പത്തനംതിട്ട: കായിക താരമായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച റിപ്പോർട്ട് അടിയന്തരമായി നൽകാൻ പത്തനംതിട്ട എസ്‌പിയോട് കേരള വനിത കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ പി സതീദേവി ആവശ്യപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷന്‍റെ നിർദേശം. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.
കായിക താരമായ പെൺകുട്ടിയെ 64 പേർ പീഡിപ്പിച്ചു എന്നാണ് പരാതി. പെൺകുട്ടി 16 വയസ് മുതൽ പീഡിപ്പിക്കപ്പെടുന്നുണ്ട്. സ്‌കൂളിൽ വച്ചും കായിക ക്യാമ്പിൽ വച്ചും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
അറസ്റ്റിലായവരുടെ എണ്ണം 20 ആയി
കായിക താരത്തെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. കേസിൽ 62 പേരെ പൊലീസ് തിരിച്ചറിഞ്ഞു. റാന്നിയില്‍ നിന്ന് പിടിയിലായ ആറ് പ്രതികളുടെ അറസ്റ്റ് കൂടി ഇന്ന് രേഖപ്പെടുത്തി.
നേരത്തേ കേസില്‍ 14 പേർ അറസ്റ്റിലായിരുന്നു. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ മൂന്ന് പേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്.
പിടിയിലായവരില്‍ നവ വരനും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇന്നലെ അറസ്റ്റിലായ സുബിൻ ആണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്.
പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ സുബിൻ മൊബൈല്‍ ഫോണില്‍ പകർത്തി പ്രചരിപ്പിച്ചു. തുടർന്ന് ഇയാള്‍ പെണ്‍കുട്ടിയെ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ എത്തിച്ചുവെന്നും പൊലീസ് പറയുന്നു. പ്ലസ് ടു വിദ്യാർഥി ഉള്‍പ്പെടെയാണ് 14 പേർ അറസ്റ്റിലായത്.