ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ആഗോളതലത്തില്‍ തകര്‍ത്തോടുകയാണ്. മികച്ച അഭിപ്രായമാണ് ലോക സിനിമാ പ്രേമികളില്‍ നിന്നും തുടക്കം മുതല്‍ ലഭിച്ചുകൊണ്ടിരുന്നത്. മാര്‍ക്കോ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാവുമോയെന്നായിരുന്നു പലരുടെയും സംശയം. അതിന്‍റെ ചില സൂചനകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
രണ്ടാം ഭാഗത്തില്‍ വില്ലനായി എത്തുന്നത് തമിഴ് സൂപ്പര്‍ താരം ചിയാന്‍ വിക്രം ആണെന്ന അഭ്യൂഹങ്ങളും ഇതിനിടെ പരന്നു. ഇതോടെ സോഷ്യല്‍മ മീഡിയയിലെ ചര്‍ച്ചകള്‍ കൊഴുത്തു.
എന്നാല്‍ ആ വാര്‍ത്തകള്‍ക്ക് ഒന്നുകൂടി ആക്കം കൂട്ടുന്ന ചില ചിത്രങ്ങളാണ് അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ഇപ്പോള്‍ പുറത്തു വരുന്നത്. മാര്‍ക്കോയുടെ നിര്‍മാതാവ് മുഹമ്മദ് ഷെരീഫ് ചിയാം വിക്രമിനൊപ്പം നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് പ്രേക്ഷകരുടെ ആകാംക്ഷയും വര്‍ധിച്ചത്. വിക്രമിനൊപ്പം മകന്‍ ധ്രുവിനുമൊപ്പമുള്ള ചിത്രങ്ങളും ഷെരീഫ് പങ്കുവച്ചിട്ടുണ്ട്.
ചിയാന്‍ വിക്രമിനോടൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങള്‍ എന്ന് കുറിച്ചുകൊണ്ടാണ് ഷെരീഫ് ചിത്രങ്ങള്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം മാര്‍ക്കോയുടെ ടിക്കറ്റ് വില്‍പ്പനയും വന്‍ കുതിപ്പാണ് നടത്തുന്നത്. 1.8 മില്യണ്‍ ടിക്കറ്റുകളാണ് വിറ്റതെന്നാണ് ബുക്ക് മൈ ഷോയുടെ കണക്കു പ്രകാരം ഉണ്ണി മുകുന്ദന്‍ പങ്കുവയ്ക്കുന്നത്. 2024 ഡിസംബര്‍ 20 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ഹിന്ദി, തെലുഗു, തമിഴ് പതിപ്പിന് മികച്ച കലക്ഷനാണ് ചിത്രം നേടിയത്.