന്നും കെജ്‌രിവാള്‍ എക്‌സില്‍ കുറിച്ചു.
അമിത് ഷാ കള്ളം പറഞ്ഞ് തന്നെയും ഡൽഹിയിലെ ജനങ്ങളെയും ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'ഇന്ന് അമിത് ഷാ ജി എന്നെയും ഡൽഹിയിലെ ജനങ്ങളെയും ഒരുപാട് അധിക്ഷേപിച്ചു. ഇതിന് ഡൽഹിയിലെ ജനങ്ങൾ തെരഞ്ഞെടുപ്പിൽ ഉത്തരം നൽകും. ചേരി നിവാസികളോട് അമിത് ജി ഒരുപാട് നുണകൾ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തെരഞ്ഞെടുപ്പിന് ശേഷം അവർ പൊളിക്കാൻ ഉദ്ദേശിക്കുന്ന ഒരു ചേരിയിൽ നിന്ന് നാളെ രാവിലെ ഞാൻ വാർത്താസമ്മേളനം നടത്തും. ബിജെപിയുടെ വൃത്തികെട്ട ഉദ്ദേശ്യങ്ങൾ മുഴുവൻ തെളിവുകളും സഹിതം തുറന്നുകാട്ടും'- അരവിന്ദ് കെജ്‌രിവാള്‍ പോസ്റ്റില്‍ പറയുന്നു.
കെജ്‌രിവാളിന്‍റെ 'ശീഷ് മഹലിലെ' ടോയ്‌ലറ്റ് ദേശീയ തലസ്ഥാനത്തെ ചേരികളേക്കാൾ ചെലവേറിയതാണ് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പറഞ്ഞിരുന്നു. ന്യൂഡൽഹിയിൽ നടന്ന 'ചേരി നിവാസികളുടെ സമ്മേളനത്തിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
ചേരി നിവാസികളുടെ എല്ലാ പ്രശ്‌നങ്ങളുടെയും പട്ടിക തയ്യാറാക്കി ബിജെപി ദേശീയ പ്രസിഡന്‍റ് ജെപി നദ്ദയ്ക്കും പ്രധാനമന്ത്രി മോദിക്കും നൽകിയിട്ടുണ്ടെന്നും എല്ലാ പ്രശ്‌നങ്ങളിൽ നിന്നും ആശ്വാസം നല്‍കുന്നതാണ് ബിജെപിയുടെ പ്രകടന പത്രിക എന്നും അമിത് ഷാ ഇവിടെ പറഞ്ഞിരുന്നു.
ഫെബ്രുവരി 5 ന് ആണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഫെബ്രുവരി 8 ന് നടക്കും.