ഹൈദരാബാദ്:ബോക്‌സ് ഓഫീസിൽ പുതിയ റെക്കോഡുകൾ സൃഷ്‌ടിക്കുകയാണ് പ്രഭാസിന്‍റ കൽക്കി 2898 എഡി. എട്ട് ദിവസം കൊണ്ട് ബോക്‌സ് ഓഫീസിൽ ചിത്രം 700 കോടി പിന്നിട്ടു. കൽക്കി 2898 എഡിയുടെ അതിശയകരമായ ബോക്‌സ് ഓഫീസ് റൺ സൂചിപ്പിക്കുന്നത് ഇത് 1000 കോടി രൂപ കടക്കുന്ന പ്രഭാസിന്‍റെ രണ്ടാമത്തെ ചിത്രമായി മാറാൻ സാധ്യതയുണ്ടെന്നാണ്.
വെറും ഒരാഴ്‌ചയ്‌ക്കുള്ളിൽ, ഹൃത്വിക് റോഷൻ്റെ ഫൈറ്ററിനെ മറികടന്ന് 2024 ലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ രണ്ടാമത്തെ ഹിന്ദി ചിത്രമായി കൽക്കി 2898 എഡി മാറി. ചിത്രം രാജ്യവ്യാപകമായി 414 കോടി രൂപ നേടിയിട്ടുണ്ട്. ഹിന്ദി പതിപ്പ് മാത്രം 160 കോടി രൂപ നേടി. അതേസമയം, തെലുഗു റിലീസ് 210 കോടിക്ക് മുകളിലാണ് നേടിയത്.
എട്ടാം ദിവസം, ഇൻഡസ്ട്രി ട്രാക്കർ സാക്‌നിൽകിന്‍റെ കണക്കുകൾ പ്രകാരം 'കൽക്കി 2898 AD' ഇന്ത്യയിൽ 22.30 കോടി രൂപയുടെ വരുമാനം നേടിയതായി റിപ്പോർട്ട് ചെയ്‌തു. ജൂലൈ 4 ന്, ചിത്രം നാല് ഭാഷകളിലുമായി ഇന്ത്യയിൽ 22.3 കോടി രൂപ നേടിയതായി പറയപ്പെടുന്നു. ചിത്രത്തിൻ്റെ ഹിന്ദി, തെലുങ്ക് പതിപ്പുകൾ 10 കോടിയിലധികം രൂപയുടെ കളക്ഷനാണ് നേടിയത്.
പാൻ - ഇന്ത്യൻ വിജയമായി ഉയർന്നുവരുന്ന കൽക്കി 2898 എഡി വരും ദിവസങ്ങളിൽ നിരവധി ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർക്കുമെന്ന് പ്രവചിക്കപ്പെടുന്നു. ബാഹുബലി: ദി കൺക്ലൂഷൻ, കെജിഎഫ്: ചാപ്റ്റർ 2 തുടങ്ങിയ ബ്ലോക്ക്ബസ്‌റ്ററുകളുടെ റെക്കോർഡ് മറികടക്കാൻ കൽക്കി 2898 എഡിക്ക് കഴിയുമോ എന്നത് കണ്ട് തന്നെ അറിയണം.
ലോകമെമ്പാടും 1200 കോടി രൂപ കളക്ഷൻ നേടിയ ചിത്രമാണ് കെജിഎഫ് : ചാപ്റ്റർ 2 വും ബാഹുബലി: ദി കൺക്ലൂഷനും. എന്നിരുന്നാലും, കൽക്കി 2898 എഡി ഉടൻ തന്നെ 1000 കോടി കടക്കുമെന്ന വിശ്വാസത്തിലാണ് അണിയറ പ്രവർത്തകർ. ആഗോളതലത്തിൽ, ഏഴാം ദിവസം കൽക്കി 2898 എഡി 700 കോടി പിന്നിട്ടു, എട്ടാം ദിവസം 750 കോടി കവിയുമെന്നാണ് പ്രതീക്ഷ.
പ്രഭാസിന്‍റെ ബാഹുബലി 2: ദി കൺക്ലൂഷൻ ഇന്ത്യയിൽ മാത്രം 1429 കോടി രൂപയാണ് നേടിയത്, അങ്ങനെ 1000 കോടി ക്ലബ്ബിൽ ചേരുന്ന ആദ്യ ഇന്ത്യൻ ചിത്രമായി അത് മാറി. കൽക്കി 2898 എഡി എന്ന ചിത്രത്തിലൂടെ തൻ്റെ കരിയറിൽ മറ്റൊരു 1000 കോടി രൂപയുടെ ബ്ലോക്ക്ബസ്‌റ്റർ ചേർക്കാൻ ഒരുങ്ങുകയാണ് പ്രഭാസ്.
പ്രഭാസും സംവിധായകൻ നാഗ് അശ്വിനും ഒന്നിച്ച ഡിസ്‌റ്റോപ്പിയൻ സയൻസ് ഫിക്ഷൻ ചിത്രമായ 'കൽക്കി 2898 എഡി' തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. കമൽഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ , പ്രഭാസ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.
ഇന്ത്യൻ മിത്തോളജിയെ ഫ്യൂച്ചറിസ്‌റ്റിക് ഘടകങ്ങളുമായി ലയിപ്പിച്ച ചിത്രം നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ പ്രശംസ നേടിയിട്ടുണ്ട്. വിഷ്‌ണുവിൻ്റെ പത്താമത്തെ അവതാരമായ കൽക്കിയെ കേന്ദ്രീകരിച്ചുള്ള ഒരു തുടർച്ചയെക്കുറിച്ച് ചിത്രത്തിന്‍റെ അവസാനം സൂചന നൽകുന്നു, ഇത് പ്രേക്ഷകർക്ക് കൂടുതൽ ആവേശം വാഗ്‌ദാനം ചെയ്യുന്നു.
Also Read:എങ്ങും 'കൽക്കി' മയം; തിയേറ്ററുകൾ കീഴടക്കി പ്രഭാസ് ചിത്രം, സക്‌സസ് ട്രെയിലറും പുറത്ത്