ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ തേരോട്ടത്തില്‍ ആം ആദ്‌മി പാർട്ടി കനത്ത തിരിച്ചടിയാണ് നേരിട്ടത്. ആകെയുള്ള 70 സീറ്റുകളില്‍ 42 എണ്ണം സ്വന്തമാക്കിക്കൊണ്ട് സംസ്ഥാനത്ത് അധികാരമുറപ്പിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. 27 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് താമരപ്പാര്‍ട്ടി വീണ്ടും രാജ്യ തലസ്ഥാനത്ത് ഭരണത്തിലേറുന്നത്. ശക്തമായ പോരാട്ടമാണ് രാജ്യ തലസ്ഥാനത്ത് അരങ്ങേറിയത്.
ഇത് തെളിയിക്കുന്നതാണ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം. ആറ് പേർക്ക് 2,000 ൽ താഴെ മാത്രമാണ് ഭൂരിപക്ഷമുള്ളത്. ഇവരെല്ലാം ബിജെപിയിൽ നിന്നുള്ളവരാണ്. 344 വോട്ടിന് വിജയിച്ച ബിജെപിയുടെ ചന്ദന്‍ കുമാര്‍ ചൗധരിയാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ വിജയിച്ച സ്ഥാനാര്‍ഥി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആം ആദ്‌മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മടിയാല മഹൽ മണ്ഡലത്തിൽ മത്സരിച്ച അലി മുഹമ്മദ് ഇഖ്‌ബാലാണ് ഏറ്റവും വലിയ ഭൂരിപക്ഷം നേടിയ സ്ഥാനാര്‍ഥി. 42,724 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹം വിജയിച്ചത്. ആദ്‌മിയുടെ തന്നെ ചൗധരി സുബൈർ അഹമ്മദ് 42,477 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
ബിജെപിയുടെ ചന്ദ്രൻ കുമാർ ചൗധരിയെ കൂടാതെ രവി കാന്ത് (392), തർവീന്ദർ സിങ് മർവ (675), സൂര്യ പ്രകാശ് ഖത്രി (1168), ഉമങ് ബജാജ് (1231), ഗജേന്ദ്ര സിങ് യാദവ് (1782) എന്നിവരാണ് രണ്ടായിരത്തില്‍ താഴെ ഭൂരിപക്ഷത്തില്‍ വിജയിച്ച സ്ഥാനാര്‍ഥികള്‍.